കൗമാരക്കാരിലെ ലഹരി ഉപയോഗം; ഈ ഏഴ് ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
കൗമാരക്കാരിലെ ലഹരി ഉപയോഗം; ഈ ഏഴ് ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ദുബൈ: കൗമാരക്കാർക്കിടയിലെ മയക്കുമരുന്ന് ഉപയോഗം വളരെയധികം വർധിച്ച് വരുന്ന പ്രവണത ലോകം മുഴുവൻ കാണുന്ന ഒന്നാണ്. യുഎഇയിലായാലും ഇന്ത്യയിലായാലും അമേരിക്കയിലായാലും കുട്ടികളുടെയും മുതിർന്നവരുടെയും ലഹരി ഉപയോഗം തടയേണ്ടത് തന്നെയാണ്. കുട്ടികളുടെ കാര്യത്തിൽ ലഹരി തടയാൻ അവർക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. മാതാപിതാക്കളോ രക്ഷിതാക്കളോ ശ്രദ്ധിക്കേണ്ട കൗമാരക്കാർക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ഏഴ് അടയാളങ്ങളെ കുറിച്ച് യുഎഇ സർക്കാർ വിശദമായ പഠനം നടത്തിയിട്ടുണ്ട്.
ദുബൈ സർക്കാർ സേവനമായ അൽ അമീൻ സർവീസ് രക്ഷിതാക്കളോട് ജാഗ്രത പാലിക്കാനും ഏഴ് ലക്ഷണങ്ങൾ കണ്ടാൽ നടപടിയെടുക്കാനും പറയുന്നു. കൗമാരക്കാരിൽ കാണുന്ന ഈ ലക്ഷണങ്ങൾ കൃത്യമായി രക്ഷിതാക്കൾ ശ്രദ്ധിക്കണം. ലഹരി ഉപയോഗം കണ്ടെത്തിയാൽ ലഹരി തടയുകയും ആവശ്യമായ ചികിത്സ നൽകുകയും വേണം.
യുഎഇ സർക്കാർ പറയുന്ന ഏഴ് ലക്ഷണങ്ങൾ ഇവയാണ്
വിശപ്പില്ലായ്മ: മയക്കുമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാർക്ക് പലപ്പോഴും ഭക്ഷണത്തോടുള്ള താൽപര്യം ക്രമേണ കുറയുന്നു. ഇത് വിശപ്പ് കുറയുന്നതിനും കുറച്ച് മാത്രം കഴിക്കുന്നതിനും കാരണമാകുന്നു.
ഉറക്കം തടസ്സപ്പെടുത്തൽ: ക്രമരഹിതമായ ഉറക്ക രീതികൾ മയക്കുമരുന്ന് ഉപയോഗത്തിന്റെ ഒരു പാർശ്വഫലമായിരിക്കാം. കാരണം ഉറക്കമില്ലായ്മയും ക്രമരഹിതമായ ഉറക്കവും ലഹരി ആസക്തിയുടെ നിരവധി ആഘാതങ്ങളിൽ ഒന്നാണ്.
കൂട്ടുകാർ മാറുന്നത്: ഒരു കൗമാരക്കാരൻ അവന്റെ/അവളുടെ സാധാരണ സുഹൃത്തുക്കളുടെ സർക്കിളിൽ നിന്ന് മാറുന്നത് ശ്രദ്ധിക്കണം. സ്‌കൂളിലോ നാട്ടിലെയോ സുഹൃത്തുക്കൾ മാറുന്നുണ്ടെങ്കിൽ അതൊരു പ്രധാന മുന്നറിയിപ്പ് ആയി കാണണം. വ്യത്യസ്‌ത സ്വഭാവമുള്ളവരുമായുള്ള പുതിയ കൂട്ടുകെട്ടുകൾ മയക്കുമരുന്ന് ഉപയോഗത്തിന് വേണ്ടിയുള്ളതാകാം.
ശുചിത്വ അവഗണന: വ്യക്തിപരമായ ശുചിത്വം അവഗണിക്കുന്നത് ഒരു റെഡ് സിഗ്നലാണ്. നെഗറ്റീവ് പെരുമാറ്റ മാറ്റങ്ങളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട മാനസികാരോഗ്യ ആശങ്കളുടേയും ഭാഗമാകാം ഇത്തരം ശുചിത്വ അവഗണന.
അക്കാദമിക് തകർച്ച: സ്‌കൂളിലെയോ കോളേജിലെയോ അക്കാദമിക് പ്രകടനത്തിലെ ശ്രദ്ധേയമായ തകർച്ച മറ്റൊരു അടയാളമാണ്. മുമ്പ് ഉയർന്ന വിജയം നേടിയ വിദ്യാർഥികൾക്ക് ആസക്തി കാരണം പഠനനിലവാരം തുടരാൻ സാധിക്കില്ല. ഇക്കാര്യത്തിൽ മാതാപിതാക്കളിൽ നിന്നും സ്കൂൾ അധികാരികളിൽ നിന്നും വളരെ ശ്രദ്ധ ആവശ്യമാണ്.
താൽപ്പര്യം നഷ്ടപ്പെടുന്നു: ഒരിക്കൽ ആസ്വദിച്ച് ചെയ്തിരുന്ന പലകാര്യങ്ങളിലും പ്രവർത്തനങ്ങളിലും ആവേശം കുറയുന്നത് ലഹരി ഉപയോഗത്തിന്റെ സൂചനയാണ്. പ്രത്യേകിച്ച് സ്പോർട്സ് പോലുള്ളവയിലെ താൽപര്യക്കുറവ് ഒരു സാധാരണ ലക്ഷണമാണ്. കൗമാരപ്രായക്കാർ മുമ്പ് സ്വീകരിച്ച പരിശീലനങ്ങളോ ഇടപഴകലോ ഒഴിവാക്കുന്നതും ശ്രദ്ധിക്കണം.
സാമൂഹികമായ ഒറ്റപ്പെടൽ: കൗമാരപ്രായക്കാർ കുടുംബാംഗങ്ങളിൽ നിന്ന് ക്രമേണ അകന്നുനിൽക്കുന്നത് ശ്രദ്ധിക്കണം. വിശേഷങ്ങൾ പങ്കിടുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെ ഒഴിവാക്കുന്നതും മയക്കുമരുന്ന് ഉപയോഗത്തിൽ അവരുടെ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു.
ഈ സൂചനകൾ നിരീക്ഷിക്കുമ്പോൾ തന്നെ എല്ലാ ലക്ഷണവും ലഹരിയുടെ ഭാഗമായി കണക്കാക്കരുത്. കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികളിലെ മാറ്റങ്ങളും കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ലഹരി കണ്ടെത്തിയാൽ തന്നെ കുട്ടികളെ ശിക്ഷിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ആവശ്യമായ ചികിത്സയും ബോധവത്കരണവും നൽകണം. കുട്ടികളോട് തുറന്ന് സംസാരിക്കാൻ മാതാപിതാക്കൾ തയ്യാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."