ഘര്‍വാപസി'യില്‍ വിയര്‍ത്ത് ബി.ജെ.പി
സി.വി ശ്രീജിത്ത്
രാഷ്ട്രീയ പരീക്ഷണങ്ങള്‍ പലവിധത്തില്‍ അരങ്ങേറിയ മണ്ണാണ് കന്നഡനാട്. ദക്ഷിണേന്ത്യയില്‍ ആര്‍.എസ്.എസ് ദളങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള കര്‍ണാടകയില്‍ രാഷ്ട്രീയ, സാമൂഹിക, സാമുദായിക തലങ്ങളില്‍ സൂക്ഷ്മമായി ഇടപെട്ടുകൊണ്ട് തങ്ങളുടെ അജൻഡകളുടെ പരീക്ഷണശാലയാക്കി മാറ്റാന്‍ സംഘ്പരിവാറുകാർ കുറേക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഗീയ, വിദ്വേഷ രാഷ്ട്രീയത്തിന്റെ 'ടെസ്റ്റ് ഡോസുകള്‍' നല്‍കാനും അത് തങ്ങളാഗ്രഹിക്കുംവിധം ഫലപ്രദമായി വിന്യസിപ്പിക്കാനും ആര്‍.എസ്.എസിന് കഴിഞ്ഞത് അവരുടെ കേഡറുകളുടെ സംഘാടക കരുത്തിലാണ്. ഇതേ നുകത്തില്‍ കെട്ടിയാണ് ബി.ജെ.പിക്ക് രാഷ്ട്രീയ മേല്‍വിലാസം നേടിക്കൊടുക്കാനും അധികാരരാഷ്ട്രീയത്തില്‍ എത്തിക്കാനും ആര്‍.എസ്.എസിന് കഴിഞ്ഞത്. അതുകൊണ്ടുതന്നെ,
ജയപരാജയങ്ങള്‍ക്കപ്പുറം സംഘടിതമായ നെറ്റ് വര്‍ക്കിലൂടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാന്‍ കഴിയുമെന്നായിരുന്നു ആര്‍.എസ്.എസ് കണക്കുകൂട്ടിയത്. എന്നാല്‍ സംഘ്പരിവാറിന്റെ എല്ലാ ധാരണകളെയും തകിടം മറിച്ചുകൊണ്ട് കര്‍ണാടക ബി.ജെ.പി അസ്തിവാരമിളകി നില്‍പ്പാണ്. കെട്ടുപൊട്ടിയ പട്ടംപോലെ ബി.ജെ.പി അലയുമ്പോള്‍ അണികളും നേതാക്കളും പല വഴി തേടുകയാണ്. ഏറ്റവും ഒടുവില്‍ എം.എല്‍.എമാരുടെ പാര്‍ട്ടിമാറ്റ ചര്‍ച്ചകളിലെത്തി നില്‍ക്കുന്ന കാര്യങ്ങള്‍, ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മോദിക്കും അമിത് ഷായ്ക്കും വലിയ വെല്ലുവിളിയാണ്.
2019ല്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാരിനെ ഓപറേഷന്‍ താമരയിലൂടെ അട്ടിമറിച്ച് ബി.ജെ.പിയിലേക്ക് പോയ 14 എം.എല്‍.എമാരിൽ അഞ്ചു പേരുടെ കോണ്‍ഗ്രസിലെത്താനുള്ള നീക്കമാണ് ബി.ജെ.പിയെ അടിമുടി ആശങ്കപ്പെടുത്തുന്നത്. കൂടാതെ, പേരു വെളിപ്പെടുത്താത്ത മൂന്ന് എം.എല്‍.എമാര്‍ വേറെയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നത്. എന്തായാലും, ബി.ജെ.പി എം.എല്‍.എമാരുടെ 'ഘര്‍വാപ്പസി' പരസ്യമാവുകയും ചില എം.എല്‍.എമാര്‍ തങ്ങള്‍ നിന്നിടത്തുതന്നെ ഉറച്ചുനില്‍ക്കുമെന്ന് പ്രസ്താവിക്കുന്നിടം വരെ കാര്യങ്ങളെത്തി.
