ബലാത്സംഗ ഇരക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി സുപ്രിം കോടതി; 'പരമോന്നത നീതി പീഠത്തിനെതിരായി ഉത്തരവ് പുറപ്പെടുവിക്കാനാവില്ല' ഗുജറാത്ത് ഹൈക്കോടതിക്ക് വീണ്ടും വിമര്‍ശനം
ബലാത്സംഗ ഇരക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി സുപ്രിം കോടതി; 'പരമോന്നത നീതി പീഠത്തിനെതിരായി ഉത്തരവ് പുറപ്പെടുവിക്കാനാവില്ല' ഗുജറാത്ത് ഹൈക്കോടതിക്ക് വീണ്ടും വിമര്‍ശനം
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രിം കോടതിയുടെ അനുമതി. 27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രിം കോടതി അനുമതി നല്‍കിയത്. ഇന്നോ നാളെ രാവിലെ ഒന്‍പത് മണിക്കുള്ളിലോ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.
ഇന്ത്യയില്‍ ഗര്‍ഭധാരണമെന്നത് വിവാഹിതരായ ദമ്പതികള്‍ക്കും സമൂഹത്തിനും സന്തോഷത്തിന്റെ ഉറവിടമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം വിവാഹിതയല്ലാത്ത സ്ത്രീക്ക് കുഞ്ഞു വേണ്ട എന്ന ഘട്ടത്തിലാണ് ഗര്‍ഭധാരണമെങ്കില്‍, അത് സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതു ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭഛിദ്രത്തിന് സുപ്രിം കോടതി അനുമതി നല്‍കിയത്.
കുട്ടിയെ ജീവനോടെ പുറത്തെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്തു നല്‍കുന്നതു വരെയുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സര്‍ക്കാരിനാണെന്നും സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ആദ്യ കേസായാണ് ഹരജി കോടതി പരിഗണിച്ചത്. ഹരജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ചായിരുന്നു അത്.ഇക്കഴിഞ്ഞ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് ബി.വി.നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് ഈ ഹരജി പരിഗണിച്ചത്.
ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷ വിമര്‍ശനം
ഹരജി പരിഗണിക്കവേ ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രിം കോടതി തൊടുത്തുവിട്ടത്. പരമോന്നത കോടതിക്കെതിരായി ഉത്തരവ് പുറപ്പെടുവിക്കാന്‍ കീഴ്‌ക്കോടതികള്‍ക്ക് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രിം കോടതി ഹരജി പരിഗണിച്ച ശനിയാഴ്ച വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് പുറത്തിറങ്ങിയത് ചൂണ്ടിക്കാട്ടിയാണ് കോടതി പരാമര്‍ശം. പരാതിക്കാരിയുടെ ഹരജി നീട്ടിവയ്ക്കാനിടയായ സാഹചര്യം വിശദീകരിച്ചുകൊണ്ടായിരുന്നു ഈ ഉത്തരവ്. സുപ്രിം കോടതി ഒരു തീരുമാനമെടുത്താല്‍ അതിനെ ധിക്കരിച്ചോ എതിര്‍ത്തോ മറ്റൊരു കീഴ്‌ക്കോടതികള്‍ക്കും ഉത്തരവ് നല്‍കാനാകില്ല എന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഈ കേസില്‍ ഗുജറാത്ത് സര്‍ക്കാരിനായി ഹാജരായത്. കുട്ടി ജനിച്ചാല്‍ അതിനെ ഏറ്റെടുത്ത് ദത്ത് നടപടികള്‍ ഉള്‍പ്പെടെ ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ യാതൊരു വിധ നടപടികളും സുപ്രിം കോടതി സ്വീകരിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥന മാനിച്ച് ഗുജറാത്ത് ഹൈക്കോടതിക്കെതിരായ പരാമര്‍ശങ്ങള്‍ സുപ്രിം കോടതി ഉത്തരവില്‍നിന്ന് ഒഴിവാക്കി.
ഗര്‍ഭഛിദ്രത്തിനായി ഈ മാസം 7ന് ആണു ഗുജറാത്ത് ഹൈക്കോടതില്‍ ഹരജി നല്‍കിയത്. 8നു വിഷയം പരിഗണിച്ച കോടതി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തേടി. അതിജീവിതയ്ക്ക് അനുകൂലമായി മെഡിക്കല്‍ ബോര്‍ഡ് 10നു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും 11നു ഹരജി 23 ലേക്കു മാറ്റി. പിന്നീടു 17നു വീണ്ടും പരിഗണിച്ചെങ്കിലും കാരണം വ്യക്തമായി പറയാതെ ഹരജി തള്ളി. വിധി പറയാന്‍ 12 ദിവസം നീട്ടി ഹരജി ലിസ്റ്റ് ചെയ്തതില്‍ ബെഞ്ച് അദ്ഭുതം പ്രകടിപ്പിച്ചിരുന്നു.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിത നല്‍കിയ ഹരജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയതിനും ഗുജറാത്ത് ഹൈക്കോടതിയെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത്തരം അടിയന്തരാവശ്യം അറിയാനുള്ള ബോധമാണു വേണ്ടതെന്നും സാധാരണകേസായി മാറ്റിവയ്ക്കുന്ന മനോഭാവമല്ല വേണ്ടതെന്നുമാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് കുറ്റപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."