ഇനി ചന്ദ്രൻ പറയും ഒളിപ്പിച്ചുവച്ച രഹസ്യങ്ങൾ
ഡോ.അബേഷ് രഘുവരൻ
വിക്രം സാരാഭായി എന്ന ബഹിരാകാശ ശാസ്ത്രത്തിലെ അതികായന്റെ പേരുള്ള ‘വിക്രം’ എന്ന ലാൻഡർ ഇന്നലെ കൃത്യം 6.04ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മെല്ലെ പറന്നിറങ്ങി. വൈകിട്ട് 5.45 മുതൽ രാജ്യം ആകാംക്ഷയുടെ മുൾമുനയിലായിരുന്നു. ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് കംപ്യൂട്ടറുകൾക്കുമുന്നിൽ നിരന്നിരിക്കുന്ന ബഹിരാകാശ ശാസ്ത്രജ്ഞന്മാർ അവരുടെ മുഖത്ത് സന്തോഷം വരുത്താൻ ശ്രമിക്കുന്നു. 5.45 മുതലുള്ള 18 മിനിറ്റുകൾ അതി നിർണായകമായിരുന്നു. 2019ലെ ചന്ദ്രയാൻ 2 ദൗത്യത്തിൽ പാളിപ്പോയ ആ അവസാന നിമിഷങ്ങൾ; അത് കടന്നുപോകുക പ്രയാസമാണ്. വെറും മൂന്ന് രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളൂ. നാലാമത്തെ രാജ്യമായി ഇന്ത്യ ലോകം മുഴുവൻ അറിയുവാൻ ഇതാ വെറും 18 മിനിറ്റുകൾ മാത്രം. കാത്തിരിപ്പ് ഒടുവിൽ അവസാനിച്ചു. കൃത്യം 6.03 നുതന്നെ ഇന്ത്യയുടെ പതാക പേറിയ റോവറുമായി ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രന്റെ ഉപരിതലം തൊട്ടു.
ചന്ദ്രയാൻ ദൗത്യം ടി.വിയിലും മറ്റും തത്സമയം കണ്ടുകൊണ്ടിരുന്ന ജനലക്ഷങ്ങൾ സന്തോഷത്താൽ ആനന്ദനൃത്തം ചവിട്ടി. ചന്ദ്രയാൻ 3 വെറുമൊരു ബഹിരാകാശദൗത്യം മാത്രമായിരുന്നില്ല. ഇന്ത്യയെ ചേർത്തുപിടിച്ച, നമ്മുടെ ശാസ്ത്രനേട്ടങ്ങൾ നാളെയുടെ പുരോഗതിക്കായി ഉപയോഗിക്കണമെന്ന ചിന്തയിൽ മനസ്സുകൊണ്ട് ഒന്നായ ഒരു ജനതയുടെകൂടി വിജയദൗത്യം ആയിരുന്നു.
ദക്ഷിണധ്രുവത്തിൽ ആദ്യം നാം
ചാന്ദ്രദൗത്യങ്ങൾക്ക് അപ്രാപ്യമായ ദക്ഷിണധ്രുവത്തിൽ ലാൻഡിങ് തെരഞ്ഞെടുത്തത് യാദൃച്ഛികമായിട്ടല്ല. അത് ദുഷ്‌കരമെങ്കിലും നമുക്കത് നേടാനാകുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. ശാസ്ത്രം എന്നും അങ്ങനെയാണ്. അപ്രാപ്യമെന്ന് കരുതുന്നത് പ്രാപ്യമാക്കി കാണിക്കാനുള്ള വെമ്പൽ ശാസ്ത്രത്തിന്റെ പ്രത്യേകതയാണ്. വിജയകരമായി ഇറങ്ങാനുള്ള സാധ്യത 99% ആണെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങൾ സംഭവിച്ചാൽ മറ്റൊരുദിനം കൂടി റിസർവായി മാറ്റിവച്ചിരുന്നു. ഒട്ടും താമസിക്കില്ല, ഈ മാസം 27 നുതന്നെ. പക്ഷേ, അതിലേക്ക് സ്വപ്നത്തെയും പ്രതീക്ഷയേയും നീട്ടിയില്ല. നിശ്ചയിച്ച അതേ ദിവസത്തിൽ, കൃത്യസമയത്തുതന്നെ നേട്ടം കൊയ്തു. റഷ്യയുടെ ചാന്ദ്രദൗത്യമായ 'ലൂണ' പരാജയപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ അതേ ദൗത്യത്തിലൂടെ ചന്ദ്രയാനിലൂടെ നാം തലയുയർത്തിനിന്നു.
