കെട്ടാങ്ങല്‍-കമ്പനിമുക്ക് റോഡ് തകര്‍ന്നു; യാത്രക്കാര്‍ ദുരിതത്തില്‍
കെട്ടാങ്ങല്‍: ഒരു വര്‍ഷത്തോളമായി അധികൃതരുടെ ഭാഗത്ത് നിന്നും ഒരു പരിഹാരവുമില്ലാതെ തകര്‍ച്ച പൂര്‍ണമായിക്കൊണ്ടിരിക്കുകയാണ് കെട്ടാങ്ങല്‍-കമ്പനിമുക്ക് റോഡ്. കെട്ടാങ്ങല്‍-മുക്കം റോഡിനെയും കുന്ദമംഗലം റോഡിനെയും ബന്ധിപ്പിക്കുന്ന കെട്ടാങ്ങല്‍-കൊടുവള്ളി റോഡില്‍ കെട്ടാങ്ങല്‍ അങ്ങാടി മുതല്‍ പുളളാവൂര് ഇറക്കം വരെയുള്ള ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ മിക്കഭാഗങ്ങളും വലിയ കുഴികളും വെള്ളക്കെട്ടുമായി റോഡിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. ഈ റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് 'സുപ്രഭാത'ത്തില്‍ പല തവണ വാര്‍ത്ത വന്നിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു പരിഗണനയും ഇതുവരെ കിട്ടിയില്ല. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നിരവധി കഴിഞ്ഞതാണ്. പൊതുമരാമത്തു വകുപ്പ് കൊടുവള്ളി സെക്ഷന്‍ ഒഫിസിന് കീഴിലുള്ളതാണ് കെട്ടാങ്ങല്‍-കമ്പനി മുക്ക് റോഡ്. നിരവധി സ്ഥാപനങ്ങളുള്ള പുള്ളാവൂര്‍, കമ്പനിമുക്ക്, ദയാപുരം, മലയമ്മ ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. എന്‍.ഐ.ടി രണ്ടാം കാംപസിലേക്ക് എത്തിച്ചേരാനും കൊടുവള്ളി-മാവൂര്‍-കൊണ്ടോട്ടി വഴി എയര്‍പോര്‍ട്ടിലേക്ക് വരെ യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡാണിത്. കാല്‍നട യാത്രക്കാര്‍ക്ക് നടന്ന് പോവാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഈ റോഡ്. എത്രയും പെട്ടെന്ന് ഈ ശോചനീയാവസ്ഥയ്ക്കൊരു പരിഹാരമുണ്ടാവണം എന്നാണ് നാട്ടുകാര്‍ക്ക് അധികാരികളൊട് പറയാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."