ഇബ്രാഹിം ബാഗിലെ കുത്തുബ് ഷാഹീ കുടീരങ്ങള്‍
റഹീം കല്ലായം
നഗരം ഉണർന്നുകഴിഞ്ഞു. കടകൾക്കു മുന്നിൽ സാധനം വാങ്ങാൻ വന്നവരും സ്കൂൾ കുട്ടികളുമാണ് പ്രഭാത കാഴ്ചകൾ. ട്രാഫിക്കിൽ വീർപ്പുമുട്ടി നിൽക്കുന്ന ചിത്രങ്ങളിലൂടെ ഹൈദരാബാദിന്റെ വേറിട്ട ഭാവം. വിശപ്പിന്റെ വിളി വന്നതു മുതൽ കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിക്കുകയാണ് കൂട്ടുകാർ. കഴിഞ്ഞ മൂന്നു ദിനങ്ങൾ ഈ മഹാനഗരത്തിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളല്ലാം സന്ദർശിച്ചു. കൂടുതൽ നടക്കേണ്ടിവന്നില്ല, റോഡിനോട് ചേർന്ന് കുട നിവർത്തിയ പോലെ നിൽക്കുന്ന മരത്തിനടിയിൽ ഇരുചക്ര വാഹനത്തിനു പിന്നിലും മുന്നിലുമായി വലിയ പാത്രങ്ങൾ കെട്ടിവച്ചിരിക്കുന്നു. അതിനു ചുറ്റും ആളുകൾ നിന്ന് ഭക്ഷണം കഴിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പലയിടത്തും ഇത്തരം കാഴ്ചകൾ കണ്ടെങ്കിലും ഹോട്ടലിൽ നിന്ന് തന്നെയായിരുന്നു ഭക്ഷണം.
ഇതാണ് നഗരത്തിന്റെ സാധാരണക്കാരുടെ ദോശ ബന്ദി. രാവിലെ ജോലിക്ക് പോകുന്നവരെല്ലാം ഭക്ഷണം കഴിക്കുന്നത് ഇവിടെ നിന്നാണ്. രാവിലെ മുതൽ ദോശയും ഇഡ്ഡലിയും കറികളുമൊക്കെയായി ദോശ ബന്ദികളിറങ്ങും. വീട്ടിൽനിന്ന് തയാറാക്കിയ ഭക്ഷണമാണ് ഇവർ നൽകുന്നത്. വില കുറവാണെന്നു മാത്രമല്ല, നല്ല രുചിയും.
ഗോൽക്കൊണ്ട കോട്ടയിലെ ബഞ്ചാര ദർവാസയിൽ നിന്ന് ഏകദേശം 850 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇബ്രാഹിം ബാഗിലെ കുത്തുബ് ഷാഹി രാജാക്കൻമാരുടെ കുടീരങ്ങളിലേക്കാണ് ഇനി യാത്ര. ഏഴ് കുത്തുബ് ഷാഹി ഭരണാധികാരികളുടെ ഖബറിടങ്ങൾ ഉൾക്കൊള്ളുന്ന സ്മാരകങ്ങളെ കുത്തുബ് ഷാഹി ടൊംബ് എന്ന് വിളിക്കുന്നു. ഹൈദരാബാദിലെ ഏറ്റവും പഴയ സ്മാരകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ കുടീരങ്ങൾ പേർഷ്യൻ-ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളുടെ മനോഹരമായ സംയോജനം അവതരിപ്പിക്കുന്നു. വാസ്തുവിദ്യാ മികവുകൊണ്ട് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്നു.
