'മിണ്ടാതിരിക്കുക എന്നത് മൗലികാവകാശം'; ട്രെയിന്‍ വെടിവയ്പ്പ് പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കേണ്ടെന്ന് കോടതി
'മിണ്ടാതിരിക്കുക എന്നത് മൗലികാവകാശം'; ട്രെയിന്‍ വെടിവയ്പ്പ് പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കേണ്ടെന്ന് കോടതി
മുംബൈ: ട്രെയിനില്‍ നാലുപേരെ വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിളിന്റെ നുണപരിശോധന നടത്താനുള്ള ആവശ്യം തള്ളി കോടതി. മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതി ചേതന്‍ സിങ് ചൗധരിക്ക് അനുകൂലമായ വിധി പറഞ്ഞത്. മിണ്ടാതിരിക്കുക എന്നത് മൗലികാവകാശമാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ എ.എസ്.ഐയെയും മൂന്നു മുസ്‌ലിംകളെയും വെടിവച്ച് കൊലപ്പെടുത്തിയ പ്രതി ചേതന്‍ സിങ്ങിനെ സേനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ നാര്‍ക്കോ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഗവണ്‍മെന്റ് റെയില്‍വേ പൊലീസ്(ജി.ആര്‍.പി) ആണ് മുംബൈയിലെ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍, നാര്‍ക്കോ പരിശോധനയ്‌ക്കോ ബ്രെയിന്‍ മാപ്പിങ്ങിനോ നുണപരിശോധനയ്‌ക്കോ പ്രതിയെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ആഗസ്റ്റ് 11നുള്ള കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ ഇന്നാണു പുറത്തുവന്നത്.
ചേതന്‍ സിങ് നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. താനെയിലെ ഒരു ജയിലിലാണ് പ്രതി കഴിയുന്നത്. ഗുരുതരമായ കുറ്റങ്ങളാണു പ്രതി ചെയ്തതെന്നും അതിനാല്‍ അന്വേഷണത്തിന്റെ ഭാഗമായി നുണപരിശോധന അടക്കം ആവശ്യമാണെന്നും കോടതിയില്‍ പൊലീസ് വ്യക്തമാക്കി. സുരേന്ദ്ര ലാന്‍ഡേജ്, അമിത് മിശ്ര, ജയ്‌വന്ത് പാട്ടീല്‍ എന്നിങ്ങനെ മൂന്ന് അഭിഭാഷകര്‍ പ്രതിക്കു വേണ്ടി ഹാജരായിരുന്നു. ഇവര്‍ നുണപരിശോധനയെ എതിര്‍ത്തു. ഇക്കാര്യം മജിസ്‌ട്രേറ്റ് ശരിവയ്ക്കുകയും ചെയ്തു. പ്രതിയുടെ കൂടി അനുവാദമില്ലാതെ ഇത്തരം പരിശോധനകളൊന്നും നടത്താനാകില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."