ഥാര്‍ മരുഭൂമിതാണ്ടിയ വിഭജനകാലം
പുസ്തകപ്പാത
വി. മുസഫര്‍ അഹമ്മദ്
ഇന്ത്യ-പാക് വിഭജന ആഖ്യാനങ്ങളില്‍ മരുഭൂമി അധികമായി കടന്നുവന്നിട്ടില്ല. രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ മരുഭൂമിയുണ്ടായിട്ടും. 2022ല്‍ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നേടിയ ഗീതാഞ്ജലി ശ്രീയുടെ 'ടൂമ്പ് ഓഫ് സാന്‍ഡ്' (ഹിന്ദിയില്‍ 'രേത് സമാധി') വിഭജന കാലത്തെ മരുഭൂ താണ്ടലിന്റെ കഥ കൂടിയാണ്. നോവലിന്റെ മലയാള പരിഭാഷ (പ്രസാധനം: മാതൃഭൂമി ബുക്സ്, വിവര്‍ത്തനം: ഡോ. കെ.വനജ) 'മണല്‍ സമാധി' വിഭജനകാലത്ത് മണലാരണ്യം താണ്ടി അതിജീവിച്ചവരുടെയും അതേ മണല്‍ക്കുന്നുകളില്‍ സമാധിയായ (മരിച്ചവരുടെയും) വരുടെയും കഥ മലയാളി വായനക്കാരിലേക്ക് നേരിട്ടു പകരുന്നു. എസ്.കെ പൊറ്റെക്കാട്ട് മരുഭൂമിയെ തന്റെ ആഫ്രിക്കന്‍ യാത്രയില്‍ വിശേഷിപ്പിച്ചത് വരണ്ട വിജനത എന്നാണ്. ആ വരണ്ട വിജനതയിലൂടെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ഒരു കൂട്ടം മനുഷ്യര്‍ നടത്തിയ യാത്രയുടെ കഥയാണ് ഗീതാഞ്ജലി ശ്രീ ഈ നോവലില്‍ മുഖ്യമായും രേഖപ്പെടുത്തുന്നത്. നോവല്‍ ആ മരുഭൂമിയുടെ പേര് കൃത്യമായി പറയുന്നുണ്ട്, ഥാര്‍.
വിഭജനകാലത്തെ ഫോട്ടോഗ്രാഫുകളില്‍ തീവണ്ടികളില്‍ തിങ്ങിനിറഞ്ഞ് ജീവനുംകൊണ്ട് സഞ്ചരിച്ചവരെയും എടുക്കാന്‍ പറ്റിയ സാധനങ്ങള്‍ വഹിച്ചുകൊണ്ട് കാല്‍നടയായി പോകുന്ന പുരുഷാരങ്ങളെയും കാണാം. എന്നാല്‍ നടന്നും ഇടയ്ക്ക് കിട്ടിയ വണ്ടികളിലും ഥാര്‍ മരുഭൂമി കടന്നുപോയവരുടെ രംഗങ്ങള്‍ അത്രയധികം കാണില്ല. ഗീതാഞ്ജലി ശ്രീ പ്രധാനമായും ശ്രമിക്കുന്നത് അധികമാരും രേഖപ്പെടുത്താത്ത ഈ മരുഭൂമി താണ്ടലാണ്. അതുതന്നെയാണ് ഇതേ പ്രമേയത്തിലുള്ള മറ്റു പല നോവലുകളില്‍ നിന്ന് ഈ കൃതിയെ വ്യത്യസ്തമാക്കുന്നതും. മരുഭൂമിയില്‍ വണ്ടികളില്‍ കൊണ്ടുവന്നിറക്കുന്നവര്‍ക്ക് പരസ്പരം ആശയ വിനിമയത്തിനായി ലഭിക്കുന്നത് വിസിലുകളാണ്. നടന്നു തളര്‍ന്ന് ബോധം നഷ്ടപ്പെട്ട് വീണ് പിന്നീട് ബോധം തിരിച്ചുകിട്ടുമ്പോള്‍ വിസില്‍ വിളിച്ചുനോക്കുകയാണ് ഓരോരുത്തരും.
