താമസ - തൊഴിൽ നിയമങ്ങൾ ലംഘിച്ചു; സഊദിയിൽ 15,245 പേർ അറസ്റ്റിൽ
താമസ - തൊഴിൽ നിയമങ്ങൾ ലംഘിച്ചു; സഊദിയിൽ 15,245 പേർ അറസ്റ്റിൽ
റിയാദ്: നിയമലംഘകർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സഊദി അറേബ്യ. ഇതിന്റെ ഭാഗമായി നിയമം ലംഘിച്ച 15,245 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തു. താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തെതെന്ന് സഊദി പൊലിസ് അറിയിച്ചു. ഈ മാസം 10 മുതൽ 16 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.
താമസ നിയമങ്ങൾ ലംഘിച്ചതിന് മാത്രം 8,539 പേരെയാണ് അറസ്റ്റ് ചെയ്തത്. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 2,453 പേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,253 പേരെയും അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക കണക്ക്. അതിർത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 829 പേരും അറസ്റ്റിലായിട്ടുണ്ട്. ഈ 829 പേരിൽ 53 ശതമാനം യെമനികളും 44 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരും ആണ്.
നിയമലംഘിച്ചവർക്ക് അഭയം നൽകിയ മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ താമസവും ഗതാഗതസൗകര്യവും നൽകി സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. വരും ദിവസങ്ങളിലും താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."