മനുഷ്യ-പ്രകൃതി വിഭവ പരിപാലനത്തിന് കോഴിക്കോട് ബ്ലോക്കില്‍ നാലുകോടിയുടെ പദ്ധതി
കോഴിക്കോട്: മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തിനായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച സുസ്ഥിതി സമഗ്ര വിഭവ പരിപാലന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. നാല് കോടി രൂപയാണ് പദ്ധതി അടങ്കല്‍. വിവിധ വിഭാഗങ്ങളിലായി 75 ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യവിഭവ ശേഷിയും പരമ്പരാഗത പ്രകൃതി വിഭവങ്ങളും പരിസ്ഥിതി സൗഹൃദമായ മാര്‍ഗങ്ങളിലൂടെ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. മനോജ് കുമാര്‍ പറഞ്ഞു.
135 കര്‍ഷക ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തിയ ജൈവ ഗ്രാമം, വിദ്യാര്‍ഥികളെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ബോധവത്കരിക്കുന്നതിനുമുളള ബയോനിധി, സാറ്റലൈറ്റ് ഡയറി ഫാം, ഗ്രീന്‍ ആര്‍മിക്ക് കാര്‍ഷികോല്‍പ്പന്നങ്ങല്‍ നല്‍കല്‍ തുടങ്ങിയവാണ് പദ്ധതിക്ക് കീഴില്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുക.
യുവജനങ്ങള്‍ക്ക് നൂതന തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹായമാകുന്ന ഇന്നവേറ്റീവ് ഹബ്ബ്, പട്ടികജാതി യുവജനങ്ങള്‍ക്കായുളള സ്റ്റാര്‍ട്ട് അപ് സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്, അങ്കണവാടികളുടെ വികസനം, കാന്‍സര്‍, വ്യക്കരോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കല്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും. സുകൃതം വയോജന പരിപാലന പദ്ധതിയില്‍ കീഴില്‍ വയോജന സൗഹൃദ പാര്‍ക്ക് ഒരുക്കാനും ആസൂത്രണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."