പൊലിയുമോ കാനഡ സ്വപ്‌നങ്ങള്‍? സ്റ്റുഡന്റ് വിസകള്‍ നിയന്ത്രിച്ചേക്കുമെന്ന് സൂചന; കാരണമിത്
പൊലിയുമോ കാനഡ സ്വപ്‌നങ്ങള്‍? സ്റ്റുഡന്റ് വിസകള്‍ നിയന്ത്രിച്ചേക്കുമെന്ന് സൂചന; കാരണമിത്
ഇന്ത്യയില്‍ നിന്നടക്കം ഉപരിപഠനത്തിനായി വിമാനം കയറുന്ന വിദ്യാര്‍ഥികളുടെ സ്വപ്‌ന ഭൂമികയാണ് കാനഡ. പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് കഴിഞ്ഞ കുറച്ച് നാളുകളായി കാനഡയിലേക്ക് സ്റ്റുഡന്റ് വിസയില്‍ കുടിയേറുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ഇത്തരം വിദേശ കുടിയേറ്റത്തിന് പ്രധാന കാരണമായി കണക്കാക്കുന്നു. എന്നാല്‍ വിദേശ വിദ്യാര്‍ഥികളെ സംബന്ധിച്ച് അത്ര ശുഭകരമായ വാര്‍ത്തയല്ല ഇപ്പോള്‍ കാനഡയില്‍ നിന്ന് പുറത്തുവരുന്നത്.
കാനഡയിലേക്ക് വിമാനം കയറുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉചിതമായ താമസ സൗകര്യം കണ്ടെത്തുക എന്നത്. വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും കുടിയേറ്റം വ്യാപകമായതോടെ വീടുകള്‍ക്കുള്ള വാടകയും കുത്തനെ ഉയര്‍ന്നു. ചെറിയ സൗകര്യങ്ങളുള്ള ഒറ്റമുറികള്‍ക്ക് പോലും വലിയ വാടകയാണ് നല്‍കേണ്ടത്.
കുടിയേറ്റം വ്യാപകമായതോടെ വീടുകള്‍ കിട്ടാതായി. സ്വദേശികള്‍ക്ക് പോലും വാടക വീടുകള്‍ ലഭിക്കാനില്ലാത്ത അവസ്ഥ. കുടിയേറ്റ പ്രതിസന്ധിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ പ്രശ്‌ന പരിഹാരമായി കാനഡ തങ്ങളുടെ സ്റ്റുഡന്റ് വിസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അധികാരത്തിലേറിയതിന് പിന്നാലെ പുതിയ ഭവന വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍ ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്.
' വര്‍ധിച്ചുവരുന്ന ഭവന ചെലവിന്റെ സമ്മര്‍ദ്ദമാണ് കാനഡ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ കുതിച്ചുയരുന്ന വിദേശ വിദ്യാര്‍ഥി വിസകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്' അദ്ദേഹം പറഞ്ഞു.
2022 ലെ കണക്ക് പ്രകാരം 800,000 ലധികം വിദേശ വിദ്യാര്‍ഥികള്‍ കാനഡയിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 ല്‍ 2,75,000 ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ വലിയ വര്‍ധനവ് കാണിക്കുന്നത്. പത്തുവര്‍ഷം കൊണ്ട് കാനഡയിലേക്കുള്ള കുടിയേറ്റം പതിന്‍മടങ്ങായി വര്‍ധിച്ചുവെന്നും സര്‍ക്കാരും ഇതിന് അനുകൂലമായ നിലപാടായിരുന്നു ഇത്രയും കാലം സ്വീകരിച്ചിരുന്നതെന്നും സീന്‍ ഫ്രേസര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എങ്കിലും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാത്തത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.
അതേസമയം ഭവന വാടക രംഗത്തെ പ്രശ്‌നങ്ങള്‍ കാനഡയില്‍ രാഷ്ട്രീയ പ്രശ്‌നമായും ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ സര്‍ക്കാര്‍ ഭവന പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും പരിഹാരത്തിന് ഉചിതമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആരോപണം. 2025 ല്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് പോവുമോ എന്നതാണ് മലയാളികളടക്കമുള്ള വിദ്യാര്‍ഥികളും ഉറ്റുനോക്കുന്നത്.
പൊലിയുമോ കാനഡ സ്വപ്‌നങ്ങള്‍? സ്റ്റുഡന്റ് വിസകള്‍ നിയന്ത്രിച്ചേക്കുമെന്ന് സൂചന; കാരണമിത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."