റോഡിൽ ഐസ്, ആലിപ്പഴ വർഷം; മൂന്ന് എമിറേറ്റുകളിൽ വേനൽമഴ സജീവമാകുന്നു
റോഡിൽ ഐസ്, ആലിപ്പഴ വർഷം; മൂന്ന് എമിറേറ്റുകളിൽ വേനൽമഴ സജീവമാകുന്നു
ദുബൈ: യു.എ.ഇ.യിൽ വേനൽമഴ ശക്തമായി. ശനിയാഴ്ച ഉച്ചയോടെ മൂന്ന് എമിറേറ്റുകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. അബുദാബി, റാസൽഖൈമ, ഫുജൈറ, അൽ ഐൻ എന്നിവിടങ്ങളിൽ വ്യത്യസ്ത തീവ്രതയുള്ള മഴ രേഖപ്പെടുത്തിയാതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു. യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതായി എൻ.സി.എമ്മിന്റെ കാലാവസ്ഥാ പ്രവചനം ചൂണ്ടികാണിക്കുന്നു.
അൽ ഐനിൽ കനത്ത മഴ പെയ്തതോടെ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. അപകടകരമായ കാലാവസ്ഥയെ നേരിടാനും പ്രാദേശിക അധികാരികളുടെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ താമസക്കാരോട് നിർദേശിച്ചു.
എൻ.സി.എം പങ്കിട്ട ഒരു വീഡിയോയിൽ, ശക്തമായ കാറ്റിനൊപ്പം പെയ്യുന്ന മഴയിൽ അൽ ഐനിലെ ഉം ഗഫയിലെ നനഞ്ഞ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് കാണാം.
ഷാർജയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ വാദി അൽ ഹെലോ താഴ്‌വരയിലൂടെ മഴയിൽ ശക്തമായ നീരൊഴുക്ക് തുടങ്ങിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. റോഡുകളിൽ ഐസ് കട്ടകൾ വീണുകിടക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവരോട് സുരക്ഷിതമായി വാഹനമോടിക്കാൻ അബുദാബി പൊലിസ് നിർദേശിച്ചു. സുരക്ഷ ഉറപ്പാക്കാൻ താഴ്‌വരകൾ, കിടങ്ങുകൾ, ഇലക്ട്രിക്കൽ ലൈനുകൾ, മരങ്ങൾക്ക് സമീപമുള്ള സ്ഥലങ്ങൾ എന്നിവയിൽ നിന്ന് അകന്ന് നിൽക്കണമെന്ന് പൊലിസ് നിർദ്ദേശിച്ചു. നിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴയും ഈടാക്കും.
മഴയുള്ള കാലാവസ്ഥയിൽ താഴ്‌വരകൾക്കും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങൾക്കും അണക്കെട്ടുകൾക്കും സമീപം ഒത്തുകൂടിയാൽ 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വെള്ളപ്പൊക്കമുള്ള താഴ്‌വരകളിൽ പ്രവേശിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
അടിയന്തര ഘട്ടങ്ങളിൽ ട്രാഫിക്, ആംബുലൻസ് അല്ലെങ്കിൽ റെസ്ക്യൂ വാഹനങ്ങൾ തടയുകയോ ഇതുമായി ബന്ധപ്പെട്ട അധികാരികളുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയോ ചെയ്‌താൽ 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."