തിമിര്‍ത്തു പെയ്യാതെ കാലവര്‍ഷം; സംസ്ഥാനം വരൾച്ചയിലേക്ക്, വൈദ്യുതി ഉല്‍പാദനം പ്രതിസന്ധിയില്‍
തിമിര്‍ത്തു പെയ്യാതെ കാലവര്‍ഷം; ആശങ്കയില്‍ കേരളം, വൈദ്യുതി ഉല്‍പാദനം പ്രതിസന്ധിയില്‍
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം മന്ദഗതിയില്‍ തുടരുന്നതോടെ മഴക്കുറവ് 40 ശതമാനം പിന്നിട്ടു. ഇന്നു വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 43 ശതമാനമാണ് മഴക്കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 14 വരെ 1541.0 എം.എം മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 877.1 എം.എം മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഒപ്പം കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരിയിലെ മാഹിയിലും ലക്ഷദ്വീപിലും മഴക്കുറവ് രേഖപ്പെടുത്തി.
ഓഗസ്റ്റ് മാസം ആദ്യ ആഴ്ചയില്‍ മഴയുടെ അളവില്‍ 88 ശതമാനമാണ് കുറവുണ്ടായത്. 120 മി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 14 മി മീ. മഴ മാത്രമാണ് പെയ്തത്. ഓഗസ്റ്റ് ഒന്നു മുതല്‍ 09 വരെയുള്ള കണക്കാണിത്. കാലവര്‍ഷത്തില്‍ ഇതുവരെ 43 ശതമാനം മഴ കുറഞ്ു. ഇടുക്കിയില്‍ 59, വയനാട്ടില്‍ 54, കോഴിക്കോട് 52 ശതമാനം വീതം മഴയുടെ അളവില്‍ കുറവുണ്ട്.
പസഫിക് സമുദ്രത്തില്‍ രൂപമെടുത്ത എല്‍നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് മണ്‍സൂണ്‍ ദുര്‍ബലമാക്കിയതെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷക്കാറ്റ് ശക്തിപ്പെടാത്തതും മഴ കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കുറഞ്ഞു നിന്നാല്‍ സ്ഥിതി സങ്കീര്‍ണമാകും. എന്നാല്‍ ഒറ്റപ്പെട്ട മഴ വൈകുന്നേരങ്ങളില്‍ കിഴക്കന്‍ മലയോര മേഖലയില്‍ ലഭിക്കും.
സംഭരണികളിലേക്കുള്ള നീരൊഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഴ വീണ്ടും ശക്തമായില്ലെങ്കില്‍ ജലസംഭരണികള്‍ വറ്റി വരളാന്‍ സാധ്യതയേറി. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ വന്‍കുറവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 54 അടി വെള്ളം കുറവാണ് ഇത്തവണ. മഴ പെയ്ത് ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ വൈദ്യുതി ഉല്‍പ്പാദനം കടുത്ത പ്രതിസന്ധി നേരിടും.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ. സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ളത് 31 ശതമാനം വെള്ളം മാത്രമാണ്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം വെള്ളം കുറവാണ്. 31 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് വൈദ്യുതി ഉല്‍പ്പാദനത്തിന് അവശേഷിക്കുന്നത്. മഴയുടെ അളവില്‍ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാന്‍ കാരണം.
ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ മൂലമറ്റത്ത് വൈദ്യുതി ഉല്‍പാദനം നിര്‍ത്തേണ്ടി വരും. ഇത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 17 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിച്ചിരുന്നത് ഇപ്പോള്‍ ആറ് ദശലക്ഷം യൂണിറ്റാക്കി കുറച്ചു. ഒരു ജനറേറ്റര്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. ചെറുകിട ജല വൈദ്യുത പദ്ധതികളില്‍ ഉല്‍പ്പാദനം കൂട്ടി ഇടുക്കിയില്‍ പരമാവധി വെള്ളം സംഭരിക്കാനുള്ള ശ്രമങ്ങളാണ് കെഎസ്ഇബി നടത്തുന്നത്.
സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും 10 മുതല്‍ 20 അടിവരെ ജലനിരപ്പില്‍ കുറവുണ്ട്. ജൂലൈ ആദ്യവാരം മുതല്‍ ഇടുക്കിയിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. മഴ നിലച്ചതോടെ മൂന്നു ദിവസമായി ജലനിരപ്പ് കുറഞ്ഞു വരികയാണ്. ഒരാഴ്ചയെങ്കിലും തുടര്‍ച്ചയായി മഴ പെയ്താല്‍ മാത്രമേ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇനി ശക്തമാകൂ. ഇടുക്കി ഉള്‍പ്പടെയുള്ള അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ തോതില്‍ വെള്ളം കുറഞ്ഞത് കെഎസ്ഇബിയ്ക്ക് വലിയ തലവേദനയാണ്. ഈ മാസം അവസാനത്തോടെ മഴ പെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് കെഎസ്ഇബി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."