വിസില്‍ വിളിക്ക് മറ്റൊരിടത്തു നിന്നും പ്രതികരണമുണ്ടാകുമ്പോള്‍ അങ്ങോട്ടു പോകും. അങ്ങനെ കണ്ടുമുട്ടുന്നവര്‍ വീണ്ടും ലക്ഷ്യസ്ഥാനത്തേക്ക് നടന്നു തുടങ്ങും. നോവലിലെ ഏറ്റവും വികാരതീവ്രമായ രംഗങ്ങള്‍ സംഭവിക്കുന്നത് ഥാര്‍ മരുഭൂമിയിലാണ്. നോവലിന്റെ പേജുകളുമായി ഒത്തുനോക്കുമ്പോള്‍ വളരെക്കുറിച്ച് ഭാഗം മാത്രമേ ഈ ആഖ്യാനം കടന്നു വരുന്നുള്ളൂ. ഈ ഭാഗത്തേക്ക് എത്തണമെങ്കില്‍ നോവലിന്റെ മുക്കാല്‍ ഭാഗത്തോളം വായിക്കണം. അത്രയും ക്ഷമയുള്ള ഒരു വായനക്കാരനേ കാമ്പ് സന്ദര്‍ശിക്കാന്‍ കഴിയൂ. ഹിന്ദിയില്‍ നോവല്‍ വേണ്ട വിധം വായനക്കാരിലേക്ക് എത്തിയില്ല. അതിനുള്ള കാരണം ഈ കൃതിയുടെ ഘടന തന്നെയാണ്. മണല്‍ സമാധി എന്താണെന്നറിയാന്‍ മുക്കാല്‍ ഭാഗത്തോളം വായിക്കണമെന്നതു തന്നെയാണ് ഹിന്ദി വായനക്കാരെ ബാധിച്ചതെന്നു കരുതാം.
ഹിന്ദിയില്‍ നിന്ന് നേരിട്ടുള്ള ഡെയ്‌സി റോക്ക്‌വെല്ലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം പക്ഷേ, മറ്റൊരു വായനാ സമൂഹത്തിലേക്ക് നോവലിനെ എത്തിച്ചു. ഡോ.കെ.കെ വനജയും ഹിന്ദിയില്‍ നിന്ന് നേരിട്ടാണ് മലയാള പരിഭാഷ നടത്തിയിരിക്കുന്നത്. അതിന്റെ തെളിമയും ഗുണവും പരിഭാഷ വായനയില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്.
അതിര്‍ത്തികളെക്കുറിച്ചുള്ള ഗീതാഞ്ജലി ശ്രീയുടെ അഭിപ്രായം മൗലികമാണ്. അവര്‍ പറയുന്നു: അതിര്‍ത്തികളെക്കുറിച്ച് എഴുതുക എന്നത് അത്യന്തം നിര്‍ഭാഗ്യകരം തന്നെയാണ്. വിഭജനം നടപ്പിലാക്കേണ്ടതും പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതും ഇങ്ങനെയല്ലായിരുന്നു. അതിര്‍ത്തികള്‍ ശത്രുതയെ കാത്തുസംരക്ഷിക്കുന്ന ഇടമാവരുത്. അതിരുകള്‍ കടക്കാനുള്ളതാണ്. കനപ്പെട്ടതും വിലപ്പെട്ടതുമായ കൈമാറ്റങ്ങള്‍ നടക്കേണ്ട ഇടങ്ങളാണ് അതിര്‍ത്തികള്‍. അതിരുകള്‍ ഉണ്ടാക്കേണ്ടത് സൗകര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം: ഈ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടാണ് വിഭജനവേളയില്‍ മരുഭൂമി താണ്ടിയ മനുഷ്യരുടെ അനുഭവങ്ങള്‍ അവര്‍ ആഴത്തില്‍ ആവിഷ്‌കരിച്ചത്.
