സുര്‍ജീത് ഭവനിലെ ജി 20 വിരുദ്ധ സെമിനാറില്‍ പൊലിസ് നടപടി; ഗേറ്റുകള്‍ പൂട്ടി, പ്രവേശന വിലക്ക്
സുര്‍ജീത് ഭവനിലെ ജി 20 വിരുദ്ധ സെമിനാറില്‍ പൊലിസ് നടപടി
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് ബദലായി നടക്കുന്ന ന്യൂഡല്‍ഹിയിലെ സുര്‍ജീത് ഭവനിലെ വീ 20 സമ്മിറ്റില്‍ പൊലിസ് നടപടി. 'വീ 20 പീപ്പിള്‍സ് സമ്മിറ്റ്' നടക്കുന്നതിനിടെ' ഇന്ന് രാവിലെ 30 ഓളം പൊലിസുകാര്‍ സ്ഥലത്തെത്തി ഗേറ്റുകള്‍ പൂട്ടി. പരിപാടിക്ക് സംഘാടകര്‍ക്ക് 'അനുമതി' ഇല്ലെന്ന് ചൂണ്ടിക്കാട്ടി ആളുകളെ സെമിനാറിലേക്ക് പ്രവേശിക്കുന്നത് വിലക്കി. അകത്ത് തടിച്ചുകൂടിയ ആളുകളോട് പുറത്തിറങ്ങാന്‍ പൊലിസ് ആവശ്യപ്പെട്ടതായും സംഘാടകര്‍ പറഞ്ഞു.
സുര്‍ജിത് ഭവന് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കെട്ടിടത്തിലേക്കുള്ള ഗെയ്റ്റുകള്‍ പൂട്ടി. പങ്കെടുക്കാനെത്തിയവരോട് പ്രകോപനപരമായാണ് പൊലീസ് പെരുമാറിയത്.
'ജി 20 യിലും മറ്റ് ആഗോള ഫോറങ്ങളിലും അവകാശപ്പെടുന്നതുപോലെ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിലും പരിസ്ഥിതി, ജൈവവൈവിധ്യം, അനുബന്ധ മനുഷ്യാവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലും മോദി ഭരണകൂടം പ്രവർത്തിക്കുന്നുണ്ടോ?' എന്ന വിഷയത്തിലാണ് ഇന്ന് പ്രഭാഷണം നടക്കുന്നത്.
നൂറിലധികം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ജനാധിപത്യപരമായ ഇത്തരം സംഭാഷണങ്ങൾ എന്തുകൊണ്ട് തടയുന്നുവെന്ന് പോലീസ് വ്യക്തമാക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.
ജി20 ഉച്ചകോടിക്ക് ബദലായി വി20 സെമിനാര്‍ രണ്ട് ദിവസമായി ഇവിടെ നടക്കുകയായിരുന്നു. പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ടാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. മേധ പട്കര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഫാസിസ്റ്റ് നടപടിയാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ജയറാം രമേശ് പറഞ്ഞു. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇത്. പ്രതിപക്ഷത്തെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണ്. സമാധാനപരമായി നടക്കുന്ന പരിപാടിക്കെതിരെയാണ് പൊലീസ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."