'എന്തടിസ്ഥാനത്തിലാണ് ബല്‍ക്കീസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചത്' ഗുജറാത്ത് സര്‍ക്കാരിനെ ചോദ്യംചെയ്ത് സുപ്രിംകോടതി
'എന്തടിസ്ഥാനത്തിലാണ് ബല്‍ക്കീസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചത്' ഗുജറാത്ത് സര്‍ക്കാരിനെ ചോദ്യംചെയ്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: ബല്‍ക്കീസ് ബാനു കേസിലെ 11 കുറ്റവാളികള്‍ക്ക് ജയില്‍ മോചനം നല്‍കിയതിനെതിരായ കേസില്‍ ഗുജറാത്ത് സര്‍ക്കാറിനോട് ചോദ്യശരങ്ങളുമായി സുപ്രിംകോടതി. കുറ്റവാളികള്‍ക്ക് ശിക്ഷയിളവ് അനുവദിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ഇതേ മാനദണ്ഡം എന്തുകൊണ്ട് മറ്റു കേസുകളില്‍ ജയിലില്‍ക്കഴിഞ്ഞവര്‍ക്ക് നല്‍കിയില്ലെന്നും ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
കുറ്റവാളികളെ പരിഷ്‌ക്കരിക്കാനും സമൂഹത്തിന് ഉപകാരപ്പെടും വിധം മാറ്റിയെടുക്കാനുമാണ് ശിക്ഷയിളവെങ്കില്‍ അതേ അവസരം മറ്റു കേസുകളില്‍ ജയിലില്‍ക്കഴിഞ്ഞവര്‍ക്കും നല്‍കേണ്ടതല്ലേയെന്ന് ബെഞ്ച് ചോദിച്ചു.
ചിലരുടെ മോചനത്തിനു മാത്രമായി സർക്കാരിന് നയം നിശ്ചയിക്കാനാവുമോ. 14 വർഷം പൂർത്തിയായ തടവുകാർക്ക് മോചനം നൽകുകയാണ് നയമെങ്കിൽ 14 വർഷം പിന്നിട്ടവർ വേറെയുമുണ്ടല്ലോ. അവർക്കൊന്നും ജയിൽ മോചനം നൽകാതിരുന്നത് എന്തുകൊണ്ടാണ്. ചിലരെ മാത്രം തെരഞ്ഞെടുത്ത് എങ്ങനെ മോചിപ്പിക്കാനാവുമെന്നും കോടതി ചോദിച്ചു.
1992ലെ നയത്തിന്റെ അടിസ്ഥാനത്തിലാണ് ജയിൽ മോചനമെന്ന് ഗുജറാത്ത് സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വാദിച്ചപ്പോഴായിരുന്നു സുപ്രിംകോടതിയുടെ ചോദ്യങ്ങൾ. വിചാരണത്തടവുകാരുടെ ബാഹുല്യം കൊണ്ട് ജയിൽ നിറഞ്ഞിട്ടും തടവുകാർക്ക് മോചനം നൽകിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ ചോദ്യങ്ങള്‍ക്കെല്ലാം പൊതുവായി മറുപടി പറയുക വിഷമമാണെന്നായിരുന്നു എസ്.വി രാജുവിന്റെ മറുപടി. കുറ്റവാളികള്‍ക്ക് ജയില്‍ മോചനം നല്‍കിയത് ചട്ടപ്രകാരമാണെന്നെ പറയാനാകൂ. 2008 മുതല്‍ അവര്‍ ജയിലില്‍ക്കഴിയുകയാണെന്നും എസ്.വി രാജു പറഞ്ഞു.
കുറ്റവാളികള്‍ക്ക് ജീവപര്യന്തമെന്നല്ലാതെ, എത്രകാലം ജയിലില്‍ക്കഴിയണമെന്ന് വിധിയിലുണ്ടായിരുന്നില്ലെന്ന വാദത്തെയും കോടതി ചോദ്യംചെയ്തു. ജീവപര്യന്തമെന്നാല്‍ ജീവിതകാലമാണ്. കാലാവധി വ്യക്തമാക്കിയില്ലെങ്കില്‍ 14 വര്‍ഷം കഴിഞ്ഞാല്‍ യോഗ്യതയില്ലെങ്കിലും പുറത്തിറങ്ങാമെന്നാണോയെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.
കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്ന മുംബൈയിലെ വിചാരണക്കോടതിയുടെ അഭിപ്രായം എന്തുകൊണ്ട് അവഗണിച്ചെന്ന് ഗുജറാത്ത് സര്‍ക്കാറിനോട് കോടതി ചോദിച്ചു. ജയില്‍ മോചനത്തിന് ആധാരമാക്കിയത് ഗോധ്ര കോടതിയുടെ അനുകൂല അഭിപ്രായമാണ്. വിചാരണ നടന്നത് മുംബൈയിലാണ്. എന്തുകൊണ്ടാണ് ജയില്‍ ഉപദേശക സമിതി കേസുമായി ബന്ധമില്ലാത്ത ഗോധ്ര കോടതിയുടെ അഭിപ്രായം തേടിയത്. ജയില്‍ മോചനം പാടില്ലെന്ന മുംബൈ കോടതിയുടെ അഭിപ്രായം എന്തുകൊണ്ട് അവഗണിച്ചുവെന്നും ജഡ്ജി ചോദിച്ചു.
വിചാരണ നടത്തിയ ജഡ്ജി വിരമിച്ചിരുന്നുവെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാറിന്റെ വാദം. ഇത് ബെഞ്ച് അംഗീകരിച്ചില്ല. വിരമിച്ചില്ലെങ്കിലും മൂന്ന് വര്‍ഷത്തില്‍ ജഡ്ജിമാര്‍ സ്ഥലംമാറിപ്പോകും. കേസ് കേട്ട ജഡ്ജിയില്ലെങ്കിലും കോടതിയെന്ന സംവിധാനം അവിടെയുണ്ട്. അതിനെയാണ് പരിഗണിക്കേണ്ടത്. വിചാരണ നീതിപൂര്‍വമാക്കാന്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റേണ്ടി വന്ന കേസാണിതെന്ന് ഓര്‍ക്കണം. കേസ് അന്വേഷിച്ച സി.ബി.ഐയുടെ അഭിപ്രായവും ശിക്ഷയില്‍ ഇളവ് നല്‍കുന്നതിന് എതിരായിരുന്നെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും മഹാരാഷ്ട്ര സര്‍ക്കാറിനോട് നിലപാട് തേടിയില്ലെന്നും ബല്‍ക്കീസിന്റെ അഭിഭാഷക ശോഭാ ഗുപ്ത ചൂണ്ടിക്കാട്ടി. കേസില്‍ കേന്ദ്ര സര്‍ക്കാറിനെയും കക്ഷി ചേര്‍ത്തിട്ടില്ല. ശിക്ഷയിളവ് ആവശ്യപ്പെട്ട് ഒരു കുറ്റവാളിയാണ് കോടതിയെ സമീപിച്ചത്. അയാളുടെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ മാത്രമാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ഇതിന്റെ മറപിടിച്ച് 11 പേര്‍ക്കും ഇളവ് നല്‍കിയെന്നും ശോഭാ ഗുപ്ത വാദിച്ചു. കേസില്‍ 24ന് വാദം തുടരും.
"how-could-bilkis-bano-convicts-be-released?"-supreme-court-to-gujarat
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."