ഇബ്രാഹിം ബാഗിലെത്തി. ടിക്കെറ്റെടുത്ത് പ്രവേശന കവാടം കടന്നു. പതിനാറാം നൂറ്റാണ്ട് മുതലുള്ള കുത്തുബ് ഷാഹി രാജവംശത്തിന്റെ കുടീരങ്ങൾ കാലം ഏൽപ്പിച്ച മുറിപ്പാടുകളിലും ഉജ്ജ്വലമായ ഭൂതകാലത്തിന്റെ ഉൾക്കരുത്തുമായി നമ്മെ സ്വാഗതം ചെയ്യുന്നു. കേട്ടറിവുള്ളതും പറഞ്ഞ് പരന്നതും എഴുതപ്പെട്ടതുമായ ചരിത്രം മനഃപാഠമാക്കിയ ഗൈഡ് ചടുലവേഗത്തില്‍ വെയിലുകളില്‍ നിന്ന് ഒളിക്കാന്‍ ചരിത്രം പറഞ്ഞു പറഞ്ഞ് ഓടിപ്പോകുന്നതു കണ്ടു.
16, 17 നൂറ്റാണ്ടുകളിൽ നിർമിക്കപ്പെട്ട വലുതും ചെറുതുമായ നിരവധി ശവകുടീരങ്ങൾ ഒറ്റനോട്ടത്തിൽ ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. കുടീരങ്ങളുടെ ഘടനയിൽ ഹിന്ദു, പഠാൻ, ഡെക്കാൻ, പേർഷ്യൻ ശൈലികളുടെ സ്വാധീനം കാണാൻ കഴിയും. ശവകുടീരങ്ങളുടെ പ്രവേശന കവാടവും ഇടനാഴിയും ഇന്തോ- സാർസെനിക് ശൈലിയിലുള്ള വാസ്തുവിദ്യയാണ്. അതേസമയം, അലങ്കാര ഭിത്തികളും മിനാരങ്ങളും ഇസ് ലാമിക വാസ്തുവിദ്യയെ പ്രദർശിപ്പിക്കുന്നു.
ഖുത്തുബ് ഷാഹി സുൽത്താൻമാരാണ് ഈ ശവകുടീരങ്ങൾ നിർമിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ സലാർ ജംഗ് മൂന്നാമൻ മിർ യൂസഫ് അലി ഖാൻ ഇവ പിന്നീട് നവീകരിക്കുകയായിരുന്നു. ഹൈദരാബാദിന്റ ശിൽപി സുൽത്താൻ മുഹമ്മദ് ഖുലി കുത്തുബ് ഷായുടെ ഖബറിടമാണ് ഷാഹീ കുടീരങ്ങളിൽ ഏറ്റവും മഹത്തായത്. ആ കുടീരം ലക്ഷ്യമാക്കി നടന്നു. നീലാകാശപ്പരപ്പിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പ്രൗഢി മങ്ങാത്ത ആ കാഴ്ചയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത ഗാംഭീര്യമുണ്ടായിരുന്നു.
എ.ഡി 1602ൽ നിർമിച്ച ഈ കുടീരത്തിന് ഏകദേശം 42 മീറ്റർ ഉയരവും 28 കമാനങ്ങളും 9 അടിയോളം ഉയരത്തിൽ പടികളുമുണ്ട്. വലിയ താഴികക്കുടവും അതിന്റെ മൂലകളിൽ മിനാരങ്ങളുമുണ്ട്. തെക്കുകിഴക്ക് ഭാഗങ്ങളിൽ പ്രവേശന കവാടങ്ങളുണ്ട്. താഴെയുളള നിലവറയിലാണ് സുൽത്താനെ അടക്കം ചെയ്തിരിക്കുന്നത്. രാജപ്രതാപകാലത്തിന്റെ ഓർമക്കുളമ്പടികൾ അവിടെമാകെ മുഴങ്ങുന്നതായി തോന്നി.
ഒരു രാജവംശത്തിന്റെ ഏറ്റവും സമർഥനായ ഭരണാധികാരി അന്ത്യവിശ്രമം കൊള്ളുന്ന ഇടം. ചാർമിനാറിന്റെ ശിൽപി. ഒരു ചക്രവർത്തിയുടെ നേട്ടം എന്നു പറയുന്നത് തന്റെ രാജ്യത്തെ സുവർണകാലം സൃഷ്ടിക്കുക എന്നതു തന്നെയാണ്. അതുകൊണ്ടാണല്ലോ, ചരിത്രം സൃഷ്ടിച്ചവരെ കാലങ്ങളോളം ഓർത്തെടുക്കുന്നത്.
