സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ ലീഡേഴ്‌സ് മീറ്റ് സമാപിച്ചു
ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവാസ ലോകത്തെ പ്രഥമ സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ ലീഡേഴ്‌സ് മീറ്റിനു ഉജ്ജ്വല സമാപനം. ജിദ്ദയിലെ കറം ഹോട്ടലിലെ മർഹൂം എം സി സുബൈർ ഹുദവി നഗറിൽ നടന്ന ദേശീയ ലീഡേഴ്‌സ് മീറ്റ് എസ് എൻ ഇ സി സമിതിയംഗം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്തയുടെ പ്രവാസ ലോകത്തെ ഊന്നു വടിയാണ് എസ് ഐ സി യെന്നും സമസ്തയെ സ്നേഹിക്കുന്ന ലക്ഷോപലക്ഷം ആളുകൾ സമസ്തയുടെ ഏത് പദ്ധതിയും പൂർത്തീകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് സമസ്തയുടെ സാന്നിധ്യം മലയാളക്കരയിൽ വേണമെന്നതിനു തെളിവാണെന്നും മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഓരോ കാലഘട്ടത്തിലും സമസ്ത ആ കാലഘട്ടത്തിനാവശ്യമായ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. നിലവിൽ സമസ്ത പ്രഖ്യാപിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ പദ്ധതികളായ എസ് എൻ ഇ സി സമൂഹത്തിൽ പുതിയ പരിവർത്തനം സമ്മാനിക്കുമെന്നും ഇത് പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. എം സി സുബൈർ ഹുദവി സ്മാരക വിഖായ അവാർഡ് വിതരണം, വിഖായ സേവനത്തിനു നേതൃത്വം നൽകിയ മക്ക, മദീന, ജിദ്ദ സെൻട്രൽ കമ്മിറ്റികൾക്കുള്ള അവാർഡ് വിതരണം എന്നിവയും തങ്ങൾ കൈമാറി. ജിദ്ദ സെൻട്രൽ കമ്മിറ്റി ആതിഥേയത്വം വഹിച്ച നാഷണൽ കമ്മിറ്റിയുടെ ലീഡേഴ്‌സ് മീറ്റിൽ ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി അധ്യക്ഷത വഹിച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻ കുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ അട്ടപ്പാടി വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും മുഈനലി തങ്ങൾ നടത്തി. ജുമുഅക്ക് ശേഷം മർഹൂം എം സി സുബൈർ ഹുദവിയുടെ ഖബർ സിയാറത്തിന് ഒ എം എസ് തങ്ങൾ നേതൃത്വം നൽകി. ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷനിൽ ഉസ്മാൻ എടത്തിൽ ആമുഖഭാഷണം നടത്തി. നാഷണൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളട്ടൂർ, റാഫി ഹുദവി, ബഷീർ ബാഖവി, ഉസ്മാൻ എടത്തിൽ, അബൂബക്കർ താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."