ഭാരതിഅമ്മയുടെ 1400 ദുരിതദിനങ്ങള്‍
ജംഷീര്‍ പള്ളിക്കുളം
അന്ന് കുനിശ്ശേരി വടക്കേത്തറ മഠത്തിന്റെ പടികടന്നെത്തിയത് അനീതിയുടെ നീണ്ട ദിനരാത്രങ്ങളായിരുന്നു. പ്രൗഢമായ തറവാടും ജീവിത സാഹചര്യങ്ങളുമായി കുടുംബസമേതം സന്തോഷത്തോടെ കഴിയുന്നതിനിടെയാണ് എണ്‍പതുകാരിയായ കുനിശ്ശേരി വടക്കേത്തറ മഠത്തില്‍ വീട്ടില്‍ ഭാരതിയെ തേടി ഒരു പൊലിസുകാരൻ എത്തുന്നത്. ഭാരതിയമ്മ തീതിന്ന് ജീവിച്ച നാലു വര്‍ഷങ്ങള്‍. ആ ദുരിതനാളുകളുടെ തുടക്കം അവിടെ നിന്നായിരുന്നു. പിന്നീടങ്ങോട്ട് നടന്നതെല്ലാം സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍. അറസ്റ്റും ജയില്‍വാസഭീതിയും കേസിനു പിറകെയുള്ള അലച്ചിലും ദുഃസ്വപ്നം കണ്ട് പിന്നിട്ട വര്‍ഷങ്ങള്‍ ഓര്‍ക്കാന്‍പോലും ഭാരതിയമ്മയ്ക്കു ഭയമാണ്.
യഥാര്‍ഥ പ്രതിയായ മറ്റൊരു ഭാരതി നല്‍കിയ വ്യാജവിവരം ശരിയാണോ എന്ന് പരിശോധിക്കാന്‍പോലും തയാറാകാതെ പാലക്കാട് ടൗണ്‍ സൗത്ത് പൊലിസ് നടത്തിയ ഈ മനുഷ്യാവകാശലംഘനം ഒരു വയോധികയ്ക്കു നല്‍കിയത് മാനസിക സംഘര്‍ഷത്തിന്റെ ആയിരത്തിനാനൂറിലധികം ദിനങ്ങള്‍. ഭരണകൂട പ്രതിനിധികളായ ഉദ്യോഗസ്ഥര്‍ക്കു നീതിബോധം ഉള്ളിലില്ലാത്തതിന്റെ ഇര. അതാണ് ഭാരതിയമ്മ. ഭരണകൂടത്തിന്റെ അലംഭാവത്താല്‍ 'നീതി വൈകി, നീതി നിഷേധിക്കപ്പെട്ടവരുടെ പട്ടികയിലെ ഒരുപേരുമാത്രം.
അതിക്രമം നടന്നത് 1998ല്‍,
അറസ്റ്റ് 2019ല്‍
1998ല്‍ ടൗണ്‍ സൗത്ത് പൊലിസ് രജിസ്റ്റര്‍ ചെയ്ത വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന കേസിന്റെ അടിസ്ഥാനത്തിലാണ് 2018ല്‍ ഭാരതിയമ്മക്ക് അറസ്റ്റ് വാറണ്ട് വരുന്നത്. തിരുനെല്ലായി വിജയപുരം കോളനിയില്‍ താരംഗ് വീട്ടില്‍ ഗോവിന്ദന്‍ കുട്ടി മേനോന്റെ വീട്ടില്‍ വീട്ടുജോലിക്കെത്തിയ ഭാരതിയെന്ന മറ്റൊരു സ്ത്രീ വീട് അതിക്രമിച്ചുകയറി ചെടിച്ചട്ടികളും ജനല്‍ചില്ലുകളും തകര്‍ത്തുവെന്നാണ് കേസ്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഭാരതിക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങുകയും മുങ്ങുകയും ചെയ്തു. ഇവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് 2019ല്‍ പൊലിസ് കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പിറകെക്കൂടി ഭാരതിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇത് യഥാര്‍ഥ പ്രതിയായ ഭാരതിയായിരുന്നില്ല. ഭര്‍ത്താവും കുട്ടികളുമില്ലാതെ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന കുനിശ്ശേരി സ്വദേശി ഭാരതിയമ്മയായിരുന്നു ആ നിതിനേഷധത്തിന്റെ ഇര.
