HOME
DETAILS

ആകാശം തൊട്ട മനുഷ്യരും നക്ഷത്രങ്ങൾ വായിച്ച മുസ്‌ലിംകളും

  
backup
August 24 2023 | 18:08 PM

todays-article-aug-25-2023

ശു െഎബുൽ ഹൈതമി

നിരീക്ഷണ വിധേയമായ പ്രപഞ്ചത്തിന്റെ വ്യാസം 95 ബില്യൻപ്രകാശവർഷങ്ങളാണെന്നാണ് വാനശാസ്ത്രജ്ഞരുടെ ഏകദേശ കണക്ക്. അതിനേക്കാൾ വലിയ, നിരീക്ഷണ വിധേയമാകാത്ത ശ്യാമപ്രപഞ്ചങ്ങളുടെ വ്യാസം ഊഹ്യമല്ലതാനും. ഏകദേശം 32നുശേഷം 58 പൂജ്യങ്ങൾ ചേർത്താലുള്ള സംഖ്യാമൂല്യം അനുപാതം ഒന്ന് എന്നതാണ് ഭൂമിയും കണ്ടെത്തപ്പെട്ട പ്രപഞ്ചവും തമ്മിലുള്ളത്. അക്കൂട്ടത്തിൽ, ശാസ്ത്രത്തിന്റെ ഭാഷയിൽ, ഭൂമിക്ക് പുറത്ത് മനുഷ്യൻ കാലൂന്നിയ പരമാവധി അകലം 3,84,403 കിലോമീറ്റർ ദൂരെയുള്ള ചന്ദ്രനിലാണ്. എന്നാൽ, 1969ലോ ശേഷമോ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടില്ലെന്നും നാസ പുറത്തുവിട്ട നീൽ ആംസ്ട്രോങ്ങിന്റെയും സംഘത്തിന്റെയും അപ്പോളോ മിഷൻ, സോവിയറ്റ് യൂനിയനുമേൽ മാനസികാധിപത്യം നേടാൻ വേണ്ടി അമേരിക്ക
സൃഷ്ടിച്ചെടുത്ത മരുഭൂമിയിൽ കൃത്രിമദൃശ്യങ്ങളാണെന്നുമുള്ള ആരോപണങ്ങൾ ഇപ്പോഴും ജ്യോതിശാസ്ത്രലോകത്ത് നിലനിൽക്കുന്നു.

പ്രസ്തുത വിവാദം ഇവിടെ വിശദീകരിക്കുന്നില്ലെങ്കിലും മൈക്രോ- ബയോമെട്രിക് ചിപ്പുകൾ വഴി മനുഷ്യരുടെ മാനസിക വിചാരങ്ങൾ ഒപ്പിയെടുക്കാൻ മാത്രം ശാസ്ത്രം സൂക്ഷ്മ വളർച്ച പ്രാപിച്ച ഇക്കാലത്ത് നൂറുവർഷങ്ങൾ മുമ്പത്തെ ഫിലിം സെല്ലുലോയ്ഡുകളിൽ മാധ്യമങ്ങൾ അത്ഭുതം കൂറുന്നത് പോലെത്തന്നെയാണ് അരനൂറ്റാണ്ട് മുമ്പേ 12 മനുഷ്യർ ജീവനോടെ ഇറങ്ങി, കൊടികുത്തി മടങ്ങിവന്ന ചന്ദ്രനിൽ പേടകമെത്തിക്കുന്നതിലെ മാധ്യമങ്ങളുടെ അത്ഭുതവും എന്ന് തുടങ്ങുന്ന യുക്തിന്യായങ്ങൾ ഉത്തരമില്ലാതെ കിടക്കുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയാണ് തുടർദൗത്യത്തിന്റെ മുമ്പിലെ തടസം എന്നാണ് നാസ അതിന്റെ വെബ്സൈറ്റിൽ കാണിക്കുന്ന ന്യായം. നാസ ഇപ്പോഴും ചാന്ദ്രയാൻ 3 പോലുള്ള ആളില്ലാ പേടകം ചന്ദ്രനിലേക്ക് പറഞ്ഞയക്കാൻ ശ്രമിക്കുകയാണ്.


