മഥുര: പൊട്ടിത്തെറിക്കു വക്കിൽ
കെ.എ.സലിം
ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ കൈയിലുള്ള ഫോണും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെ കൗണ്ടറില്‍ നല്‍കണം. യഥേഷ്ടം അതിനുള്ളിലൂടെ നടന്നുകാണാം. ഇതിലൂടെയാണ് പള്ളിയുടെ മുന്നിലേക്കുള്ള വഴി. എന്നാലത് അടച്ചിട്ടിരിക്കുന്നു. പകരം പിന്നിലെ റയില്‍വേ ലൈന്‍ മുറിച്ചുകടന്ന് കാലിത്തൊഴുത്തുകള്‍ക്ക് ഇടയിലൂടെയുള്ള മലിന വഴിയിലൂടെ നടന്നാല്‍ ഗോവണികള്‍ കാണാം. അതിലൂടെ പള്ളിക്കുള്ളിലെത്താം. അവിടെയാകെ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. പള്ളിയില്‍ ഇപ്പോഴും സാധാരണപോലെ നിസ്‌കാരം നടക്കുന്നുണ്ടെന്ന ധാരണ തെറ്റായിരുന്നു. ചില സമയങ്ങളില്‍ മാത്രമാണ് നിസ്‌കാരം. നിസ്‌കാരത്തിന് അനുവദിച്ച സമയം മാത്രം ആധാര്‍ കാര്‍ഡ് കാണിച്ച് നിയന്ത്രണങ്ങളോടെ പ്രവേശിക്കാം. അല്ലാത്ത സമയങ്ങളില്‍ പ്രവേശനത്തിന് പൂര്‍ണമായും വിലക്കുണ്ട്. ഫോണുകള്‍ അനുവദനീയമല്ല. പള്ളിയുടെ ചിത്രങ്ങളെടുക്കാനും പാടില്ല. പടികള്‍ കയറി പള്ളി മുറ്റത്തെത്തുമ്പോള്‍ അവിടെ പൊലിസുകാര്‍ മാത്രമേയുള്ളൂ. മറ്റെല്ലാവര്‍ക്കും പ്രവേശനത്തിന് വിലക്കുണ്ടെന്ന് പൊലിസ് പറഞ്ഞു.
ജ്ഞാന്‍വാപി പള്ളി പോലെ ഷാഹി ഈദ്ഗാഹ് പള്ളിയും അവഗണനയില്‍ ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. കത്‌റ കേശവദേവ് ക്ഷേത്രം സംരക്ഷിക്കാന്‍ വര്‍ഷവും കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ ഷാഹി ഈദ്ഗാഹ് സംരക്ഷിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് മാത്രമല്ല അവഗണിച്ച് ഇല്ലാതാക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുമുണ്ട്.
ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ച് 145 വര്‍ഷങ്ങള്‍ക്കുശേഷം 1815ല്‍ ബനാറസിലെ രാജാ പട്‌നിമാലാണ് ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്ന് ഭൂമി വാങ്ങി അവിടെ ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നത്. 1944ല്‍ ഇൗ ഭൂമി വ്യവസായി ജുഗല്‍ കിഷോര്‍ ബിര്‍ലക്ക് വിറ്റു. 1951ല്‍ ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ സനാഥന്‍ എന്നൊരു ട്രസ്റ്റുണ്ടാക്കിയ ബിര്‍ല, ഇതിന്റെ നടത്തിപ്പ് ചുമതല അവര്‍ക്ക് നല്‍കി. പോത്രക്കുണ്ട് എന്നറിയപ്പെടുന്ന അനവധി ചവിട്ടുപടികളുള്ള കുളമാണ് ക്ഷേത്ര സമുച്ചയത്തിലെ പ്രധാന ഇടങ്ങളിലൊന്ന്. കേശവ് ദേവ് ക്ഷേത്രത്തിന് പുറമെ ശ്രീകൃഷ്ണന്‍ ജനിച്ചുവെന്ന് വിശ്വസിക്കുന്ന ജയില്‍ മുറിയുടെ രൂപത്തിലുള്ള ഗര്‍ഭഗൃഹ ക്ഷേത്രമാണ് ഈ സമുച്ചയത്തിലെ മറ്റൊരു സുപ്രധാന ക്ഷേത്രം.