വീട്ടില്‍ തനിച്ചിരിക്കുകയായിരുന്ന ഭാരതിയെ ഇപ്പോള്‍തന്നെ പാലക്കാട് പൊലിസ് സ്റ്റേഷനിലെത്തിക്കണമെന്നു പറഞ്ഞെത്തിയ പൊലിസുകാരന്‍ വയോധികയാണെന്ന പരിഗണനപോലും നല്‍കിയില്ലെന്ന് അന്നത്തെ വാര്‍ഡ് മെംബറും ആശാവര്‍ക്കറുമായ ഉഷ പറയുന്നു. നാട്ടുകാരും ബന്ധുക്കളും ഇടപെട്ടതിനെ തുടര്‍ന്നാണ് എണ്‍പതുകാരിയായ ഭാരതിയമ്മയെ പിറ്റേന്ന് സ്റ്റേഷനില്‍ ഹാജരാക്കാമെന്നത് പൊലിസുകാരന്‍ സമ്മതിച്ചത്. പിറ്റേന്ന് സ്റ്റഷനിലെത്തി തന്റെ നിരപരാധിത്വം ആവര്‍ത്തിച്ചു. താന്‍ എവിടെയും വീട്ടുജോലിക്ക് നിന്നിട്ടില്ലെന്നും ഏറെക്കാലമായി തമിഴ്‌നാട്ടിലാണ് താമസമെന്നും ഇങ്ങനെയൊരു കേസുമായി ബന്ധമില്ലെന്നും ഇവര്‍ കരഞ്ഞുപറഞ്ഞിട്ടും ആരുംകേള്‍ക്കാന്‍ തയാറായില്ല. കേസ് നിഷേധിച്ച ഭാരതിയെ അറസ്റ്റ് ചെയ്യുമെന്നു പൊലിസ് ഭീഷണിപ്പെടുത്തി. ഭയന്ന അവര്‍ 2019 സെപ്റ്റംബര്‍ 25നു പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി ജാമ്യമെടുത്തു. പ്രതി താനല്ലെന്നുകാട്ടി കോടതിയില്‍ അപേക്ഷ നല്‍കി.
കേസ് കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കുകയായിരുന്നു ഭാരതിയമ്മയും കുടുംബവും.
ഭാരതിയമ്മക്കെതിരേ കേസ് നല്‍കിയവരെ അന്വേഷിച്ച് കുടുംബക്കാര്‍ നടത്തിയ തിരച്ചിലാണ് ഇപ്പോഴെങ്കിലും ഇവര്‍ക്കു നീതി ലഭിക്കാനിടയാക്കിയത്. അറസ്റ്റുണ്ടായ പിറ്റേന്നുതന്നെ ബന്ധുക്കള്‍ പരാതിക്കാരുടെ വീട്ടിലെത്തി സംഭവം പറഞ്ഞു. എന്നാല്‍ സമന്‍സ് കിട്ടുമ്പോള്‍ കോടതിയിലെത്തി പറയാമെന്ന നിലപാടിലായിരുന്നു പരാതിക്കാര്‍. അതോടെ കേസ് നീണ്ടു. ഇതിനിടെ പരാതിക്കാരിലൊരാള്‍, കെ.ജി മേനോന്‍ മരിക്കുകയും ചെയ്തു. ഒടുവില്‍, മകന്‍ രാജഗോപാല്‍ ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിനു കോടതിയില്‍ ഹാജരായി.
ഇതല്ല യഥാര്‍ഥ പ്രതി, പ്രതിക്ക് 50 വയസു മാത്രമേ പ്രായമുണ്ടാകൂ. ഇവരെ തനിക്ക് അറിയുകയില്ലെന്നും പൊലിസിനുണ്ടായ പിഴവു കോടതിയെ ധരിപ്പിക്കുകയും ചെയ്തതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് അറുതിയാകുന്നത്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഭാരതിയുടെ കേസ് തീര്‍പ്പാക്കിയത്. പൊലിസിന്റെയും നിയമസംവിധാനങ്ങളുടെയും വികൃതമായ മുഖമാണ് എണ്‍പതാം വയസില്‍ ഈ വയോധികക്കു നേരിടേണ്ടി വന്നതെന്ന് അഡ്വ. ഗിരീഷ് നൊച്ചുള്ളി പറഞ്ഞു. യഥാര്‍ഥ പ്രതി ഭാരതി ഇപ്പോളും അദൃശ്യയാണ്.
