യുഎഇ: ട്രാഫിക് പിഴകളില്‍ 35% കിഴിവ്, ഒപ്പം ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കാം…പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം
യുഎഇ: ട്രാഫിക് പിഴകളില്‍ 35% കിഴിവ്, ഒപ്പം ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കാം
വാഹനമോടിക്കുമ്പോള്‍ പലപ്പോഴും വീഴ്ചകള്‍ സംഭവിക്കാറുണ്ട്. യുഎഇയില്‍ വാഹനമോടിക്കുന്ന ചുരുക്കം ചിലര്‍ക്കെങ്കിലും അവരുടെ പേരില്‍ ട്രാഫിക് പിഴയോ ബ്ലാക്ക് പോയിന്റുകളോ അല്ലെങ്കില്‍ ഇവ രണ്ടും ഉണ്ടായിരിക്കും.
എന്നാല്‍ ഇപ്പോള്‍ നിയമലംഘനങ്ങള്‍ക്ക് കുറച്ച് പണം നല്‍കാനും നിങ്ങളുടെ ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കാനും സാധിക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം
(MoI) അറിയിച്ചു. ഇതിനായുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ട്രാഫിക് ഫൈന്‍ പേയ്‌മെന്റ് പ്ലാനിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് 35 ശതമാനം കിഴിവ് ലഭിക്കുമെന്ന് അബുദാബി പൊലിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചത്. നേരത്തെ ഷാര്‍ജയില്‍ ഫീസ് അടയ്ക്കുന്നതിന് ഡിസ്‌കൗണ്ട് നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നു.
നിയമലംഘനം നടത്തി രണ്ട് മാസത്തിനകം (60 ദിവസം) ട്രാഫിക് പിഴ അടച്ചാല്‍ 35 ശതമാനം ഇളവും ഒരു വര്‍ഷത്തില്‍ 25 ശതമാനം ഇളവും ലഭിക്കും. അതേസമയം ഗുരുതരമായ ലംഘനങ്ങള്‍ക്ക് ഈ കിഴിവ് ബാധകമല്ല.പിഴകള്‍ 12 മാസത്തേക്ക് പൂജ്യം പലിശ നിരക്കില്‍ ബാങ്കുകള്‍ വഴി തവണകളായി അടയ്ക്കാമെന്നും അതോറിറ്റി അറിയിച്ചു.
പേയ്‌മെന്റ് ചാനലുകള്‍
പിഴതുക അടയ്ക്കാന്‍ നിരവധി പ്ലാറ്റ്‌ഫോമുകളുണ്ട്. അബുദാബി ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ചാനലുകളായ 'Tamm' വഴിയും പൊലിസിന്റെ ഉപഭോക്തൃ സേവനത്തിലൂടെയും ഹാപ്പിനസ് പ്ലാറ്റ്‌ഫോമുകളിലൂടെയും നേരിട്ടുള്ള പണമടയ്ക്കല്‍, യുഎഇയിലെ അഞ്ച് ബാങ്കുകളുമായി സഹകരിച്ച് ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ പണമടയ്ക്കാവുന്നതാണ്.
അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് (എഡിസിബി), അബുദാബി ഇസ്ലാമിക് ബാങ്ക് (എഡിഐബി), ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), മഷ്രെഖ് അല്‍ ഇസ്ലാമി, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നവയാണ്.
ബാങ്ക് സേവനം ലഭിക്കാന്‍, ഡ്രൈവര്‍മാര്‍ക്ക് ഈ ബാങ്കുകളിലൊന്ന് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടായിരിക്കണം. ട്രാഫിക് പിഴകള്‍ തവണകളായി അടയ്ക്കുന്നതിന് വാഹനമോടിക്കുന്നവര്‍ ബുക്ക് ചെയ്ത തീയതി മുതല്‍ രണ്ടാഴ്ചയില്‍ കൂടാത്ത കാലയളവിനുള്ളില്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം.
ട്രാഫിക് ലംഘനത്തിനുള്ള പിഴകള്‍ വര്‍ഷം മുഴുവനും തവണകളായി അടച്ച് ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും ജീവിതം സുഗമമാക്കാനാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് പൊലിസ് പറഞ്ഞു.
ബ്ലാക്ക് പോയിന്റ് കുറയ്ക്കല്‍
നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സില്‍ നെഗറ്റീവ് ട്രാഫിക് പോയിന്റുകള്‍ ഉണ്ടെങ്കില്‍, ചിലത് ഒഴിവാക്കാനുള്ള അവസരവുമുണ്ട്.പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിവസം സുരക്ഷിതമായി വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ റെക്കോര്‍ഡില്‍ നിന്ന് നാല് ട്രാഫിക് പോയിന്റുകള്‍ ലഭിക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടരഹിത ദിന പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ ചുമത്തുന്ന ശിക്ഷാ നടപടിയാണ് നെഗറ്റീവ് പോയിന്റുകള്‍. ഡ്രൈവര്‍മാര്‍ക്ക് 24 നെഗറ്റീവ് പോയിന്റുകള്‍ ലഭിച്ചുകഴിഞ്ഞാല്‍, അവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
എങ്ങനെ പ്രയോജനപ്പെടുത്താം
സ്‌കൂളിലെ ആദ്യ ദിവസം സുരക്ഷിതമായി വാഹനമോടിക്കാന്‍ വാഹനമോടിക്കുന്നവര്‍ ആദ്യം യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രതിജ്ഞയെടുക്കണം. തുടര്‍ന്ന്, ഓഗസ്റ്റ് 27 ന്, അവര്‍ ഗതാഗത നിയമലംഘനം നടത്തുകയോ അപകടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുത്.
ഈ QR കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ഡ്രൈവര്‍മാര്‍ക്ക് സൈന്‍ അപ്പ് ചെയ്യാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."