അതായത് ശ്രീകൃഷ്ണ വിരാജ്മാനെന്ന ശ്രീകൃഷ്ണന്‍ ജനിച്ചതായി കണക്കാക്കുന്ന പ്രതിഷ്ഠ ഈ ക്ഷേത്രത്തിലുണ്ട്. കൃഷ്ണന്‍ ജനിച്ച സ്ഥലം അടയാളപ്പെടുത്തിവയ്ക്കുകയും ആരാധനാകര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്നു.
എന്നാല്‍ നൂറു മീറ്റര്‍ അപ്പുറത്തുള്ള ഷാഹി ഈദ് ഗാഹ് പള്ളിക്കുള്ളിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നും അവിടെയുണ്ടായിരുന്ന ജയില്‍ മുറിയും അനുബന്ധ ക്ഷേത്രവും തകര്‍ത്താണ് ഔറംഗസീബ് പള്ളി പണിതതെന്നുമാണ് സംഘ്പരിവാറിന്റെ വാദം. 1967ല്‍ ഇതു സംബന്ധിച്ച് ആദ്യത്തെ കേസ് വരുമ്പോള്‍ അതൊരു ഭൂമിത്തര്‍ക്കം മാത്രമായിരുന്നു. പള്ളി നില്‍ക്കുന്ന സ്ഥലം കത്‌റ കേശവ് ദേവ് ട്രസ്റ്റിൻ്റേതാണെന്നും അത് കൈമാറണമെന്നുമായിരുന്നു ആവശ്യം.
ക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മിച്ചുവെന്ന വാദം അന്നുണ്ടായിരുന്നില്ല. ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ സനാഥന്‍ രൂപം നല്‍കിയ ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ സേവ സംഘായിരുന്നു ഹരജിക്കാര്‍. നീതി തേടി ബാലനായ ശ്രീകൃഷ്ണന്‍ കോടതി കയറിയിറങ്ങിയിരുന്നുമില്ല. അതുകൊണ്ടുതന്നെ 1968 നവംബര്‍ 12ന് പള്ളിക്കമ്മിറ്റിയും ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ സേവ സംഘും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി. പള്ളിയുടെയും അതിന്റെ ഭുമിയുടെയും മേല്‍ അവകാശവാദം ഉന്നയിക്കില്ലെന്നും പള്ളി അവിടെ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നുമായിരുന്നു കരാറിന്റെ പ്രധാന ഭാഗം.
ഇതിനുവേണ്ടി രേഖാമൂലമുണ്ടാക്കിയ കരാര്‍ ഇപ്പോഴുമുണ്ട്. ഇതോടെ വിഷയം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ കരാര്‍ അംഗീകരിക്കില്ലെന്നാണ് ഇപ്പോള്‍ സംഘ്പരിവാറിന്റെ വാദം. ഈ കരാര്‍ നിയമവിരുദ്ധമാണെന്നും ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ സേവ സംഘിന് ഇത്തരത്തിലൊരു കരാറുണ്ടാക്കാന്‍ അധികാരമില്ലെന്നുമാണ് ഇവർ വാദിക്കുന്നത്. കരാര്‍ നടന്നത് 1991ലെ പ്ലേസ് ഓഫ് വോര്‍ഷിപ്പ് ആക്ടിന് മുമ്പാണ്. അതിനാല്‍ 1968ലെ കരാര്‍ നിലനില്‍ക്കില്ലെന്ന് കോടതിയില്‍ സ്ഥാപിക്കാനായാല്‍ അവകാശത്തര്‍ക്കം പ്ലേസ് ഓഫ് വോര്‍ഷിപ്പ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നാണ് കേസിലെ സംഘ്പരിവാര്‍ പക്ഷ അഭിഭാഷകരിലൊരാളായ ദീപക് ശര്‍മ പറയുന്നത്.
പള്ളി പൊളിക്കാന്‍ ഇപ്പോഴത്തെ തടസം ഈ കരാറാണെന്നും സംഘ്പരിവാര്‍ കരുതുന്നു. 2012ല്‍ പള്ളിയുമായി ബന്ധപ്പെട്ട് ചെറിയ സംഘർഷം നടന്നതൊഴിച്ചാല്‍ അടുത്ത കാലംവരെ ശാന്തമായിരുന്നു മഥുര. എന്നാല്‍ 2020 മുതല്‍ അങ്ങനെയല്ല കാര്യം, ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന വിധമാണ് മഥുരയുള്ളത്. സാധാരണ കൂലിത്തൊഴിലാളികളാണ് മഥുരയിലെ മുസ്‌ലിംകളില്‍ ഭൂരിഭാഗവും.
(തുടരും)
Content Highlights: Today's Article by k.a salim
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."