ചന്ദ്രയാന്റെ ചരിത്രം
ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യങ്ങളിൽ മൂന്നാമത്തേതാണ് ചാന്ദ്രയാൻ 3. ഒന്നാമത്തേതായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് 2008ൽ ആയിരുന്നു. ചാന്ദ്ര ദൗത്യങ്ങളിൽ ഹാർഡ് ലാൻഡിങ്, സോഫ്റ്റ് ലാൻഡിങ് എന്നിങ്ങനെ രണ്ടുതരത്തിലാണ് ലാൻഡിങ് നടക്കാറുള്ളത്. ഹാർഡ് ലാൻഡിങ് അല്ലെങ്കിൽ ക്രാഷ് ലാൻഡിങ്ങിനെക്കാൾ സോഫ്റ്റ് ലാൻഡിങ്ങിലൂടെ മാത്രമേ നമുക്ക് റോവറുകളെ സുരക്ഷിതമായി ഇറക്കുവാനും അതുവഴി കൂടുതൽ പഠനങ്ങൾ നടത്താനും കഴിയുകയുള്ളൂ. എന്നാൽ ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രയാൻ ദൗത്യം ക്രാഷ് ലാൻഡിങ് ആയിരുന്നു. രണ്ടാമത്തേതാവട്ടെ 2019ൽ സോഫ്റ്റ് ലാൻഡിങ്ങിനു ശ്രമിച്ചെങ്കിലും അവസാനഘട്ടത്തിൽ പരാജയപ്പെടുകയും ചെയ്‌തു. ഇത്തവണ സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കി ചന്ദ്രയാൻ മൂന്നാമത്തെ ദൗത്യം ചരിത്രത്തിൽ അടയാളപ്പെടുത്തി.
നാലാമത്തെ വർഷംതന്നെ വീണിടത്തുനിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റതാണ് ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രസക്തി. സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടപ്പാക്കിയ രാജ്യങ്ങളിൽ നാലാം സ്ഥാനത്ത് നിൽക്കുന്നതും ആ നിശ്ചയദാർഢ്യവും ശാസ്ത്രബോധവും കൊണ്ട് മാത്രമാണെന്ന് പറയാതെവയ്യ.
നീളുന്ന പ്രതീക്ഷകൾ
അടുത്തദിവസം ലാൻഡറിന്റെ ഒരുവശത്തെ പാനൽ തുറന്ന് റോവർ പുറത്തേക്കിറങ്ങും. ആറു ചക്രമുള്ള ഈ റോവറിൽ ഇന്ത്യയുടെ ദേശീയപതാകയും ഐ.എസ്.ആർ.ഒയുടെ മുദ്രയുമുണ്ട്. അതിലുള്ള നാവിഗേഷൻ കാമറ ഉപയോഗിച്ച് പരിസരം സ്കാൻ ചെയ്യും. അവിടെനിന്ന് സിഗ്നലുകൾ ലാൻഡറിലേക്ക് കൈമാറും. അവിടെനിന്ന് ഭൂമിയിലേക്കും. റോവർ സുരക്ഷിതമായി ചന്ദ്രനിൽ ഇറക്കിയതിനാൽ ബുദ്ധിമുട്ടില്ലാതെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും.
സോളാർ പാനലിലൂടെ ഊർജം സംഭരിക്കാൻ കഴിവുള്ളതിനാൽ ചാർജ് തീരുമെന്ന ആശങ്കയും വേണ്ട. ചുരുക്കിപ്പറഞ്ഞാൽ സോഫ്റ്റ് ലാൻഡിങ്ങിലൂടെ ചന്ദ്രന്റെ രഹസ്യത്തിന്റെ ഉള്ളറകൾ മെല്ലെ തുറക്കുവാൻ പോകുകയാണ്.
ഏറ്റവും ദുഷ്‌കര ഘട്ടങ്ങൾ താണ്ടിക്കഴിഞ്ഞു. റോവർ പുറത്തിറങ്ങിക്കഴിഞ്ഞാൽ അവിടെയുള്ള വിവരങ്ങൾ കിട്ടിത്തുടങ്ങും. ഇനി കാണാനും അറിയാനും പോകുന്നതൊക്കെ ചന്ദ്രൻ രഹസ്യമായി ഒളിപ്പിച്ചുവച്ച ശാസ്ത്രസത്യങ്ങളാവും എന്നർഥം.
(കൊച്ചി സർവകലാശാല, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
Content Highlights:Today's Article in aug 24 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."