തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ്:ട്രംപ് കീഴടങ്ങി, അറസ്റ്റ് രേഖപ്പെടുത്തി , ജാമ്യത്തില്‍ വിട്ടു
തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ്:ട്രംപ് കീഴടങ്ങി, അറസ്റ്റ് രേഖപ്പെടുത്തി , ജാമ്യത്തില്‍ വിട്ടു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കീഴടങ്ങി. അറ്റ്‌ലാന്റയിലെ ഫുള്‍ട്ടന്‍ കൗണ്ടി ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് ലക്ഷം ഡോളറിന്റെ ബോണ്ട് വ്യവസ്ഥയില്‍ വിചാരണ വരെ ജാമ്യത്തില്‍ വിട്ടു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ട്രംപ് ജാമ്യം ലഭിച്ച ശേഷം പ്രതികരിച്ചു.
ജോര്‍ജിയ സംസ്ഥാനത്ത് ട്രംപിനെതിരെ 13 കുറ്റങ്ങളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ ചുമത്തിയിരിക്കുന്നത്. 2002ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോര്‍ജിയ സംസ്ഥാനത്തേറ്റ പരാജയം മറികടക്കാന്‍ വോട്ടിങ് തിരിമറിക്ക് പ്രേരിപ്പിക്കല്‍, ഗൂഢാലോചന, രാജ്യത്തെ കബളിപ്പിക്കല്‍, ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്തല്‍ തുടങ്ങിയവയാണ് ട്രംപിന് മേല്‍ ചുമത്തിയ കുറ്റങ്ങള്‍. ട്രംപിനെ കൂടാതെ ഈ കേസില്‍ മറ്റ് 18 പ്രതികളുമുണ്ട്.
കേസിന്റെ വിചാരണ ഒക്ടോബര്‍ 23ന് ആരംഭിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ തീയതി സ്വീകാര്യമല്ലെന്ന് ട്രംപിന്റെ അഭിഭാഷകന്‍ അറിയിച്ചു. നിലവില്‍ നാല് കേസുകളില്‍ അറസ്റ്റിലായ ട്രംപ് ജാമ്യത്തിലാണ്. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകള്‍ കടത്തിയ കേസില്‍ മിയാമി കോടതി ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 2018 ആഗസ്റ്റിലാണ് മാന്‍ഹട്ടന്‍ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. നേരത്തെ ജനപ്രതിനിധി സഭയില്‍ രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ട്രംപിനെ രക്ഷിച്ചത് സെനറ്റായിരുന്നു. 34 കേസുകളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോണ്‍ ചലചിത്ര താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതടക്കം മുപ്പതിലേറെ കേസുകളാണ് ട്രംപിനെതിരെയുള്ളത്.
2020ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ കടന്നുകയറി അക്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."