അപ്പോഴും നിലപാട് വ്യക്തമാക്കാതെയും സംശയങ്ങള്‍ ദൂരീകരിക്കാതെയും രണ്ട് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ക്യാംപിന് ചുറ്റും വട്ടമിട്ടു പറക്കുന്നതായാണ് ക്വീന്‍സ് റോഡില്‍ നിന്നുള്ള വിവരം. ഇതിനിടെ ബി.ജെ.പി എം.എല്‍.എ എസ്.ടി സോമശേഖര്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയെയും, ജെ.ഡി.എസ്. എം.എല്‍.എ അയ്‌നൂര്‍ മഞ്ചുനാഥ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും നേരില്‍കണ്ട് ചര്‍ച്ച നടത്തുക കൂടിയായതോടെ ബി.ജെ.പി ക്യാംപില്‍ അങ്കലാപ്പ് വര്‍ധിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് വന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരം ബി.എസ് യെദ്യൂരപ്പയും നളീന്‍ കുമാര്‍ കട്ടീലും ബസവരാജ് ബൊമ്മെയും എം.എല്‍.എമാരെ കണ്ട് ചര്‍ച്ച നടത്തി.
എന്നാല്‍ സോമശേഖറും ബൈരതി ബസവരാജും ഇൗ ചര്‍ച്ചയിലും പങ്കെടുത്തില്ല. ഇരുവരും കോണ്‍ഗ്രസ് ക്യാംപുമായി കൃത്യമായ ആശയവിനിമയം നടത്തുന്ന വിവരം ബി.ജെ.പിക്കും ലഭിച്ചിട്ടുണ്ട്. ബി.ജെ.പിക്കുള്ളില്‍ തങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെടുന്നതായി പരാതിയുള്ളവരാണ് തിരികെ കോണ്‍ഗ്രസിലെത്താനുള്ള നീക്കം നടത്തുന്നത്. ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത് രാഷ്ട്രീയഭാവിക്ക് ഭീഷണിയാകുമെന്നാണ് നഗര എം.എല്‍.എമാരുടെ പരാതി. കാര്യങ്ങളുടെ പോക്കിതാണെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കൊഴിഞ്ഞുപോക്കിന് സംസ്ഥാന ബി.ജെ.പി സാക്ഷിയാവേണ്ടി വരും.
കോണ്‍ഗ്രസ് വിട്ടവരെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ പി.സി.സി തലത്തില്‍ തുടങ്ങിയിരുന്നു. ഇതിനുവേണ്ടി അല്ലും വീരഭദ്രപ്പയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലകളില്‍ പ്രത്യേക യോഗങ്ങള്‍ ചേരുകയും നേതാക്കളുമായി കൂടിയാലോചന നടത്തി പുറത്തുള്ളവരെ അകത്തെത്തിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. പ്രാദേശികതലങ്ങളില്‍ നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്ന് പാര്‍ട്ടി വിട്ടവരെ തിരികെയെത്തിക്കാനുള്ള ശ്രമം ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു. എന്നാല്‍ എം.എല്‍.എമാരും എല്‍.എല്‍.സിമാരും അടങ്ങുന്ന മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്.