നോവല്‍ ഇങ്ങനെ ആരംഭിക്കുന്നു: ഒരു കഥ, തന്റെ സ്വന്തം കഥപറയുകയാണ്. പൂർണ കഥയായിരിക്കത്തന്നെ അപൂർണമാണത്. കഥ പോലെ രസമുള്ള കഥ. അതില്‍ അതിരുകളുണ്ട്, സ്ത്രീകളും. അവര്‍ പോകുന്നു, വരുന്നു, എവിടെയും. സ്ത്രീയും അതിരും ചേരുമ്പോള്‍ തനിയെത്തന്നെ കഥ ജനിക്കുന്നു. എന്നിരുന്നാലും സ്ത്രീ സ്ത്രീ തന്നെയാണ്. കഥയാണ്. സുഗന്ധം നിറഞ്ഞത്. കാറ്റു വീശുമ്പോള്‍ കഥ പറന്നുയരുന്നു. മുളപൊട്ടുന്ന പുല്ല് കാറ്റിന്റെ ഗതിയില്‍ തന്നെ ഉയരത്തിലേക്കു കൊണ്ടു പോകുന്നു. അസ്തമയ സൂര്യന്‍ പോലും കഥയുടെ അനേകം റാന്തല്‍ വിളക്കുകള്‍ തെളിച്ച് മേഘങ്ങളില്‍ തൂക്കിയിടുന്നു. ഇതെല്ലാം കഥയില്‍ ഒന്നു ചേരുന്നു; വഴികള്‍ മുന്നോട്ടുപോകുന്നതുപോലെ, ഇടത്തോട്ടും വലത്തോട്ടും കറങ്ങിത്തിരിഞ്ഞും. എവിടെ നിര്‍ത്തണമെന്നു മനസിലാകുന്നില്ല: വിഭജനകാല ആഖ്യാനം അതിന്റെ വഴിയിലേക്ക് നോവലിന്റെ ആദ്യ വാചകങ്ങളില്‍ തന്നെ പ്രവേശിക്കുന്നു. എവിടെ നിര്‍ത്തണമെന്ന് മനസിലാകാത്ത ആഖ്യാനത്തിലേക്കാണ് ആദ്യ ഖണ്ഡികയില്‍ തന്നെ നോവലിസ്റ്റ് വായനക്കാരെ ക്ഷണിക്കുന്നത്.
കിടപ്പിലായ അമ്മയാണ് നോവലിലെ ആഖ്യാന കേന്ദ്രം. അവരെ കാണാന്‍ ഇടക്കിടെ ട്രാന്‍സ് ജന്‍ഡറായ റോസി എത്തുന്നു. മക്കളേക്കാള്‍ അമ്മക്ക് അടുപ്പം റോസിയോടാണ്. വാര്‍ധക്യത്തില്‍ കിടപ്പിലായ നിലയില്‍ തന്റെ അഭിലാഷം പാകിസ്താനിലേക്ക് പോവുക എന്നതാണെന്നു പറഞ്ഞ് അമ്മ മക്കളെ ഞെട്ടിക്കുന്നു. അവിടെ അന്‍വറുണ്ട്. അവനെ കാണണം- ഥാര്‍ മരുഭൂമി കടന്ന് ഇന്ത്യയിലേക്ക് ഓടിപ്പോരുമ്പോള്‍ അവര്‍ക്ക് അന്‍വറിനെ നഷ്ടപ്പെട്ടു. (അവന്റെ ഓർമയ്ക്കായി സൂക്ഷിച്ച വൃദ്ധനായ ബുദ്ധന്റെ പ്രതിമയും നഷ്ടമായി)ആ ഓട്ടത്തില്‍ റോസിയെ കൈയില്‍ കിട്ടുകയും ചെയ്തു. ഇന്ത്യയില്‍ അവര്‍ വിവാഹിതയായി. കുടുംബിനിയായി. അമ്മയായി. പക്ഷേ, ഓർമകളുടെ പിന്‍വിളികളില്‍ അന്‍വറും പാകിസ്താനും തെളിഞ്ഞുനിന്നു. ഈ പ്രമേയത്തിന്റെ പല അതിരുകളിലേക്കും അതിനപ്പുറത്തേക്കും 540 പുറങ്ങളില്‍ നോവല്‍ സഞ്ചരിക്കുന്നു.