മസ്നവികളും ഗസലുകളും ഹൃദയം വിതുമ്പുന്ന വിലാപ കാവ്യങ്ങളും എഴുതിയ കവിയായിരുന്നു മുഹമ്മദ് ഖുലി കുത്തുബ് ഷാ. "എന്റെ ഈ പട്ടണം ജനങ്ങളെ കൊണ്ട് നീ നിറക്കണം, എല്ലാ നദികളും നീ മീനുകൾ കൊണ്ട് നിറച്ചപോലെ"... ചാർമിനാറിന് തറക്കല്ലിടുമ്പോൾ അദ്ദേഹം ദൈവത്തോട് മൊഴിഞ്ഞ വാക്യങ്ങളാണിത്. മനോഹരമായ പുന്തോട്ടത്തിനു നടുവിലുള്ള കുടീരത്തിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ ചുമരുകളിൽ തീർത്ത വാസ്തു സൗന്ദര്യത്തില്‍ നിന്ന് കണ്ണെടുക്കാന്‍ സാധിച്ചില്ല.
വിശാലമായ പള്ളികളും കൊട്ടാരങ്ങളും കൂടാതെ പേർഷ്യൻ ഭാഷയിലുള്ള ലിഖിതങ്ങളും സ്നാഷ് ലിപികളും അവിടെ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. ഏഴ് കുത്തുബ് ഷാഹി കുടീരങ്ങളും വ്യത്യസ്ത വലിപ്പത്തിലുള്ളവയാണ്. ചെറിയ കുടീരങ്ങൾക്ക് ഒറ്റ നിലയുണ്ടെങ്കിൽ വലിയ കുടീരങ്ങൾക്ക് രണ്ടു നിലകളാണുള്ളത്. താമരമുഖത്താളുള്ള താക്കോൽ കല്ലുകൾ ഉപയോഗിച്ചാണ് മനോഹരമായ നിർമിതി. എന്നാൽ ഏറ്റവും എളിമയുള്ള കുടീരം കുത്തുബ് ഷാഹി രാജവംശത്തിന്റെ സ്ഥാപകനായ സുൽത്താൻ കുലി ഖുത്തുബ് ഉൽ മുൽക്കിന്റേതാണ്. അദ്ദേഹം തന്റെ കുടീരം സ്വയം നിർമിക്കുക മാത്രമല്ല, ഈ ഗംഭീരമായ വാസ്തുവിദ്യാ പദ്ധതിയുടെ ഏറ്റവും നല്ല എൻജിനീയർ ആണെന്നും പറയപ്പെടുന്നു. ഭരിക്കുന്നവരല്ലാത്ത രാജകുടുംബാംഗങ്ങൾ, മരുമക്കൾ, സഹോദരിമാർ എന്നിവരുടെ കുടീരങ്ങൾ നിർമിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹം കൂടിയായിരുന്നു.
കുത്തുബ് ഷാഹി കുടീരങ്ങൾ, പൈഗാ കുടീരങ്ങൾ പോലെ തന്നെ രാജകുടുംബത്തിനും കുത്തുബ് ഷാഹികളുടെ ഭരണാധികാരികൾക്കും സമർപ്പിക്കപ്പെട്ടതാണ്. കുത്തുബ് ഷാഹി സുൽത്താൻമാരിൽ അവസാനത്തെ സുൽത്താൻ ഒഴികെ മറ്റുളളവരെയെല്ലാം ഇവിടെയാണ് അടക്കം ചെയ്തിട്ടുള്ളത്. കാരണം അബുൽ ഹസൻ ഷാ (താനാ ഷാ) മരിക്കുമ്പോൾ ഔറംഗബാദിനടുത്തുള്ള ദൗലത്താബാദിലെ കോട്ടയിൽ തടവിലായിരുന്നു. അദ്ദേഹത്തിനു വേണ്ടി നിർമിച്ച പണിപൂർത്തിയാകാത്ത ആ സ്മാരകത്തെ വേദനയോടെ നോക്കി നിന്നു. വിധി മറ്റൊന്നായിരുന്നുവെങ്കിൽ ഈ താഴികക്കുടത്തിനു താഴെ അദ്ദേഹത്തിനും ഉറങ്ങാമായിരുന്നു.