നക്ഷത്രമെണ്ണിയ മുസ്‌ലിംകൾ
അഞ്ചുനേര നിസ്കാരത്തിന്റെ സമയം, ഖിബ ലയുടെ ദിശ, മാസപ്പിറവി, അന്യഗ്രഹ ജീവികൾ, ഭൂതവും മാലാഖയും തുടങ്ങിയവയെ സംബന്ധിക്കുന്ന അന്വേഷണം ഇസ്‌ലാമിലെ അടിസ്ഥാന വിജ്ഞാനങ്ങളുടെ ഭാഗമാണ്. അബ്ബാസി ഭരണാധികാരി ഖലീഫ മഅ്മൂനിന്റെ വസ്ത്രത്തിൽ യൂക്ലിഡിന്റെ പ്രസിദ്ധ അഞ്ചാം പ്രമാണം വരച്ചുവച്ചിരുന്നു. മുസ്‌ലിം പണ്ഡിതരുടെ ദൃഷ്ടി ആകാശ-ഭൂമികൾക്കിടയിൽ പരന്നൊഴുകിയതിന്റെ മുദ്രകളാണ് മോഡേൺ ആസ്ട്രോണമി ഉപയോഗിക്കുന്ന നക്ഷത്രങ്ങളുടെയും രാശികളുടെയും നാമങ്ങൾ പോലും. പലതും അറബിപ്പദങ്ങളുടെ നിഷ്പന്നങ്ങളാണ്.

ഉദാഹരണത്തിന്, ഡിസംബർ, ജനുവരി മാസങ്ങളിൽ രാത്രിയുടെ ആദ്യ യാമങ്ങളിൽ നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവുന്ന ഇടവരാശിയുടെ മധ്യത്തിലുള്ള നക്ഷത്രമാണ് ഇംഗ്ലീഷിൽ V എന്ന അക്ഷരം പോലുള്ള രോഹിണി. അറബിയിൽ അതിന് 'അദ്ദുബ്റാൻ' എന്നാണ് പേര്. ഇംഗ്ലീഷിൽ ALDEBARAN.
മേടം അഥവാ മാർച്ച് 21ന് ആണ് രാശി ആരംഭിക്കുന്നത്. ഹമൽ അഥവാ ആട് എന്നാണതിന്റെ പേര്, ഇംഗ്ലീഷിൽ RAM എന്നും. പിന്നീട് യഥാക്രമം അൽഥൗർ, അൽജ്വവ്സാ, അസ്സർഥാൻ, അൽഅസദ്, അൽഅദ്റാ, അൽമീസാൻ, അൽഅഖ്റബ്, അൽഖ്വവ്സ്, അൽജദ്‌യ്, അദ്ദൽവ്, അൽഹൂത് എന്നിങ്ങനെ അറബിയിലും അതേ അർഥത്തിൽ The Bull, The Twins, The Crab, The Lion, The virgin, The balence, The scorpian, The Sagittarius, The Goat, The water bearer, The fish എന്നിങ്ങനെ ഇംഗ്ലീഷിലും ഇടവം (കാള), മിഥുനം (ഇണകൾ), കർക്കിടകം(ഞണ്ട്), ചിങ്ങം(സിഹം ), കന്നി(കന്യക), തുലാം (ത്രാസ്), വൃശ്ചികം(തേൾ ), ധനു (വില്ല്), മകരം (ആട്), കുഭം(തൊട്ടി), മീനം(മത്സ്യം) എന്നിങ്ങനെ ഭാരതീയ ഭാഷയിലും രാശികൾക്ക് പേര് വന്നു. ഇവിടെ, പടിഞ്ഞാറൻ, ഭാരതീയ വാനശാസ്ത്രജ്ഞർ മുസ് ലിം പണ്ഡിതന്മാരുടെ കൃതികൾ അപ്പടി അവലംബിക്കുകയായിരുന്നു എന്ന് അതിന്റെ ക്രൊണോളജി പരിശോധിച്ചാൽ വ്യക്തമാവും.


