ലക്ഷദ്വീപിലെ സമാധാനം തകർക്കരുത്
ലക്ഷദ്വീപിലെ മദ്യനിരോധനം നീക്കാനും സ്‌കൂളിൽ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് വിലക്കാനുമുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. മദ്യനിരോധനം നീക്കുന്ന എക്സൈസ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള അഭിപ്രായം ഓൺലൈനായി അറിയിക്കണമെന്നാണ് സർക്കാർ വിജ്ഞാപനം. പുതിയ സ്‌കൂൾ യൂനിഫോം നയത്തിൽ ഹിജാബ് ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരേ ശക്തമായ പ്രതിഷേധത്തിലാണ് ദ്വീപുനിവാസികൾ. പരിഷ്‌കരണങ്ങളുടെ പേരിൽ കുറച്ചുകാലമായി ലക്ഷദ്വീപ് സംസ്‌കാരത്തെ മുക്കിക്കൊല്ലാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ.
സ്‌കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽനിന്ന് മാംസാഹാരം നീക്കം ചെയ്തതും ഡയറി ഫാമുകൾ അടച്ചുപൂട്ടിയതും സുപ്രിംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതാണ്. എന്തുകൊണ്ടാണ് ഈ തീരുമാനങ്ങളെന്ന സുപ്രിംകോടതിയുടെ ചോദ്യത്തിന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് വ്യക്തമായ മറുപടിയില്ല. കുട്ടികൾക്ക് മാംസാഹാരം നൽകുന്നത് തുടരണമെന്ന് സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തു. മദ്യപിക്കാത്ത, കുറ്റകൃത്യങ്ങളില്ലാത്ത ശാന്ത സമൂഹമാണ് ദ്വീപ് നിവാസികൾ. ടൂറിസം വികസനത്തിന്റെ പേരിൽ ഇവിടേക്ക് മദ്യം ഒഴുക്കാനുള്ള സർക്കാർ നീക്കം നേരത്തെ തുടങ്ങിയതാണ്. എതിർപ്പുമൂലം സാധിക്കാതെ വരികയായിരുന്നു. ലക്ഷദ്വീപിൽ നിരവധി അടിസ്ഥാന പ്രശ്‌നങ്ങളുണ്ട്.
അതെല്ലാം അവിടുത്തെ താമസക്കാരുമായി ബന്ധപ്പെട്ടതാണ്. ഇതിന് പരിഹാരം കാണാതെ പുറത്തുനിന്നുള്ളവരുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ നോക്കുകയാണ് കേന്ദ്രം.ലക്ഷദ്വീപിൽ നല്ലൊരു ആശുപത്രിയില്ല; വിദഗ്ധ ചികിത്സയ്ക്ക് കൊച്ചിയിൽ എത്തേണ്ട സാഹചര്യമാണ്. അടിയന്തര ഘട്ടങ്ങളിൽ കൊച്ചിയിലെത്താൻ കപ്പലോ ഹെലികോപ്റ്ററോ ലഭിക്കില്ല. കേരളത്തിലേക്ക് ചികിത്സയ്ക്ക് വരാനുള്ള അനുമതിക്കുവേണ്ടി ദിവസങ്ങൾ കാത്തിരിക്കണം. ചികിത്സ കിട്ടാതെ അനേകം രോഗികളാണ് മരിക്കുന്നത്. എന്നാൽ ഇങ്ങനെ മരിക്കുന്നവരുടെ ഒരു കണക്കുമില്ല. ഉയർന്ന വിദ്യാഭ്യാസം ലഭിക്കാൻ ആളുകൾക്ക് ദ്വീപിന് പുറത്തുപോകേണ്ട സ്ഥിതിയാണ്.
ഇന്നും മുറിവ് പച്ചയ്ക്ക് തുന്നിക്കെട്ടുന്ന ആശുപത്രികളുള്ള സ്ഥലമാണ് ലക്ഷദ്വീപെന്നും വെള്ളത്തിനും മരുന്നിനും ഡോക്ടർക്കും വൈദ്യുതിക്കും സ്‌കൂളിനും വേണ്ടി സമരം ചെയ്യേണ്ടിവരുന്നവരുടെ നാടാണിതെന്നും ചൂണ്ടിക്കാട്ടിയത് ദ്വീപ് സ്വദേശിയായ ആക്ടിവിസ്റ്റ് ഐഷ സുൽത്താനയാണ്. കാലാവധി കഴിഞ്ഞ, ഗുണനിലവാരം കുറഞ്ഞ മരുന്നുകളാണ് ദ്വീപിൽ ലഭിക്കുന്നത്. മികച്ച ഡോക്ടർ പോലുമില്ല. ഇന്റർനെറ്റ് സമ്പൂർണമായി ലഭ്യമായിട്ടില്ലാത്ത സമൂഹമാണ്. തൊഴിലവസരങ്ങളില്ല. ഒരു ജനതയ്ക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് പരിഹരിക്കേണ്ട പ്രശ്‌നമായി കേന്ദ്രസർക്കാർ കാണുന്നില്ല. നിലവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്ലാത്ത നാടാണ് ലക്ഷദ്വീപ്.