വാസ്തുകലയുടെ മഹാകാവ്യം
വെയിലിന് ശക്തികൂടിയതോടെ മിനാരത്തിന്റെ മകുടങ്ങളിൽനിന്ന് താഴേക്ക് കണ്ണഞ്ചിപ്പിക്കുന്ന സൂര്യരശ്മികൾ ആഴ്ന്നിറങ്ങുന്നുണ്ട്. പൗരാണികമായ കൊത്തുപണികളെ നിഴലും വെളിച്ചവും ചേർത്ത് വിവിധ കോണിൽ നിന്ന് ഒപ്പിയെടുക്കുന്ന കാമറകളെ ഒരു വേള നോക്കിനിന്നു. സുൽത്താൻ ഖുലിയുടെ കുടീരത്തിനടുത്താണ് കുത്തുബ് ഷാഹി സുൽത്താൻമാരുടെ പരമ്പരയിലെ രണ്ടാമനായ അദ്ദേഹത്തിന്റെ മകൻ ജംഷീദിനെ അടക്കം ചെയ്തിട്ടുള്ളത്. എ.ഡി 1550 നിർമിച്ചതാണിത്. തിളങ്ങുന്ന കറുത്ത ബസാൾട്ടിൽ നിന്ന് രൂപകൽപന ചെയ്തിട്ടില്ലാത്ത ഒരേയൊരു കുത്തുബ് ഷാഹി കുടീരം ഇതാണ്. അതിന്റെ രൂപവും ഇബ്രാഹിം ബാഗിലെ മറ്റ് കുടീരങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. മറ്റ് രാജാക്കൻമാരുടെ കുടീരങ്ങളിൽനിന്ന് വ്യത്യസ്തമായി രണ്ടു നിലകളിലായി ഇത് മനോഹരമായി ഉയർത്തിയിരിക്കുന്നു. ലിഖിതങ്ങളില്ലാത്ത ഏക കുടീരവും ഇതുതന്നെ. ജംഷീദിന്റെ മകൻ സുബ്ഹാന്റെ ശവകുടീരത്തിലും ലിഖിതങ്ങളൊന്നുമില്ല. സുബ്ഹാൻ ഖുലി കുത്തുബ് ഷാ കുറച്ചുകാലം ഡെക്കാൻ ഭരിച്ചു. പിതാവിന്റെയും മുത്തച്ഛന്റെയും കുടീരങ്ങൾക്കിടയിലാണ് സുബ്ഹാന്റെ ഖബറും നിലകൊള്ളുന്നത്.
പച്ചപ്പുൽകൊണ്ട് വലയം ചെയ്ത നടപ്പാതയിലൂടെ നടക്കുമ്പോൾ ഗതകാലങ്ങളുടെ പ്രൗഢി വിളിച്ചോതുന്ന ഈ ചരിത്ര നിർമിതിക്ക് ചുറ്റും ഇന്ന് ഹൈദരാബാദ് നഗരം പരിലസിക്കുന്ന കാഴ്ച മനോഹരമാണ്. അടുത്തത് ആറാമത്തെ സുൽത്താനായ മുഹമ്മദ് കുത്തബ് ഷായെ അടക്കം ചെയ്ത കുടീരം ലക്ഷ്യമാക്കി. ഈ കുടീരത്തിന്റെ മുൻഭാഗം ഇനാമൽ ടൈലുകൾ കൊണ്ട് അലങ്കരിച്ചിതിന്റെ സൂചനകൾ കാണാവുന്നതാണ്. 1626ലാണ് കുടീരം നിർമിച്ചത്. രാജകീയ കുടീരങ്ങളിൽ അവസാനത്തേതാണ് സുൽത്താൻ അബ്ദുല്ല കുത്തുബ് ഷായുടെ കുടീരം. ഇടയ്ക്കിടെ മറ്റ് നിരവധി സ്മാരകങ്ങളുണ്ട്, അവയിൽ മിക്കതും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളുടെ കുടീരങ്ങളാണ്.