നോവലിലെ ഏറ്റവും ശക്തമായ രംഗങ്ങളിലൊന്ന് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സ്വപ്‌നമെന്നോ യാഥാര്‍ഥ്യമെന്നോ പറയാന്‍ കഴിയാത്ത ഒരു മുഹൂര്‍ത്തമാണ് അതിങ്ങനെ: വാഗാ ബോര്‍ഡര്‍ വന്നു കഴിഞ്ഞപ്പോള്‍ പാട്ടും ഡ്രാമയും കഥയും പാര്‍ട്ടീഷന്റേതാണ്. ചെറുതാകുന്ന സ്ത്രീയുടെ അനുഭവങ്ങള്‍ വിവരിക്കുമ്പോഴുണ്ടാകുന്ന ഓരോ കഥയും പാര്‍ട്ടീഷന്‍ സ്റ്റോറിയാണ്. പ്രേമം, സ്‌നേഹം, ആഗ്രഹം, ഉത്സാഹം, വേദന, വേര്‍പാട്, ഭയം, മുറിവ്. പ്രകടമല്ലെങ്കിലും അന്തരീക്ഷത്തില്‍ ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു, ഇരിക്കുന്നു. കാരണം ഒരു ലൈനില്‍ എഴുത്തുകാര്‍ വന്നിരിക്കുന്നു, ഫോര്‍മല്‍ ഡിന്നറുകളില്‍ ഓരോ വ്യക്തിയുടെ മുമ്പിലും അവരുടെ പേരെഴുതിയ കാര്‍ഡ് വെക്കുന്നതു പോലെ, ഇവിടേയും നിരത്തിയിട്ടുണ്ട്. ഭീഷ്മ സാഹ്‌നി, ബല്‍വന്ത് സിങ്, ജോഗീന്ദര്‍ പാല്‍, മന്‍ടോ, രാഹീ മസൂം റജാ, ശാനി, ഇന്തസാര്‍ ഹുസൈന്‍, കൃഷ്ണാ സോബ്തി, ഖുശ്‌വന്ത് സിങ്, രാമാനന്ദ സാഗര്‍, മന്‍സൂര്‍ എഹതേ ശ്യാം, രാജീന്ദര്‍ സിങ് ബേദി ഇങ്ങനെ എണ്ണിക്കൊണ്ടിരിക്കാം: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന പേരുകള്‍ ഇന്ത്യ-പാക് വിഭജനം അടിസ്ഥാനമാക്കി നോവലും കഥകളും എഴുതിയ ഹിന്ദിയിലേയും ഉര്‍ദുവിലേയും പഞ്ചാബിലേയും എഴുത്തുകാരാണ്.
അവര്‍ അതിര്‍ത്തിയില്‍ വന്നിരുന്ന് എഴുതുന്നതിനെക്കുറിച്ച്, അതിനായുള്ള ആലോചനകളില്‍ മുഴുകുന്നതിനെക്കുറിച്ചാണ് ഈ രംഗം ഉജ്ജ്വലമായി സംസാരിക്കുന്നത്. വിഭജന സാഹിത്യത്തെ മുഴുവനായും ഒരു പില്‍ക്കാല എഴുത്തുകാരി അഭിസംബോധനം ചെയ്യുന്നതിന്റെ അനുഭവമാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരാലോചന, ഭാവന പൊതുവില്‍ അപൂർവമായ ഒന്നാണെന്ന് പറയേണ്ടതുണ്ട്. ഇങ്ങനെ മനുഷ്യാനുഭവങ്ങളിലെ ഒരു പുതിയ ഭൂഖണ്ഡമായിത്തന്നെ മാറുകയാണ് 'മണല്‍ സമാധി'.