പ്രത്യേകിച്ച് ബി.ജെ.പിക്കൊപ്പം പോയ 14 എം.എല്‍.എമാരുടെ കാര്യത്തില്‍ അങ്ങോട്ടുചെന്നുള്ള ചര്‍ച്ച വേണ്ടെന്നാണ് തീരുമാനിച്ചത്. എം.എല്‍.എമാര്‍ രാജിവച്ച മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പില്‍ ഭരണ സ്വാധീനത്തിന്റെ മറവില്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നവര്‍ വിജയിച്ചു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ പരാജയപ്പെടുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ബംഗളൂരു നഗര മേഖലയിലെ പ്രത്യേക സാഹചര്യവും മോദിയുടെ പ്രചാരണതന്ത്രവും മധ്യവര്‍ഗത്തിലുണ്ടായ മനംമാറ്റവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പലരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, ഇവരുടെ മണ്ഡലങ്ങളിലെ പൊതുവികാരം നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മാറിത്തുടങ്ങിയിട്ടുണ്ട്. പലയിടത്തും പ്രാദേശിക ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. ബി.ജെ.പിയുടെ ടിക്കറ്റില്‍ വീണ്ടും ജയിച്ചുകയറിയ എം.എല്‍.എമാര്‍ അവരവരുടെ മണ്ഡലങ്ങളിലെ നാഡിമിടിപ്പ് അറിയാവുന്നവരാണ്. അണികളും പൊതുസമ്മതരായ പ്രാദേശിക നേതാക്കളും പാര്‍ട്ടിയില്‍നിന്ന് അകലുന്നതും കോണ്‍ഗ്രസ് അവരെ സ്വീകരിക്കുന്നതും കണ്ടുകൊണ്ടുതന്നെയാണ് മനം മാറ്റത്തിന് എം.എല്‍.എമാര്‍ ഒരുങ്ങിയത്. സിദ്ധരാമയ്യ സര്‍ക്കാരിന്റെ അഞ്ചിന ഗ്യാരന്‍ഡി പദ്ധതികള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജാതി-സമുദായ ഭേദമില്ലാതെ വലിയ തോതിലുള്ള സ്വീകാര്യതയ്ക്കും ജനപിന്തുണയ്ക്കും കാരണമായിട്ടുണ്ട്.
വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരിനും കോണ്‍ഗ്രസിനുമൊപ്പം നില്‍ക്കാനുള്ള ജനങ്ങളുടെ മനസ് പ്രത്യക്ഷത്തില്‍തന്നെ പ്രകടമാണ്. ഇത്തരം സാഹചര്യങ്ങള്‍ തീര്‍ത്തും പ്രതികൂലമായി ബാധിക്കുന്നത് ബി.ജെ.പിയെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2019ലെ ഫലം നേരെ മറിഞ്ഞുവരുമോ എന്ന ആശങ്കയാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. അന്ന് ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഇക്കുറി 20 സീറ്റ് ഉറപ്പിച്ച മട്ടിലാണ് കോണ്‍ഗ്രസ് ആത്മവിശ്വാസം.
ബി.ജെ.പിയെ അടിമുടി പ്രതിരോധത്തിലാക്കാനുള്ള പദ്ധതികൾ കോണ്‍ഗ്രസ് തുടങ്ങിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലെത്തിയ ശേഷമല്ല. തെരഞ്ഞെടുപ്പിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയ സമയത്തുതന്നെ കോണ്‍ഗ്രസ് കളി തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് പുറത്തിറക്കിയ 124 പേരുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയുടെ അടുത്ത അനുയായികള്‍ക്ക് ടിക്കറ്റ് നല്‍കിയത് 'ഘര്‍വാപ്പസി'ക്കുള്ള പ്രലോഭനം കൂടിയായിരുന്നു. ലിംഗായത്ത് സമുദായത്തിലെ പ്രബലരും യെദ്യുരപ്പയുടെ അടുത്ത വിശ്വസ്തരുമായിരുന്ന യു.ബി ബണക്കര്‍(ഹിരേകേരൂര്‍), കിരണ്‍കുമാര്‍(തുമക്കൂരു-കല്ലംബെല്ല)
എന്നിവരുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയത് ബി.ജെ.പിയിലെ അസംതൃപ്തര്‍ക്കുവേണ്ടിയുള്ള വാതിൽ തുറക്കല്‍ കൂടിയായിരുന്നു. ഇതിനു പിന്നാലെ ചെറുതും വലുതുമായി ഇരുന്നൂറോളം നേതാക്കളാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്. രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്നതിനുമുമ്പായി ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയും കോണ്‍ഗ്രസ് കൂടാരത്തിലെത്തി.
