ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി; ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ട് ബോര്‍ഡ് പരീക്ഷകള്‍
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി; ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ട് ബോര്‍ഡ് പരീക്ഷകള്‍
ന്യൂഡല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി. വാര്‍ഷിക ബോര്‍ഡ് പരീക്ഷകളില്‍ ഉള്‍പ്പെടെ കാര്യമായ മാറ്റങ്ങളോടെയാണ് ചട്ടക്കൂട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് 600പേജ് വരുന്ന പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയത്. 2024ലെ അക്കാദമിക വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്ന് മന്ത്രി അറിയിച്ചു. പുതിയ ചട്ടക്കൂട് പ്രകാരം ബോര്‍ഡ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുതവണ നടത്തും. പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന സ്‌കോര്‍ ആയിരിക്കും പരിഗണിക്കുക. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ രണ്ട് ഭാഷകള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മതിയായ സമയവും അവസരവും നല്‍കുന്നതിന് വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ബോര്‍ഡ് പരീക്ഷകള്‍ നടത്തുമെന്നാണ് ചട്ടക്കൂട് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാഷാപരമായ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെ അടുത്തറിയാനും സഹായിക്കുകയെന്നതാണ് ചട്ടക്കൂടിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മാസങ്ങളോളം നീളുന്ന പരിശ്രമങ്ങള്‍ കൊണ്ട് മനഃപാഠമാക്കുകയും കാണാപാഠം പഠിക്കുകയും ചെയ്യുന്നതിന് പകരം വിദ്യാര്‍ഥികളുടെ ധാരണയും കഴിവും വിലയിരുത്തുന്നതിനാണ് പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം പറഞ്ഞു. പരീക്ഷകള്‍ വിദ്യാര്‍ഥികളുടെ കഴിവുകളും ധാരണകളും നേട്ടങ്ങളും വിലയിരുത്തുന്നതാകും. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ.കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചട്ടക്കൂടിനായുള്ള കരട് തയാറായിക്കിയത്. കരട് ഏപ്രിലില്‍ പൊതുജന നിര്‍ദേശങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങളോടെയാണ് പുതിയ ചട്ടക്കൂടിന് രൂപം നല്‍കിയത്. രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ വിലയിരുത്തുന്നതിനുള്ള മൂല്യനിര്‍ണയ രീതിയിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷകള്‍ക്ക് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഒരു 'സമഗ്രമായ ടെസ്റ്റ് ഐറ്റം ബാങ്ക്' സൃഷ്ടിച്ച വിദ്യാര്‍ഥികളുടെ പ്രകടനം മെച്ചപ്പെടുത്തും. പരീക്ഷ എളുപ്പമാക്കുന്നതിന്, കോഴ്‌സ് ഉള്ളടക്കം കുറയ്ക്കും. ഓര്‍മശക്തി പരീക്ഷിക്കുന്നതിനേക്കാള്‍ കഴിവുകള്‍ വിലയിരുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍, എല്ലാ ബോര്‍ഡുകളും സെമസ്റ്റര്‍ അല്ലെങ്കില്‍ ടേം അധിഷ്ഠിത സംവിധാനങ്ങളിലേക്ക് മാറിയിരിക്കണം അവിടെ വിദ്യാര്‍ഥികള്‍ക്ക് വിഷയം പൂര്‍ത്തിയാക്കിയാലുടന്‍ വിഷയത്തില്‍ പരീക്ഷയുണ്ടാകും. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നത് ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ് തുടങ്ങിയ സ്ട്രീമുകളില്‍ മാത്രമായി പരിമിതപ്പെടുത്തില്ല. ഇതില്‍ വൈവിധ്യമുണ്ടാകും.
വൊക്കേഷണല്‍ എജ്യുക്കേഷന്‍, ആര്‍ട്ട് എജ്യൂക്കേഷന്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് മൊത്തത്തിലുള്ള സര്‍ട്ടിഫിക്കേഷനില്‍ മൂല്യനിര്‍ണയത്തിന്റെ 75ശതമാനം വെയിറ്റേജ് ഡെമോണ്‍സ്‌ട്രേഷന്‍ അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണയത്തിനും 25ശതമാനം എഴുത്ത് പരീക്ഷയ്ക്കും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."