വിദ്വേഷ പ്രചാരണം, ഭീഷണി, പേടിച്ച് നാട് വിട്ട് നൂഹിലെ മുസ്‌ലിങ്ങള്‍; മതേതര ഇന്ത്യയിലെ 77ാം സ്വാതന്ത്ര്യ ദിന കാഴ്ചകള്‍
വിദ്വേഷ പ്രചാരണം ഭീഷണി, പേടിച്ച് നാട് വിട്ട് നൂഹിലെ മുസ്‌ലിങ്ങള്‍; മതേതര ഇന്ത്യയിലെ 77ാം സ്വാതന്ത്ര്യ ദിന കാഴ്ചകള്‍
ഹിന്ദുത്വ സംഘങ്ങളുടെ ഭീഷണിയും വിദ്വേഷ പ്രചാരണവും മൂലം നാടു വിട്ട് നൂഹിലേയും ഗുരുഗ്രാമിലേയും മുസ്‌ലിങ്ങള്‍. ജീവനില്‍ കൊതി കൊണ്ട് താമസം മാറുകയാണെന്നാണ് ഇവര്‍ പറയുന്നത്. 77ാം സ്വാതന്ത്രദിനത്തില്‍ മതേതര ഇന്ത്യയിലെ കാഴ്ചകളിലൊന്നാണിത്.
'എന്റെ കുടുംബത്തിന് പണം വേണ്ട. ഞാന്‍ ഗ്രാമത്തിലേക്ക് തിരിച്ചു വരണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്' ബിഹാറില്‍ നിന്നുള്ള തൊഴിലാളിയായ ഇമ്രാന്‍ അലി പറയുന്നു. ജൂലൈ 31ന് ഗുരുഗ്രാമിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പ്രദേശത്ത് നിന്ന് പോയതാണ് ഇമ്രാന്‍. രണ്ടാഴ്ചക്കു ശേഷം ഇയാള്‍ തിരിച്ചു വന്നത് തന്റെ സാധനങ്ങള്‍ എടുക്കാനാണ്. തിരിച്ച് ഈ മണ്ണിലേക്കില്ലെന്ന് അയാള്‍ തീരുമാനിച്ചു. ജോലിയേക്കാള്‍ വലുതാണല്ലോ ജീവന്‍. പട്ടിണി കിടന്നാലും പ്രിയപ്പെട്ടവനെ കൊലക്ക് കൊടുക്കാനാവില്ലെന്ന് കുടുംബവും പറയുന്നു.
'ഗുരുഗ്രാമില്‍ ഇനി ജോലി ചെയ്യേണ്ടെന്ന് എന്റെ കുടുംബം എന്നോട് ശക്തമായി പറയുന്നു. എത്രയൊക്കെ സുരക്ഷയൊരുക്കുമെന്ന് പറഞ്ഞാലും എന്നെ വിടാന്‍ അവര്‍ ഒരുക്കമല്ല' - ഇമ്രാന്‍ പറയുന്നു.
ജൂലൈ 31ന് പൊട്ടിപ്പുറപ്പെട്ട വിശ്വഹിന്ദു പരിഷത്ത് കലാപത്തില്‍ നൂഹില്‍ ആറാളുകള്‍ കൊല്ലപ്പെടുകയും 88 പേര്‍ക്ക് അതിഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രദേശത്തെ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വംശീയ ഉന്മൂലനമായിരുന്നു നൂഹിലേതെന്ന് ഒരു പ്രദേശ വാസി പറയുന്നു. സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജില്‍ ഇയാളുടെ വീട് തകര്‍ക്കപ്പെട്ടിരുന്നു.
'ഞങ്ങള്‍ക്കെതിരെ തുറന്ന രീതിയില്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഹിന്ദുത്വ സംഘങ്ങള്‍. ഞങ്ങളെ ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെടുന്നു. ഞങ്ങളുടെ കടകളില്‍ നിന്ന് ഒരു വസ്തുവും വാങ്ങരുതെന്ന് ആവശ്യപ്പെടുന്നു. വീടുകള്‍ വാടകക്ക് നല്‍കരുതെന്ന് ആവശ്യപ്പെടുന്നു. അവര്‍ ഞങ്ങളുടെ ജീവിതോപാധികള്‍ തകര്‍ത്തു. നൂറുകണക്കിന് മുസ്‌ലിങ്ങള്‍ക്കാണ് ഇവിടം വിടേണ്ടി വന്നത്' ഗുരുഗ്രം സ്വദേശിയായ ഒരാള്‍ പറയുന്നു.
എന്നിരുന്നാലും ചിലര്‍ സംഘര്‍ഷം അടങ്ങിയപ്പോള്‍ നൂഹിലേക്ക് തിരിച്ചു വന്നിരുന്നു. മുസ്‌ലിങ്ങള്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് സംരക്ഷണം നല്‍കുന്നതില്‍ പൊലിസും ഭരണകൂടവും പൂര്‍ണമായി പരാജയപ്പെട്ടു' നഗരം വിടുന്നതിനിടെ അഹമദ് ഖാന്‍ എന്നയാള്‍ പറയുന്നു.
'ഈ രാജ്യത്തെ എല്ലാം അവരുടേതാണ് ഹിന്ദുത്വര്‍ കരുതുന്നത്. പൊലിസ്, ഭരണകൂടം എന്തിനേറെ വഴിനടക്കുന്ന റോഡുകള്‍ പോലും അവരുടേതാണെന്ന് അവര്‍ പറയുന്നു. ഈ രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലാത്തതുപോലെയാണ് അവര്‍സസംസാരിക്കുന്നത്' ഖാന്‍ കൂട്ടിച്ചേര്‍ത്തു.
കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം ഗുരുഗ്രാമില്‍ മുസ്‌ലിങ്ങളുടെ നിരവധി കുടിലുകള്‍ക്കും കടകള്‍ക്കും തീയിട്ടിരുന്നു. ഗുരുഗ്രാം സെക്ടര്‍ 57ല്‍ പണി നടന്നു കൊണ്ടിരുന്ന ഒരു പള്ളിയും അക്രമികള്‍ തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."