നോവലിലെ അമ്മ ഒരിക്കല്‍ അതിര്‍ത്തിയെക്കുറിച്ച് പറയുന്നു: നമ്മള്‍ മാനിച്ചില്ലെങ്കില്‍ ഈ മതിലുകള്‍ ഉണ്ടാകില്ല: നോവലിന്റെ പുറംചട്ടയില്‍ ഇങ്ങനെ വായിക്കാം: വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളുടെ വൈകാരികാഘാതത്തില്‍ നിന്നു മോചനം തേടി അതിര്‍ത്തി ദേശത്തേക്കു യാത്ര ചെയ്യുന്ന ഒരു എണ്‍പതുകാരിയുടെ കഥ പറയുന്ന അന്തര്‍ദേശീയ മാനമുള്ള നോവല്‍: അതിര്‍ത്തി പ്രദേശത്തേക്കുള്ള ആ എണ്‍പതുകാരിയുടെ യാത്രയില്‍ ചുരുള്‍ നിവരുന്നത് വിഭജനകാലത്തെ കോടിക്കണക്കായ മനുഷ്യരുടെ ഹൃദയഭൂപടമാണ്. ആ അനുഭവമാണ് ഈ നോവല്‍ വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.
സക്കറിയയുടെ ഒരു കഥയും അതില്‍ വരുന്ന ബാബുരാജിന്റെ പാട്ടിന്റെ വരികളും നോവലിലുണ്ട്. മലയാളം എന്ന ഭാഷ മണല്‍സമാധിയിലും സ്ഥാനം പിടിച്ചിരിക്കുന്നു എന്നതില്‍ കേരളീയര്‍ക്ക് അഭിമാനിക്കാനുള്ള വകയുണ്ട്. നോവലിന്റെ ഇംഗ്ലീഷ്-മലയാളം വിവര്‍ത്തകര്‍ അനന്യമായ ശൈലിയും ഭാഷയുമുള്ള ഈ കൃതി പരിഭാഷപ്പെടുത്തുമ്പോഴുണ്ടായ പല തരം പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മലയാള പരിഭാഷക ഡോ. കെ. വനജ അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: രേത് സമാധിയുടെ വിവര്‍ത്തനം മലയാളത്തില്‍ നടത്തിയപ്പോള്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ നിരവധിയായിരുന്നു. വലുതും ഈടുറ്റതുമായ ഈ കൃതി രൂപഭദ്രതയുടെ കാര്യത്തില്‍ ഒന്നു വേറിട്ടതുതന്നെ. ഹിന്ദി ഇതു വരെ കാണാത്ത പ്രയോഗങ്ങളാല്‍ സമ്പന്നമാണ് ഈ കൃതി. ഹിന്ദിക്കൊപ്പം പഞ്ചാബിയും ഹരിയാണ്‍വിയും ഇംഗ്ലീഷും ഉറുദുവുമൊക്കെ സന്ദര്‍ഭാനുസരണം പ്രയോഗിക്കുന്നതില്‍ എഴുത്തുകാരി ഒട്ടും പിശുക്ക് കാണിച്ചിട്ടില്ല. 'ബജ്‌ന' എന്ന ഹിന്ദിവാക്കിന്റെ മാന്ത്രികമായ പ്രയോഗം നമ്മളെ ആശ്ചര്യപ്പെടുത്തുന്നു. ഇതിന് മലയാളത്തില്‍ അടിക്കുക എന്നാണര്‍ഥം. അതായത് ക്ലോക്കടിക്കുക, ബെല്ലടിക്കുക. എന്നാല്‍ വളയുടെ കിലുക്കം, വാദ്യോപകരണങ്ങളുടെ വായന എന്നിവയ്ക്കും ഈ വാക്ക് ഉപയോഗിക്കുന്നുണ്ട് ഹിന്ദിയില്‍. പക്ഷേ മലയാളത്തില്‍ ഈ ആശയയെങ്ങളെയെല്ലാം പ്രകടിപ്പിക്കാന്‍ ഒരു വാക്ക് പോരല്ലോ.
