മുസ്‌ലിംകളെ ഒഴിപ്പിക്കാന്‍ ആസൂത്രിത നീക്കം
കെ.എ.സലിം
ശ്രീകൃഷ്ണന്‍ ജനിച്ചത് കംസന്റെ ജയില്‍ മുറിക്കുള്ളിലാണ് എന്നാണ് ഐതിഹ്യം. ഈ ഗര്‍ഭഗൃഹം ശ്രീകൃഷ്ണ ജന്മസ്ഥാനിലെ ക്ഷേത്രത്തിനുള്ളിലുണ്ട്. ജയില്‍ മുറിയുടെ രൂപത്തിലാണ് അതുള്ളത്. അതിനുള്ളില്‍ ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയുമുണ്ട്. അവിടെ നൂറ്റാണ്ടുകളായി പൂജയും നടക്കുന്നു. അതായത് കൃഷ്ണന്‍ ജനിച്ച സ്ഥലം ഇപ്പോഴത്തെ ക്ഷേത്രത്തിനുള്ളില്‍ത്തന്നെയുണ്ട്. എന്നാല്‍, ഗര്‍ഭഗൃഹം പള്ളിക്കുള്ളിലാണ് എന്നാണ് സംഘ്പരിവാറിന്റെ അവകാശവാദം. അതെങ്ങനെ സംഭവിക്കുമെന്നാണ് പള്ളിക്കമ്മിറ്റിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ തന്‍വീര്‍ അഹമ്മദ് ചോദിക്കുന്നത്. ഒരാൾ എങ്ങനെ രണ്ടിടത്ത് ജനിക്കും. അപ്പോള്‍ ക്ഷേത്രത്തിനുള്ളിലെ നിലവിലുള്ള ഗര്‍ഭഗൃഹം മറ്റെന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ഔറംഗസീബ് പള്ളി നിര്‍മിക്കുമ്പോള്‍ പരിസരത്തൊന്നും ക്ഷേത്രമുണ്ടായിരുന്നില്ല. ക്ഷേത്രസമുച്ചയം കൂട്ടിച്ചേര്‍ക്കപ്പെട്ട് പള്ളിക്കടുത്തെത്തുകയും പിന്നീട് പള്ളിയെ വലയം ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്.
1929ലെ മഥുര നഗരത്തിന്റെ മാപ്പില്‍ ഈ കെട്ടിടങ്ങളൊന്നുമില്ല. പള്ളിയും ക്ഷേത്രവും നില്‍ക്കുന്നത് രണ്ടായിട്ടാണ്. അതിനിടയില്‍ കെട്ടിടങ്ങളൊന്നുമില്ല. ഇപ്പോഴുള്ള കെട്ടിടങ്ങളെല്ലാം പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്ന് വ്യക്തം. പള്ളി നില്‍ക്കുന്ന ഭൂമിയടക്കമുള്ള 13.37 ഏക്കറും ക്ഷേത്രത്തിൻ്റേതാണെന്നാണ് സംഘ്പരിവാര്‍ സംഘടനകളുടെ അവകാശവാദം. എന്നാല്‍, അതിന്റെ അതിരുകള്‍ ഏതെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തതയില്ല. റവന്യൂ രേഖകളില്‍ ഈദ്ഗാഹ് പള്ളിയും അതിന്റെ 2.5 ഏക്കര്‍ ഭൂമിയും അതിര്‍ത്തികളും രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളി കൈവശപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘ്പരിവാര്‍ അനധികൃത നിര്‍മാണം നടത്തുകകൂടി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്.