കുടീരങ്ങളുടെ പടിഞ്ഞാറ് ഭാഗത്താണ് സൂഫി വര്യനായ ഹുസൈൻ ഷാ വാലിയുടെ ദർഗ സ്ഥിതി ചെയ്യുന്നത്. 1562ൽ നിർമിച്ച ഹുസൈൻ സാഗർ തടാകത്തിന്റെ നിർമാതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ ഏറ്റവും സ്‌നേഹത്തോടെ സ്മരിക്കുന്നത്. കുത്തുബ് ഷാഹികൾ ഗോൽക്കൊണ്ടയിലും ഹൈദരാബാദിലുമായി നിരവധി മസ്ജിദുകൾ നിർമിച്ചിട്ടുണ്ട്. ഹയാത്ത് ബക്ഷി ബീഗത്തിന്റെ ഖബറിന് സമീപമാണ് ഇത്തരത്തിലുള്ള ഏറ്റവും വലുതും മഹത്തായതുമായ മസ്ജിദ് കണ്ടത്. ഇബ്രാഹിം ബാഗിലെ മഹത്തായ മസ്ജിദ് എന്നറിയപ്പെടുന്ന ഇത് എ.ഡി 1666ൽ നിർമിച്ചതാണ്. മനോഹര മേൽക്കൂരയും പ്രാർഥനാ ഹാളിന് ചുറ്റും മനോഹരമായ രണ്ട് ഉയർന്ന മിനാരങ്ങളുമുണ്ട്. ഏതാണ്ട് ചാർമിനാറിന്റെ മാതൃകയിലാണ് ഇത് പണിതിരിക്കുന്നത്. വാസ്തു കലയുടെ മഹാകാവ്യം പോലെ മസ്ജിദിലെ ലിഖിതങ്ങൾ സുന്ദരമായ കാലിഗ്രാഫിക് കലകളാൽ അലംകൃതമാണ്. ഈ പർണ്ണശാലയിൽ നിന്ന് കണ്ടും കേട്ടും തീരാത്തവിധം ശേഷിപ്പുകള്‍ നിരന്നുകിടക്കുകയാണ്. ചരിത്രങ്ങളിൽ രേഖപ്പെടുത്താത്തതും മറഞ്ഞിരിക്കുന്നതുമായ ഒരുപാട് ടൊംബുകളും ഖബറുകളും ഏക്കർ കണക്കിന് പരന്നു കിടക്കുന്ന ഈ സ്ഥലത്തുണ്ട്.
ഒരു പകൽകൂടി തീരാൻ പടിഞ്ഞാറൊരുങ്ങുകയാണ്. ചരിത്രത്തിന്റെ സ്‌നേഹ സാന്ദ്രമായ തലോടലുകള്‍കൊണ്ട് ഇബ്രാഹിം ബാഗിലെ ഖുത്തുബ് ഷാഹി രാജക്കൻമാരുടെ അന്ത്യവിശ്രമ സ്ഥലങ്ങൾ, സമുച്ചയങ്ങൾ ആത്മഭാഷണത്തിന്റെ അനുഭൂതി നുകരുന്ന ആവേശകരമായ മണിക്കൂറുകളാണ് സമ്മാനിച്ചത്. ഇനി മറ്റൊരവസരത്തില്‍ ഒരിക്കല്‍ കൂടി എത്താമെന്ന ആഗ്രഹത്തോടെയാണ് അവിടെ നിന്നും പുറത്തേക്ക് കടന്നത്....!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."