ചന്ദ്രന്റെ 27-28 ഭവനങ്ങളുടെ നാമങ്ങൾ പരിശോധിച്ചാലും അക്കാര്യം ഏറെക്കുറേ കൃത്യമാവും. വിഷുവം, അയനം, രാഹു, കേതു, തിഥി, ശുക്ല - കൃഷ്ണ വൃദ്ധിക്ഷയം തുടങ്ങിയ സൗര-ചന്ദ്ര അവസ്ഥകളുടെയെല്ലാം പേരുകളിൽ കൃത്യവും മാതൃകയും അറബ് നാമങ്ങളാണെന്ന് കാണാം. മാത്രമല്ല, ഭൂമിയെ ഖഗോള സങ്കൽപ്പത്തിലേക്ക് വലുതാക്കി വടക്ക് ധ്രുവ നക്ഷത്രം കണക്കാക്കി ദിക്കുകൾ നിർണയിക്കുന്ന രീതിയും അക്ഷാംശ-രേഖാംശാ മാനദണ്ഡങ്ങൾ കണ്ടെത്തുന്ന കണക്കുകളും ആധുനിക ലോകം മുസ്‌ലിം പണ്ഡിതന്മാരിൽനിന്ന് കടമെടുത്തതാണ്. GMT കണക്കാക്കാൻ ഗ്രീനിച്ച് രേഖ ആധാരമാക്കുന്നതിന് സഹസ്രാബ്ദങ്ങൾക്ക് മുമ്പേ പ്രപഞ്ചത്തെ കിഴക്ക്-പടിഞ്ഞാറായി ഭാഗിക്കുന്ന വ്യത്യസ്ത രേഖകൾ(വൃത്തങ്ങൾ) മുസ്‌ലിം പണ്ഡിതർ അവലംബിച്ച്, ആസ്ട്രോലാബും ത്രികോണമിതിയുംവച്ച് മക്കയുടെ ദിശ കണ്ടെത്തിയിരുത്തു.

മാർച്ച് 21(ഹമൽ രാശിയാരംഭം)നും സെപ്റ്റംബർ 23നും(മീസാൻ രാശിയാരംഭം) സൂര്യൻ ഭൂമധ്യ രേഖയിലായതിനാൽ അക്ഷാംശം പൂജ്യം ഡിഗ്രിയിലുള്ളവർക്ക് രാപ്പകൽ തുല്യമായിരിക്കുമെന്ന് അവർ നൂറ്റാണ്ടുകൾക്ക് മുമ്പേ രേഖപ്പെടുത്തിവച്ചു. ഭൂമി സൂര്യനെ ഒരു തവണ ചുറ്റാനായി 365 ദിവസത്തിനു പുറമേ എടുക്കുന്ന ആറ് മണിക്കൂർ (5 മണിക്കൂർ+48 മിനുട്ട്+46 സെക്കന്റ്) എന്ന പ്രശ്നം പരിഹരിക്കാൻ നാലിൽ ഒരു വർഷം അധിവർഷമാക്കി 366 ദിവസമാക്കുന്ന രീതി അവർ നേരത്തെ അവലംബിച്ചു. ക്രിസ്തുവർഷത്തെ 4കൊണ്ട് ഹരിച്ച് ഒന്ന് ശിഷ്ടം വരാത്ത വർഷമാണ് അധിവർഷം. ആധുനിക വാനശാസ്ത്രം അവലംബിക്കുന്ന ഖഗോള വൃത്തങ്ങളായ Celestial equator, Ecliptic, Solstitial Colure, Declination Circle, Latitude Circle, Celestial Horizon, Celestial Meridian, Prime Vertical Circle, Altitude Circle തുടങ്ങിയവ യഥാക്രമം മുഅദ്ദിലുന്നഹാർ, മിൻത്വഖതുൽ ബുറൂജ്, അൽ മാറ :ബിൽ അഖ്ത്വാബ്, ദാഇറതുൽ മൈൽ, ദാഇറതുൽ അറള്, ദാഇറതുൽ ഉഫുഖ്, ദാഇറതു നിസ്ഫിസ്സമാ, ദാഇറതു അവ്വലിസ്സുമൂത്, ദാഇറതുൽ ഇർതിഫാ എന്നീ പേരുകളിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ രചിക്കപ്പെട്ട മുസ്‌ലിം പണ്ഡിത രചനകളിൽ ഉണ്ടായിരുന്നു.