പള്ളിയുടെ മേല്‍ അവകാശവാദം ഉന്നയിച്ച് 15 കേസുകള്‍ കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും ക്ഷേത്രക്കമ്മിറ്റി നല്‍കിയതായിരുന്നില്ല. ആകെയുണ്ടായിരുന്നത് 1968ലെ ഭൂമിയുടെ അതിരുമായി ബന്ധപ്പെട്ട ചെറിയ തര്‍ക്കം മാത്രമാണ്. അതേ വര്‍ഷംതന്നെ ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ സേവാ സംഘും ഷാഹി ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റും ഇക്കാര്യത്തിൽ ഒത്തുതീര്‍പ്പിലെത്തുകയും പരസ്പം കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. തുടർന്ന് തര്‍ക്കഭൂമിയുടെ ഒരു ഭാഗം പള്ളിക്ക് ക്ഷേത്രക്കമ്മിറ്റി വിട്ടുനല്‍കി. മസ്ജിദില്‍ നിന്നുള്ള വെള്ളം ക്ഷേത്രത്തിന്റെ ഭാഗത്തേക്കായിരുന്നു കാലങ്ങളായി ഒഴുകിയിരുന്നത്. അക്കാലത്ത് അവിടെ കെട്ടിടങ്ങളുണ്ടായിരുന്നില്ല. പിന്നീട് ക്ഷേത്രം വികസിപ്പിച്ചപ്പോള്‍ അത് പള്ളിയുടെ ഭാഗത്തേക്ക് തിരിച്ചൊഴുക്കി വിട്ടു.
ക്ഷേത്രത്തോട് ചേര്‍ന്നുള്ള താഴ്ഭാഗത്ത് മുസ്‌ലിം കുടുംബങ്ങള്‍ താമസിച്ചിരുന്നു. അവിടേക്കായിരുന്നു ഇത് തിരിച്ചുവിട്ടത്. ഇതിന്റെ പേരില്‍ ക്ഷേത്ര ഭാരവാഹികളുമായി വാക്കേറ്റവും പതിവായിരുന്നു. കരാറിന്റെ ഭാഗമായി ഇതോടെ താമസക്കാരെ അവിടെനിന്ന് മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. ഈ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള ശ്രീകൃഷ്ണ ജന്‍മഭൂമി ട്രസ്റ്റ്.
കരാറൊപ്പിട്ട കൃഷ്ണ ജന്‍മഭൂമി സേവാ സംഘ് 1976 ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റില്‍ ലയിപ്പിച്ചിരുന്നു. 15 കേസുകളില്‍ അഞ്ചു കേസുകള്‍ കോടതി തള്ളി. ബാക്കിയുള്ള പത്തു കേസുകളില്‍ ഒന്നിലും അവകാശവാദങ്ങള്‍ സാധൂകരിക്കുന്ന തെളിവുകൾ ഹരജിക്കാര്‍ക്ക് കോടതിയില്‍ സമര്‍പ്പിക്കാനുമായിട്ടില്ല. അതിനാല്‍ തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പള്ളിക്കുള്ളില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യംപോലും ഉയരുന്നത്.
മഥുരയിലെ സമാധാനം തകര്‍ക്കാനും നിരവധി ശ്രമങ്ങള്‍ നേരത്തെയുണ്ടായിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തില്‍ അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ ദേശീയ ട്രഷറര്‍ ദിനേശ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറുകയും ഹനുമാന്‍ ചാലിസ ആലപിക്കുകയും ചെയ്തിരുന്നു. ശര്‍മയെയും സംഘത്തെയും അറസ്റ്റ് ചെയ്തെങ്കിലും വൈകാതെ വിട്ടയച്ചു. തൊട്ടടുത്ത വര്‍ഷവും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്നങ്ങോട്ട് പലപ്പോഴായി സമാന സംഭവങ്ങളുണ്ടായി.
