'പുതുപ്പള്ളി തെരഞ്ഞെടുപ്പോര്‍ത്താണ് പ്രതികരിക്കാത്തത്' പ്രവര്‍ത്തക സമിതി പട്ടികയില്‍ പരാതിയിലുറച്ച് ചെന്നിത്തല; അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വം
'പുതുപ്പള്ളി തെരഞ്ഞെടുപ്പോര്‍ത്താണ് പ്രതികരിക്കാത്തത്' പ്രവര്‍ത്തക സമിതി പട്ടികയില്‍ പരാതിയിലുറച്ച് ചെന്നിത്തല; അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വം
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടികക്കെതിരായ പരാതി ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. അര്‍ഹിച്ച സ്ഥാനം ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഇപ്പോഴുള്ളത് 19 വര്‍ഷം മുന്‍പുള്ള സ്ഥാനമാണെന്നും പ്രമോഷന്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് പരസ്യമായി ഉന്നയിച്ചില്ലെങ്കിലും അദ്ദേഹം കടുത്ത അതൃപ്തിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് പ്രതികരിക്കാത്തതെന്ന് നേതാക്കളെ അറിയിച്ചിരിക്കുകയാണ് ചെന്നിത്തലയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ചെന്നിത്തലയുടെ പരാതിയില്‍ പല ദേശീയ നേതാക്കളും ഇടപെടുന്നുണ്ട്.
പരിചയസമ്പന്നരായ നേതാക്കളെ നിലനിര്‍ത്തിയും യുവാക്കളെ ഉള്‍പ്പെടുത്തിയുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. 39 അംഗ പ്രവര്‍ത്തകസമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തി. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ നിലനിര്‍ത്തി. കേരളത്തില്‍ നിന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഉള്‍പ്പെട്ടു. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായി നിലനിര്‍ത്തി. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവര്‍ത്തക സമിതിയില്‍ തരൂര്‍ ഉള്‍പ്പെടെ നാലു പുതുമുഖങ്ങളാണുള്ളത്. രാജസ്ഥാനില്‍ അശോക് ഗെഹ് ലോട്ടുമായി ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തി. ഗെഹ് ലോട്ട് സമിതിയിലില്ല. പ്രിയങ്ക ഗാന്ധി, ഗൗരവ് ഗൊഗോയ്, ചരണ്‍ജിത് സിങ് ചന്നി, അശോക് ചവാന്‍ തുടങ്ങിയവരും സമിതിയില്‍ ഉള്‍പ്പെട്ടു. ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍, ജമ്മു കശ്മിര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, ഗുജറാത്തിലെ ദീപക് ബാബരിയ, ബംഗാളിലെ ദീപാ ദാസ് മുന്‍സി, ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ എന്‍. രഘുവീര റെഡ്ഡി, ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി താമരധ്വജ് സാഹു, സയ്യിദ് നാസര്‍ ഹുസൈന്‍, മധ്യപ്രദേശിലെ യുവ എം.എല്‍.എ കമലേശ്വര്‍ പട്ടേല്‍, രാജസ്ഥാന്‍ മന്ത്രി മഹേന്ദ്രജിത് സിംഗ് മാളവ്യ എന്നിവരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനയ്യ കുമാര്‍ പ്രത്യേക ക്ഷണിതാവാണ്.
ജി 23 വിഭാഗത്തില്‍ നിന്ന് മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തി. മറ്റൊരു ജി 23 നേതാവ് ആനന്ദ് ശര്‍മയും സമിതിയില്‍ ഇടംപിടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ആയിരത്തിലധികം വോട്ടുവാങ്ങിയ ശശി തരൂരിനെ ഒഴിവാക്കരുതെന്ന വികാരം പാര്‍ട്ടിയിലുണ്ടായിരുന്നു. സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് തരൂരിനായി നിലപാടെടുത്തത്. കേരളത്തില്‍ നിന്ന് തരൂര്‍ പരിഗണിക്കപ്പെട്ടപ്പോള്‍ രമേശ് ചെന്നിത്തലക്ക് അവസരം നഷ്ടമായി. പ്രവര്‍ത്തനപരിചയമുള്ള ചിലര്‍ തുടരണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എ.കെ ആന്റണിയെ നിലനിര്‍ത്തിയത്. മുഖ്യമന്ത്രിമാര്‍ വേണ്ടെന്ന തീരുമാനപ്രകാരമാണ് അശോക് ഗെഹ്‌ലോട്ടിനെ ഉള്‍പ്പെടുത്താതിരുന്നത്. മുഖ്യമന്ത്രിമാരെ ക്ഷണിതാക്കളായി യോഗങ്ങളിലേക്ക് വിളിക്കാറുണ്ട്.
സ്ഥിരം ക്ഷണിതാക്കള്‍ക്ക് എല്ലാ പ്രവര്‍ത്തകസമിതി യോഗങ്ങളിലും പങ്കെടുക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും സാധിക്കുമെങ്കിലും വോട്ടവകാശമുണ്ടാകില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് പ്രത്യേക ക്ഷണിതാവാണ്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള പട്ടികയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, പാര്‍ട്ടി സമിതികളില്‍ 50 ശതമാനം യുവജനങ്ങള്‍ക്ക് സംവരണം ചെയ്യുമെന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളന തീരുമാനം നടപ്പാക്കാനായിട്ടില്ല. സച്ചിന്‍ പൈലറ്റ്, ഗൗരവ് ഗെഗോയ്, കമലേശ്വര്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ് 50 വയസിന് താഴെയുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."