തമിഴ്‌നാട് സര്‍ക്കാരില്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറായി വിരമിച്ച ഭര്‍ത്താവ് ജനാര്‍ദനന്‍ 38 വര്‍ഷം മുമ്പ് മരിച്ചു. ശേഷം ഭാരതിയമ്മ സഹോദരര്‍ക്കൊപ്പമാണ് താമസം. മക്കളില്ല. എല്ലാത്തിനും ഓടിനടക്കാന്‍ കുടുംബമുള്ളതായിരുന്നു ഇവര്‍ക്ക് ആകെയുണ്ടായിരുന്നു ആശ്വാസം.
നിയമവ്യവസ്ഥകളുടെ മെല്ലെപ്പോക്ക്
അറസ്റ്റ് ചെയ്യാനെത്തിയ പൊലിസുകാരോട് തന്റെ നിരപരാധിത്വം ആണയിട്ടു പറയുമ്പോഴും ആ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയായിരുന്നു. എല്ലാം കോടതി തീരുമാനിക്കട്ടെ എന്ന പതിവുപല്ലവിതന്നെ ഭാരതിയമ്മയും കേട്ടു. കരളലിയാത്ത ആ കൂട്ടത്തിനു മുന്നില്‍നിന്ന് നീതി ദേവതയുടെ കാരുണ്യം പ്രതീക്ഷിച്ചാണ് ഭാരതിയമ്മ കോടതി കയറിയത്.
പൊലിസിനു തെറ്റുപറ്റിയെന്ന ഭാരതിയമ്മയുടെ ഹരജി കോടതിയിലെത്തിയിട്ടും നീതിമാത്രം അകന്നുനിന്നു. ഓരോതവണ കോടതിയുടെ പടികടന്നെത്തുമ്പോഴും മാറ്റിവയ്ക്കുന്ന തീയതികളായിരുന്നു ചോദ്യചിഹ്നമായി ഈ വയോധികയ്ക്കു നീതിപീഠം സമ്മാനിച്ചിരുന്നത്. അങ്ങനെ പിന്നിട്ടതാകട്ടെ നീണ്ട നാലുവര്‍ഷങ്ങളും. പല കേസുകളിലെ ഒരു കേസായി അതങ്ങനെ നീണ്ടുപോയപ്പോള്‍ ആ വയോധികയ്ക്കു കരുത്തായത് സിവില്‍ സര്‍വിസുകാരടക്കമുള്ള കുടുംബാംഗങ്ങളാണ്. പുറംനാടുകളിലുള്ള കുടുംബാംഗങ്ങള്‍ ഭാരതിയമ്മയുടെ ദുരിതം മനസിലാക്കി പൊലിസും നിയമവ്യവസ്ഥയും ചെയ്യേണ്ട പണി ഏറ്റെടുത്ത് വിജയം കാണുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട പരാതിക്കാരെ കോടതിയിലെത്തിക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടപ്പോള്‍ ആ ദൗത്യം കുടുംബം ഏറ്റെടുക്കുകയായിരുന്നു.
നാലു വർഷക്കാലം താനനുഭവിച്ച കടുത്ത മാനസിക സംഘര്‍ഷവും മനുഷ്യാവകാശ ലംഘനവും നീതി നിഷേധവുമെല്ലാം ഇനിയാര്‍ക്കും ഉണ്ടാവരുതെന്ന പ്രാര്‍ഥനയിലാണ് ഭാരതിയമ്മ. നീതി നിഷേധിച്ചവര്‍ക്കെതിരേ പരാതിയില്ല. ആര്‍ക്കെതിരിലും കേസിനുമില്ല. ഒരു അന്വേഷണവുമില്ലാതെ ഒരു വയോധികയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍ തിടുക്കം കാണിച്ച പൊലിസുകാരനെതിരേ കേസു നല്‍കാന്‍ പലരും പറഞ്ഞതാണ്.
പക്ഷേ, അത് ചെയ്യുന്നില്ല. എല്ലാവരും കുടുംബവും കുട്ടികളുമായി കഴിയുന്നവരാണ്. കേസും അതിനുപുറകിലുള്ള അലച്ചിലും നല്‍കുന്നത് കടുത്ത മാനസിക സംഘര്‍ഷങ്ങളാണ്. ആ ദുരിത ദിനരാത്രങ്ങളെ ഓര്‍ത്തെടുത്ത് ഭാരതിയമ്മ നിറകണ്ണുകളോടെ പറയുന്നു. എന്നാല്‍ വൈകിക്കിട്ടുന്ന നീതി അനീതിക്ക് തുല്യമാണെന്നും ആര്‍ക്കും ഈ അവസ്ഥ ഇനി ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കമെന്നുമാണ് ഭാരതിയമ്മയുടെ അഭ്യര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."