സതിയമ്മ ജോലി ചെയ്തത് പകരക്കാരിയായി; രാഷ്ട്രീയമില്ലെന്ന് മന്ത്രി ചിഞ്ചുറാണി
സതിയമ്മ ജോലി ചെയ്തത് പകരക്കാരിയായി; രാഷ്ട്രീയമില്ലെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: സതിയമ്മയെ പുറത്താക്കിയ നടപടി ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ലെന്ന് മന്ത്രി ചിഞ്ചുറാണി. സതിയമ്മ താത്ക്കാലിക ജീവനക്കാരിയല്ലെന്നും അനധികൃതമായാണ് ഇവര്‍ ജോലി ചെയ്തതെന്നും പറയുന്നു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവര്‍ ജോലി ചെയ്തത്. ജിജിയുടെ അക്കൗണ്ടിലേക്ക് വരുന്ന പണം സതിയമ്മ കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച പരാതി ലഭിച്ചപ്പോഴാണ് നടപടിയെടുത്തത്. നടപടിക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പും രംഗത്തെത്തി. പരിയാരം വെറ്ററിനറി പോളിക്ലിനികിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ താത്കാലിക ജോലി ഐശ്വര്യ കുടുംബശ്രീ വഴിയാണ് ചെയ്ത് വരുന്നത്. ആറ് മാസത്തെ വീതം കരാറാണിത്. നിലവില്‍ ലിജിമോള്‍ എന്നയാളെയാണ് അവിടെ കുടുംബശ്രീ നിയമിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുന്‍പ് ഡപ്യൂട്ടി ഡയറക്ടര്‍ നടത്തിയ പരിശോധനയില്‍ ലിജിമോളല്ല ജോലി ചെയ്യുന്നതെന്നും സതിയമ്മയാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തി. എന്നാല്‍ ലിജിമോളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ശമ്പളം പോയിരുന്നത്. അത് ശരിയായ നടപടിയല്ലാത്തതിനാല്‍ യഥാര്‍ത്ഥ ആള്‍ തന്നെ ജോലിക്ക് വരണമെന്നായിരുന്നു നിര്‍ദ്ദേശിച്ചത്. ലിജിമോള്‍ക്ക് ഇനി ഒരു മാസം കൂടി ജോലി ചെയ്യാനാവും. ലിജിമോള്‍ വരുന്നതിന് മുന്‍പ് സതിയമ്മ അവിടെ ജോലി ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് ലിജിമോളല്ല ജോലി ചെയ്യുന്നതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡപ്യൂട്ടി ഡയറക്ടര്‍ പരിശോധിച്ചതെന്നും വകുപ്പ് അധികൃതര്‍ പറഞ്ഞു.
പുതുപ്പള്ളി പള്ളിക്കിഴക്കേതില്‍ പി ഒ സതിയമ്മ (52)യാണ് ഉമ്മന്‍ചാണ്ടിയെപ്പറ്റി ഒരു ചാനലിനോട് നല്ലതുപറഞ്ഞതിന് ജോലി നഷ്ടമായതായി പരാതി അറിയിച്ചത്. കൈതേപ്പാലം മൃഗാശുപത്രിയില്‍ സ്വീപ്പറായാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ചാനല്‍ റിപ്പോര്‍ട്ടര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രതികരണം തേടിയിരുന്നു. ഇതിനിടെ സതിയമ്മയോടും ഉമ്മന്‍ചാണ്ടിയെ കുറിച്ച് ചോദിച്ചു. മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും മകളുടെ വിവാഹത്തില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തും കാമറക്ക് മുമ്പില്‍ സതിയമ്മ വിശദീകരിച്ചു. ഉമ്മന്‍ചാണ്ടി ചെയ്ത സഹായത്തിന് നന്ദിയായി ചാണ്ടി ഉമ്മന് ഇത്തവണ വോട്ട് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
സതിയമ്മയുടെ പ്രതികരണം ഞായറാഴ്ച ചാനല്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ജോലിക്കെത്തിയപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്ക് കയറേണ്ടെന്ന് അറിയിക്കുകയായിരുന്നു. തന്നെ ഒഴിവാക്കാന്‍ മുകളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന സൂചനയിലാണ് വിവരം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചതെന്നും സതിയമ്മ പറയുന്നു.
വൈക്കത്തെ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണ് സ്വീപ്പറായി സതിയമ്മ ജോലിയില്‍ പ്രവേശിച്ചത്. നാല് വര്‍ഷത്തിന് ശേഷം കുടുംബശ്രീ വഴി കൈതേപ്പാലം മൃഗാശുപത്രിയില്‍ 8000 രൂപ മാസ വേതനത്തിന് ജോലിയില്‍ കയറി. എല്‍.ഡി.എഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് കൈതേപ്പാലം മൃഗാശുപത്രി.
minister-j-chinchurani-on-sathiyamma-dismissal-row
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."