ഇതോടെ, ബി.ജെ.പി അടിമുടി പ്രതിരോധത്തിലായി. ലിംഗായത്ത് സ്വാധീനമേഖലയിലെ പ്രബലൻ ഷെട്ടാറിന്റെ വരവോടെ ഒരു കാര്യത്തില്‍ വ്യക്തത വന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നന്നേ വിയര്‍ക്കുമെന്ന്. ഫലം പുറത്തുവന്നപ്പോള്‍ പ്രവചനങ്ങള്‍ പൂര്‍ണമായും ശരിയായി. തുടര്‍ഭരണം സ്വപ്‌നം കണ്ട സംഘ്പരിവാർ കര്‍ണാടകയില്‍ അവരുടെ സ്വാധീന മേഖലകളില്‍വരെ തകര്‍ന്നടിഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയ പരാജയത്തോടൊപ്പം സംഘടനാപരമായ തകര്‍ച്ചയും പൂര്‍ണമാകുന്നതിനാണ് തെരഞ്ഞെടുപ്പാനന്തരം കന്നഡ നാട് സാക്ഷ്യംവഹിച്ചത്.
തെരഞ്ഞെടുപ്പിനുമുമ്പുള്ള ബി.ജെ.പിയേക്കാള്‍ ദയനീയമാണ് അതിനുശേഷമുള്ള പാര്‍ട്ടിയുടെ പ്രകടനം. തമ്മില്‍തല്ലും വിഭാഗീയതയും കാരണം പ്രതിപക്ഷ നേതാവിനെ പോലും പാര്‍ട്ടിക്ക് തെരഞ്ഞെടുക്കാനായില്ല. ഒന്നല്ല, നാലുതവണ കേന്ദ്രത്തില്‍ നിന്ന് നേതാക്കള്‍ വന്ന് ബൈഠക് നടത്തിയിട്ടും യോജിപ്പിലെത്താന്‍ പോയിട്ട് നേരിയ ധാരണപോലും സാധ്യമായില്ല. പ്രതിപക്ഷ നേതാവിനൊപ്പം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ കൂടി തെരഞ്ഞെടുക്കാനാണ് പാര്‍ട്ടി ആലോചിച്ചത്.
തര്‍ക്കം തീരാതെ വന്നതോടെ അതും പാതിവഴിയിലായി. ഇതിനിടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രണ്ടാംനിരയിലെ നേതാക്കള്‍ രംഗത്തെത്തി. ബി.എസ് യെദ്യൂരപ്പ-ബി.എസ് സന്തോഷ് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് പാര്‍ട്ടിയെ കര്‍ണാടകയില്‍ തറപറ്റിച്ചതെന്നാണ് നേതാക്കളുടെ ആക്ഷേപം. ഈ ആരോപണം ഏറ്റുപിടിച്ച ചില നേതാക്കള്‍ പാര്‍ട്ടി യോഗത്തില്‍ മാത്രമല്ല, പുറത്തും യെദ്യുരപ്പയെയും സന്തോഷിനെയും വിമര്‍ശനം കൊണ്ട് മൂടി. പാര്‍ട്ടിക്കും പാര്‍ലമെന്ററി പാര്‍ട്ടിക്കും നാഥനില്ലാത്ത അവസ്ഥയായതോടെ എം.എല്‍.എമാരുടെ പ്രവര്‍ത്തനം തോന്നിയതുപോലെയായി. പാര്‍ട്ടി ഏകോപനം പൂര്‍ണമായും ഇല്ലാതായതിനു പിന്നാലെയാണ് നേതാക്കളില്‍ പലരും പലവഴിക്കുള്ള ചിന്തകളിലായത്.
Content Highlights:Today's Article 23 aug about karnataka
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."