തത്വങ്ങൾക്കപ്പുറം സൂര്യന്റെ നിഴലും ജ്യാമിതീയ ഗണിതവും അവർ പ്രയോഗിച്ചു. സൂര്യനെ ആധാരമാക്കുന്ന Solar Year ഉം ചന്ദ്രനെ ആധാരമാക്കുന്ന Lunar Year ഉം അത് പ്രകാരമുള്ള സമയക്രമവും ഇസ്‌ലാമിൽ ഇടം നേടി. ഇസ്‌ലാമിൽ മാസവും വർഷവും ചാന്ദ്രികവും സമയം സൗരവുമാണെന്ന് ചുരുക്കാം. ഭൂമിക്ക് വെളിയിൽ അപരഭൂമികളും അപരലോകങ്ങളും ഉണ്ടാകാമെന്ന് മുസ്‌ലിം പണ്ഡിതർ നേരത്തെ നിരീക്ഷിച്ചു. ആധുനിക വീക്ഷണത്തിൽനിന്ന് നേരിയ മാറ്റങ്ങളോടെ മൾട്ടിവേഴ്സ് പ്രപഞ്ചഘടനയെ അവതരിപ്പിച്ച തത്വജ്ഞർ അവർക്കിടയിലുണ്ട്. വിശുദ്ധ ഖുർആനിലെ ശൂറാ 29 വചനം മുൻനിർത്തി അന്യഗ്രഹ ജീവികൾക്ക് അവർ സാധുത കൽപ്പിച്ചു.

'ഡിജിറ്റൽ, ബയോ, മൾട്ടി' മനുഷ്യാവതാര സാധ്യതകൾ അവർ സമയ - സ്ഥലോർജ ദ്രവ്യാവസ്ഥകൾ നിരീക്ഷിച്ച് അവതരിപ്പിച്ചു. ആപേക്ഷിക സിദ്ധാന്തം വന്ന് സമയത്തെ നാലാം മാനമാക്കി ലോകം ഗണിക്കുന്നതിന് എത്രയോ മുമ്പ് ടൈം വീലും ടൈം ഡയേലേഷനും ഉണ്ടെന്ന് അവർ അനുമാനിച്ചു. കൊസാലിറ്റി എന്ന ക്ലാസിക്കൽ ഫിസിക്സിന്റെ ആധാരത്തെ ഇമാം ഗസ്സാലി(റ) തന്നെ നേരത്തെ ഖണ്ഡിച്ചിട്ടുണ്ട്. ഇപ്പോൾ ഫിസിക്സും ആ വഴിക്ക് സഞ്ചരിക്കുന്നു.


ആകാശം വരച്ച
'മുസ്‌ലിയാർ മാതൃക'

മഖ്ദൂമീ തറവാട്ടിൽനിന്ന് തുടങ്ങി അഹ്മദ് കോയ ശാലിയാതിയിലൂടെ തുടർന്ന് ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്‌ലിയാരടക്കം ധാരാളം പൂർവ-ഉത്തരാധുനിക പണ്ഡിതന്മാരിലേക്ക് ചേർന്നുനിൽക്കുന്ന ജ്യോതിജ്ഞാനീയ പാരമ്പര്യമാണ് വാനശാസ്ത്രത്തിലെ കേരളത്തിലെ 'മുസ്‌ലിയാർ മാതൃക'. അതിനോളം കൃത്യമായ മറ്റൊന്ന് സാധ്യമല്ല എന്നവർക്ക് അവകാശപൂർവം പറയാനുമാവും. സമയവും ദിശയും നിർണയിക്കാൻ ഏറ്റവും നൂതനമായ രീതികളും അവലംബിക്കുന്ന അടിസ്ഥാന മാതൃക പരമ്പരാഗത രീതിയെയാണ്.


വാച്ചിന് പകരം ചുവട്ടടി അളന്ന് സായാഹ്ന നിഴൽ തിട്ടപ്പെടുത്തി നിസ്കാര സമയം നിർണയിക്കുന്ന രീതിയാണ് മഖ്ദൂമീ പാരമ്പര്യം. ഗണിത-വാന ശാസ്ത്രങ്ങളിലെ അവരുടെ വ്യുൽപ്പത്തി വിളിച്ചറിയിക്കുന്ന 'അടിക്കണക്ക് ബൈതുകൾ' അത്ഭുതകരമാണ്.