പള്ളി പിടിച്ചെടുക്കുന്നതിനുമുമ്പ് സര്‍ക്കാരിന്റെ സഹായത്തോടെയുള്ള നിലമൊരുക്കല്‍ പദ്ധതിയിലാണ് സംഘ്പരിവാര്‍. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തും പള്ളിയുടെ ചുറ്റുവശത്തുമായി നിരവധി മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഒാഗസ്റ്റ് 9ന് ക്ഷേത്രത്തിന്റെ പിന്‍വശത്തുള്ള നയി ബസ്തി പ്രദേശം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. രണ്ടുദിവസം മുമ്പ് നോട്ടിസ് നല്‍കുകയും തൊട്ടുപിന്നാലെ ബുള്‍ഡോസറുകളെത്തി പൊളിച്ചു നീക്കുകയുമായിരുന്നു. നോട്ടിസിനെതിരായ കേസ് കോടതിയില്‍ നിലനില്‍ക്കെയായിരുന്നു ഇൗ നടപടി. ഉത്തര്‍പ്രദേശില്‍ അഭിഭാഷകര്‍ വെടിയേറ്റു മരിച്ചതിനെതിരായ അഭിഭാഷക പ്രതിഷേധത്തെത്തുടര്‍ന്ന് കോടതികള്‍ കുറച്ചു ദിവസം അടച്ചിട്ടിരുന്നു. ഈ സമയം നോക്കിയായിരുന്നു പൊളിച്ചുനീക്കല്‍. ബസ്തി നിവാസികള്‍ സുപ്രിംകോടതിയിലെത്തി താല്‍ക്കാലിക സ്‌റ്റേ നേടിയെങ്കിലും അപ്പോഴേക്കും 200 വീടുകളുള്ള കോളനിയിലെ 135 വീടുകളും തകർത്തിരുന്നു.
ബസ്തി ഭൂമി കയേറിയതാണെന്നും ശ്രീകൃഷ്ണ ജന്മസ്ഥാനെ രാധയുടെ ക്ഷേത്രങ്ങള്‍ നില്‍ക്കുന്ന വൃന്ദാവനുമായി ബന്ധിപ്പിക്കുന്ന 21 കിലോമീറ്റര്‍ റയില്‍വേ വികസന പദ്ധതിക്ക് ഭൂമി ആവശ്യമുണ്ടെന്നുമാണ് അധികൃതരുടെ ന്യായം. ഈ വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ ഇപ്പോള്‍ തെരുവിലാണ് ജീവിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാതെ വന്നതോടെ പണത്തിനുവേണ്ടി പൊളിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുകയാണ് നയി ബസ്തി നിവാസികള്‍.
മഥുരയില്‍ കഴിഞ്ഞ വര്‍ഷം ഗോവധ നിരോധനം ഏര്‍പ്പെടുത്തിയതോടെ പശുമാസം കഴിക്കുന്നുവെന്ന് ആരോപിച്ചും മുസ് ലിംകളെ തല്ലിയോടിക്കാന്‍ ശ്രമങ്ങളുണ്ടായി. അക്കാലത്ത് ക്ഷേത്രത്തിന് ചുറ്റുമുണ്ടായിരുന്ന മുസ്‌ലിം ഗലികളില്‍ ബജ്‌റംഗ് ദള്‍ ഗുണ്ടകളെത്തി ഭീഷണിപ്പെടുത്തല്‍ പതിവായിരുന്നു. സംഘ്പരിവാറിനെ പേടിച്ച് ഹിന്ദുക്കളായ ജീവനക്കാരെ നിയമിച്ചിരിക്കുകയാണ് മഥുരയിലെ മുസ്‌ലിം ഹോട്ടലുടമകള്‍. പലരും കടകളുടെ പേരുകള്‍ ഹിന്ദു പേരുകളാക്കി. സമാന സാഹചര്യമുണ്ടായത് ബാബരി സംഭവത്തിലായിരുന്നു. 1990കളില്‍ അയോധ്യയിലെ മുസ്‌ലിംകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു. അയോധ്യ മഥുരയിലും ആവര്‍ത്തിക്കുമോയെന്ന ഭീതിയിലാണ് യു.പി മുസ്‌ലിംകള്‍.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."