അതുപോലെ പല ഭാവങ്ങളും പ്രകടിപ്പിക്കുന്നതിന്, ഉദാഹരണത്തിന് കാറ്റിന്റെ ശക്തമായ അടിക്ക് ' ഫട് ഫട്' എന്ന വാക്ക്, പക്ഷികളുടെ ചിറകടിക്ക് 'പര്‍പര്‍', കാക്കയുടെ ഭാഷയെ 'കാവ് കാവ്' ഇങ്ങിനെ എത്രയോ വാക്കുകള്‍ ധ്വനി വിശേഷങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു. അവയുടെ സൗന്ദര്യം നില നിര്‍ത്താനായി അവയെ മലയാളത്തില്‍ അതേ പടിയാണ് ഉപയോഗിച്ചിരിക്കുന്നത്:
ഇതോടൊപ്പം തന്റെ പല സംശയങ്ങളും പ്രതിസന്ധികളും തീര്‍ക്കാന്‍ വിവര്‍ത്തന സമയത്ത് ഗീതാഞ്ജലി ശ്രീ നടത്തിയ സഹായങ്ങളും പരിഭാഷക ഓര്‍ക്കുന്നുണ്ട്. ഒരു വിവര്‍ത്തന കൃതിയില്‍ പരിഭാഷക സഹഗ്രന്ഥ രചയിതാവാണ്. അത്തരത്തിലുള്ള ബന്ധത്തിലേക്ക് കൂടി പരിഭാഷകയുടെ കുറിപ്പ് വെളിച്ചം വീഴ്ത്തുന്നു. അതുകൊണ്ടുതന്നെ സാഹിത്യ തല്‍പരര്‍ക്ക് മാത്രമല്ല, പരിഭാഷയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അതില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ഒരേ പോലെ മികച്ച വായനാനുഭവം നല്‍കുന്ന കൃതിയാണ് 'മണല്‍ സമാധി'.
പരിഭാഷയെക്കുറിച്ച് ദീര്‍ഘമായ ഒരു ഖണ്ഡിക നോവലില്‍ തന്നെയുണ്ട്. (പേജ് 308) അതില്‍ നിന്നൊരു ഭാഗം ഇവിടെ ചേര്‍ക്കുന്നു: തര്‍ജ്ജമ അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ട് അക്ഷരം ഇംഗ്ലീഷില്‍ പഠിച്ചിട്ട് വിചാരിക്കും ഇപ്പോള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്യാമെന്ന്. ചെറുപ്പത്തില്‍ ബ്രജ് ഭാഷ കേട്ടിട്ട്, ബിഹാരിയുടെ സത്‌സയി മനസ്സിലാക്കാമെന്ന്! പക്ഷേ നടക്കില്ല. തര്‍ജ്ജമ അങ്ങനെയുള്ള ഒരു പാല്‍പ്പായസമാണ്. ജലേബിയേക്കാള്‍ ദുഷ്‌കരം: ഇങ്ങനെ പറഞ്ഞു കൊണ്ട് വിവര്‍ത്തകരെ എഴുത്തുകാരി നോവലില്‍ തന്നെ വെല്ലുവിളിക്കുന്നുമുണ്ട്.
നോവലില്‍ ഒരിടത്ത് മനുഷ്യ ശബ്ദങ്ങളെക്കുറിച്ചുള്ള കവിതാശകലം നോവലിസ്റ്റ് ഉദ്ധരിക്കുന്നു:
ശബ്ദം വന്നു-
നിന്റെ ശബ്ദം തന്നെയോ?
എന്റെ എന്തു കൊണ്ടല്ല.
എന്റെ അല്ലെങ്കില്‍
നിന്റെയുമല്ല.
നിന്റെ അല്ലെങ്കില്‍ ആരുടെയുമല്ല.
എല്ലാ നോവലുകളിലും, സര്‍ഗ രചനകളിലും എല്ലാ മനുഷ്യരുടെയും ശബ്ദമാണ് (പ്രകൃതിക്കൊപ്പം) ഇരമ്പിയെത്തേണ്ടത്. മണല്‍ സമാധിയുടെ ആദ്യന്ത ശ്രമം അതുതന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."