ഇത്തരം ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല. രാത്രിപോലും സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം. മദ്യം സുലഭമാക്കുന്നതോടെ ഈ സുരക്ഷയാണ് ഇല്ലാതാവുക.ഗുജറാത്തുകാരൻ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ടതോടെയാണ് ലക്ഷദ്വീപ് നിവാസികളെ ശ്വാസം മുട്ടിക്കുന്ന നടപടികളുണ്ടായത്. ടൂറിസം വിജയിക്കണമെങ്കിൽ മദ്യം സുലഭമായിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നയം. എന്നാൽ പട്ടേലിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നാടായ ഗുജറാത്തിൽ സമ്പൂർണ മദ്യനിരോധനമാണ്. അവിടെ ടൂറിസത്തിന് തളർച്ചയുണ്ടെന്ന് പട്ടേലോ മോദിയോ അവകാശപ്പെടുമെന്ന് കരുതുന്നില്ല.
ലക്ഷദ്വീപ് ടൂറിസത്തിന് മദ്യം അനിവാര്യ ഘടകവുമല്ല. 2011ലെ സെൻസസ് പ്രകാരം ദ്വീപ് ജനസമൂഹത്തിൽ 96.58 ശതമാനം മുസ്‌ലിംകളാണ്. അതിനാൽ മദ്യത്തിന്റെ പരസ്യമായ ലഭ്യത നിരോധിക്കപ്പെട്ടിട്ടുണ്ട്. നാട്ടുകാർക്ക് വേണ്ടെങ്കിൽ ആർക്കുവേണ്ടിയാണ് ലക്ഷദ്വീപ് ഭരണകൂടം അവിടെ മദ്യമൊഴുക്കാൻ നോക്കുന്നത്.
പ്രഫുൽ ഖോഡ പട്ടേൽ നിയമിതനായശേഷം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ജനങ്ങളുടെ സമാധാനം തകർക്കുകയാണ്. ജനാധിപത്യ സംവിധാനത്തിലൂടെ നിലവിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് എല്ലാം അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന് കീഴിലാക്കിയത് പട്ടേലിൻ്റെ നടപടിയായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ ഇപ്പോൾ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാണ്.
സർക്കാർ സർവിസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ദ്വീപുകാരെ പിരിച്ചുവിട്ടു. തീരദേശ സംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുമാറ്റി. ബീഫ് നിരോധനം കൊണ്ടുവന്നു. നിരവധി അങ്കണവാടികൾ അടച്ചുപൂട്ടി. പൗരത്വ നിയമഭേദഗതിക്ക് എതിരേ സ്ഥാപിച്ച പോസ്റ്ററുകൾ മുഴുവൻ എടുത്തുമാറ്റി. ഗുണ്ടാ ആക്ട് നടപ്പാക്കി. രണ്ടു മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തുന്ന നിയമത്തിന് നീക്കം നടത്തി.
ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂർ തുറമുഖവുമായായിരുന്നു. എന്നാൽ ഇൗ ബന്ധം വിച്ഛേദിക്കാനും ചരക്കുനീക്കം മംഗളൂരു തുറമുഖം വഴിയാക്കാനും നടപടി തുടങ്ങി. ദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽനിന്ന് മാറ്റി കർണാടക ഹൈക്കോടതിയുടെ കീഴിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. ശക്തമായ എതിർപ്പുമൂലം ഇതിൽ ചിലത് നടപ്പാക്കുന്നത് പരാജയപ്പെട്ടെങ്കിലും കേന്ദ്രസർക്കാരിന്റെ നയം മാറാത്തിടത്തോളം കാലം ഭീഷണി നിലനിൽക്കുന്നുണ്ട്.
കേരളവുമായി ശക്തമായ ബന്ധം പുലർത്തുന്ന സമൂഹമാണ് ദ്വീപുകാർ. എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ജനതയാണവർ. അവരുടെ പ്രശ്‌നങ്ങളെ നമ്മുടേതായി കണ്ട് ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്വം മലയാളികൾക്കുണ്ട്. അതിനുവേണ്ടി സംസ്ഥാന സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും മുന്നിട്ടിറങ്ങണം.
Content Highlights:Editorial in aug 21 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."