'മേടം വ ചിങ്ങം രണ്ടിലും സമാനിയാ
ഫീ ഇടവ മീനം കർക്കിടത്തിൽ താസിആ
മിഥുനം വ കന്നി ഫീഹിമാ ഒമ്പതര
കുഭംതുലാം അഖ്ദാമുദൈനി പത്തര
വൃശ്ചികം മകരം രണ്ടിലും പതിനൊന്നേ കാൽ
പതിനൊന്നേമുക്കാൽ ഫീ ധനുമാസം യുഖാൽ'

സൂര്യന്റെ 12 മാസത്തെ പരിക്രമണമനുസരിച്ച് (യഥാർഥത്തിൽ ഭൂമിയുടെ) ഉണ്ടാവുന്ന നിഴലിന്റെ വ്യത്യാസമാണതിൽ കൃത്യമായി പറയുന്നത്. ആ ജ്ഞാനപൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ഇന്നും ഇവിടത്തെ പണ്ഡിത സമൂഹം ബദ്ധശ്രദ്ധ പുലർത്തുന്നു.
യൂക്ലിഡിയൻ ജ്യോതിശാസ്ത്ര ഗ്രന്ഥമായ ഉഖ്ലൈദിസ്, ഗണിതനിയമ സമാഹാരമായ ഖുലാസതുൽ ഹിസാബ്, ഗോളശാസ്ത്ര ഗ്രന്ഥങ്ങളായ സബഉശ്ശിദാദ്, തശ്രീഹുൽ അഫ്ലാഖ്, ചഗ്മീനി തുടങ്ങിയ ഗ്രന്ഥങ്ങൾ ഇപ്പോഴും ഏതാണ്ടെല്ലാ പ്രധാന ശരീഅത്ത് കോളജുകളിലും ദർസുകളിലും പഠിപ്പിക്കപ്പെടുന്നുണ്ട്. തത്വങ്ങൾ പ്രയോഗവൽക്കരിക്കാനായി വിവിധ ത്രികോണമീതി - ലോഗരിതമാറ്റിക് നിയമങ്ങളും ചാർട്ടുകളും സഹിതമുള്ള കിതാബുകളും വിവിധ കോഡുകൾ അവലംബിക്കുന്ന രിസാലകളും ഇന്നും അവലംബിക്കപ്പെടുന്നു. ആധുനിക രീതികൾകൂടി ഉൾച്ചേർത്തിക്കൊണ്ട് വിവിധ വെബ്സൈറ്റുകൾ, സൈന്റിഫിക് കാൽക്കുലേറ്റർ,

ആപ്ലിക്കേഷനുകൾ വഴി ആ മേഖല കാലോചിതമായി വന്നിട്ടുമുണ്ട്. പരമ്പരാഗതരീതി കൈയൊഴിഞ്ഞ് എന്താണ് ശാസ്ത്രീയ രീതി എന്നറിയാതെ ഇക്കാര്യത്തിൽ അസംബന്ധം വിളമ്പുന്ന അലി മണിക്ഫാനും ഹിലാൽ സംഘവും നേരമെടുത്ത് പരമ്പരാഗത പണ്ഡിതന്മാരുടെ അടുക്കൽ ചെന്ന് 'കിതാബോതേണ്ടതുണ്ട്'.
ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും ഗഹന ഗോളശാസ്‌ത്ര ചർച്ചകൾ നടക്കുന്ന കേന്ദ്രങ്ങൾ ഇസ്‌ലാമിക് വിജ്ഞാന കേന്ദ്രങ്ങളായിരിക്കും. സാമൂഹികമായ പൊതു ശ്രദ്ധയിലേക്ക് അത്തരം ജ്ഞാനസപര്യകളുടെ ഗുണഫലങ്ങൾ എത്തിക്കാൻ 'ഇസ്‌ലാമൈസേഷൻ ഓഫ് ജനറൽ ആസ്ട്രോണമി'യും 'ജനറലൈസേഷൻ ഓഫ് ഇസ്‌ലാമിക് ആസ്ട്രോണമി'യും സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കേണ്ടതുണ്ട്.

Content Highlights:Today's Article aug 25 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  23 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  23 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  23 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  23 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  23 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  23 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago