പുടിന്റെ ശത്രുസംഹാരങ്ങൾ
ഡോ. സനന്ദ് സദാനന്ദൻ
കഴിഞ്ഞ ഓഗസ്റ്റ് 23ന് മോസ്‌കോയിൽനിന്ന് പറന്നുയർന്ന എംബയർ ബിസിനസ് വിമാനം ആകാശത്ത് പൊട്ടിത്തകരുന്നു. വിമാനത്തിലെ പത്ത് യാത്രക്കാരും കൊല്ലപ്പെടുന്നു. റഷ്യൻ മാധ്യമങ്ങൾ പുറത്തുവിട്ട മരിച്ചവരുടെ പട്ടികയിൽ യെവ്‌ഗെനി പ്രിഗോഷിൻ എന്ന പേര് ഉണ്ടായിരുന്നു. രണ്ടു മാസങ്ങൾക്ക് മുമ്പ് റഷ്യക്കെതിരേ പാളയത്തിൽ പടനയിച്ച വാഗ്നർ കൂലിപ്പട്ടാളത്തലവൻ പ്രിഗോഷിൻ!. യുക്രൈനിൽ റഷ്യക്കു വേണ്ടി പോരാടിയിരുന്ന വാഗ്നർ സേന, അവിടെ നിന്ന് പിന്മാറി റഷ്യയിലെ റോസ്‌തോവിലെ സൈനികകേന്ദ്രം കീഴടക്കിയാണ് മോസ്‌കോയിലേക്ക് മുന്നേറിയത്.
അതിനിടയിൽ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂകാഷെങ്കോവ് ഇടപെട്ട് സന്ധിയുണ്ടാക്കി. സിറിയയിലും പല ആഫ്രിക്കൻ രാജ്യങ്ങളിലും കൂലിക്ക് യുദ്ധം ചെയ്തുപോന്ന വാഗ്നർ വിഭാഗം റഷ്യൻ സൈനിക നേതൃത്വവുമായി ഇടഞ്ഞപ്പോഴാണ് കാര്യങ്ങളുടെ ഗതി മാറിയത്. വാഗ്നറെ റഷ്യൻ പ്രതിരോധ സംവിധാനത്തിനു കീഴിലാക്കാനുള്ള ശ്രമങ്ങളോടുള്ള പ്രിഗോഷിന്റെ എതിർപ്പാണ് വിമത മുന്നേറ്റത്തിന് കാരണമായത്.
വിമത സേനാ പിന്മാറ്റത്തിനു ശേഷം ടെലിവിഷനിൽ പുടിൻ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് 'ഏതൊരു ആഭ്യന്തര കലാപവും, ഒരു രാഷ്ട്രമെന്ന നിലക്ക് നമുക്ക് മാരക ഭീഷണിയാണ്. വിശ്വാസവഞ്ചനയുടെ പാതയിൽ ബോധപൂർവം സഞ്ചരിച്ച സായുധ കലാപം ഒരുക്കിയ, ബ്ലാക്ക്‌മെയിലിന്റെയും തീവ്രവാദ പ്രവർത്തനങ്ങളുടെയും പാതയിൽ പോയ ഏതൊരുവനും അനിവാര്യമായും ശിക്ഷിക്കപ്പെടും' എന്നാണ്.
പ്രിഗോഷിന്റെ വിമാനത്തെ വെടിവച്ചിട്ടതാണോ, സ്വയമേ തകർന്നുവീണതാണോ?, ചോദ്യങ്ങൾ നിരവധിയാണ്. റഷ്യൻ ഭരണകൂടം തങ്ങൾക്കെതിരായ ആരോപണങ്ങളത്രയും പാശ്ചാത്യ ഗൂഢാലോചനകൾ എന്നു പറഞ്ഞ് തള്ളുന്നു. എന്നാൽ വ്ളാദിമിർ പുടിന്റെ ചരിത്രം അറിയുന്നവർക്ക് ഇതിൽ അസ്വഭാവികത ഒന്നും തന്നെ ഇല്ല. നിലവിലെ റഷ്യൻ ഭരണകൂടത്തിന്റെ സ്വഭാവവും വർഷങ്ങളായി എങ്ങനെയാണ് വിമതസ്വരങ്ങളെ നിശബ്ദമാക്കുന്നത് എന്നും പരിശോധിച്ചാൽ പ്രിഗോഷിന് ആയുസ് രണ്ടു മാസം നീട്ടിക്കിട്ടി എന്നു പറയാം.
പുടിന്റെ റഷ്യ
റഷ്യൻ ചാരസംഘടനയായ കെ.ജി.ബിയിൽ ഉയർന്ന സ്ഥാനം വഹിച്ചിരുന്ന പുടിൻ, തൊണ്ണൂറുകളുടെ തുടക്കത്തിൽ റഷ്യയിൽ സംഭവിച്ച രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ സന്തതിയാണ്. ബോറിസ് യെൽസിൻ പ്രസിഡന്റായ സമയത്ത് രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം യെൽസിനു കീഴിൽ റഷ്യൻ പ്രധാനമന്ത്രി ആകുന്നു. 1999ൽ രാഷ്ട്രീയ ഉപജാപങ്ങളുടെ ഫലമായുണ്ടായ യെൽസിന്റെ രാജി പുടിനെ താൽക്കാലിക പ്രസിഡന്റാക്കുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന് വിജയിക്കാനായി. എന്നാൽ, റഷ്യൻ ഭരണഘടന പ്രകാരം ഒരാൾക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ അർഹതയുള്ളൂ. തുടർന്ന് 2008ൽ പ്രധാനമന്ത്രിയാകുന്നു. നാല് വർഷങ്ങൾക്കു ശേഷം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. ഇന്ന് റഷ്യൻ ഭരണഘടന തന്നെ ഭേദഗതി ചെയ്ത് 2036 വരെ ആ സ്ഥാനത്തിരിക്കാം എന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.
ഇന്ന് റഷ്യയെ സംബന്ധിച്ച് പുടിനാണ് ഏന്തിനും അവസാന വാക്ക്. പുടിന് ഇത്രയും വർഷങ്ങൾകൊണ്ട് റഷ്യയുടെ അനിഷേധ്യ നേതാവ് എന്ന ഇമേജ് രാജ്യത്തിനകത്ത് സൃഷ്ടിക്കാനായി എന്നതിൽ സംശയമില്ല. എന്നാൽ, പല കാലങ്ങളിൽ നിരവധി വിമതസ്വരങ്ങളാണ് പുടിനെതിരേ ഉയർന്നത്. അവയെയെല്ലാം മുളയിലേ നുള്ളാൻ പുടിൻ ശ്രദ്ധിച്ചു എന്നതാണ് ഇന്നും അദ്ദേഹത്തെ അധികാരക്കസേരയിൽ നിലനിർത്തുന്നത്. ആ ശ്രേണിയിൽ ഏറ്റവും അവസാനമായി കൂട്ടിച്ചേർക്കപ്പെട്ട പേരാണ് യെവ്‌ഗെനി പ്രിഗോഷിന്റേത്. അദ്ദേഹത്തിന് മുൻഗാമികൾ നിരവധിയുണ്ട്, റഷ്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ.
പുടിന്റെ ഇരകൾ
പുടിന്റെ ഏകാധിപത്യ പ്രവണതകളെ ശക്തമായി വിമർശിച്ചിരുന്ന ജനകീയ നേതാവായിരുന്നു അലക്‌സി നവൽനി. ബ്ലോഗറിൽ തുടങ്ങി രാഷ്ട്രീയത്തിൽ പ്രവേശിച്ച നവൽനിയെ വ്ളാദിമിർ പുടിൻ ഏറ്റവും പേടിക്കുന്ന മനുഷ്യൻ എന്നാണ് 2012ൽ വാൾസ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചത്. വലിയ സാമൂഹിക മാധ്യമ പിന്തുണ ഉണ്ടായിരുന്ന അദ്ദേഹത്തിന് നേരെ 2020ൽ രാസായുധ പ്രയോഗം ഉണ്ടായി. സഞ്ചരിച്ചിരുന്ന വിമാനം അടിയന്തര ലാൻഡിങ് നടത്തി, തുടർന്ന് ജർമനിയിലേക്ക് വിദഗ്ധ ചികിത്സക്കു കൊണ്ടുപോയി. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ ജീവൻ തിരിച്ചുകിട്ടി. പരിശോധനയിൽ പണ്ട് ശീതയുദ്ധസമയത്ത് കെ.ജി.ബി ഉപയോഗിച്ചിരുന്ന നോവിചോക് എന്ന രാസായുധമാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിനു പിന്നിൽ റഷ്യൻ ചാരസംഘടനയായ എഫ്.എസ്.ബിയാണെന്നും പുടിനാണ് ഇതിന് ഉത്തരവാദിയെന്നും നവൽനി പിന്നീട് ആരോപിച്ചു.
ചികിത്സ കഴിഞ്ഞ് റഷ്യയിൽ തിരിച്ചെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. ജർമനിയിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ച് മാസം റഷ്യയിലെ പൊലിസ് സ്റ്റേഷനിൽ ഹാജരാകാത്തതിന്റെ കുറ്റങ്ങൾ പോലും ചാർത്തി വിചാരണ നടത്തി. തുടർന്ന് അഴിമതിക്കേസിൽ രണ്ട് വർഷവും എട്ട് മാസവും ശിക്ഷിച്ചു. കോടതിയലക്ഷ്യത്തിന് ഒമ്പതു വർഷവും തീവ്രവാദക്കുറ്റത്തിന് 19 വർഷത്തേക്ക് കൂടി ശിക്ഷിച്ച് ഉത്തരവുകൾ ഇറക്കി. ഇതോടെ നവൽനിയെ ആജീവനാന്ത തടവിലിടാനുള്ള ഉദ്ദേശ്യമാണ് ഭരണകൂടം നിയന്ത്രിക്കുന്ന നിയമ സംവിധാനത്തിന് എന്നത് വ്യക്തമാണ്.
പുടിന്റെ മറ്റൊരു വിമർശനകനായിരുന്നു ബോറിസ് നെംസ്‌റ്റോവ്. യെൽസിന്റെ കാലത്ത് ഉപപ്രധാനമന്ത്രിയായിരുന്ന അദ്ദേഹം പുടിൻ വന്നപ്പോൾ രംഗം ഒഴിയേണ്ടിവന്നു. മനുഷ്യാവകാശലംഘനം, അഴിമതി എന്നീ വിഷയങ്ങളിൽ പുടിന്റെ കടുത്ത വിമർശകനായിരുന്ന അദ്ദേഹത്തെ നിരവധി തവണയാണ് അറസ്റ്റ് ചെയ്തത്.
2015ൽ അദ്ദേഹത്തെ ഒരു അജ്ഞാതൻ വെടിവച്ചു കൊന്നു. പുടിൻ നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച കേസിൽ ഇതുവരെ കൊലയാളിയെ കണ്ടെത്താനായിട്ടില്ല. മറ്റൊരു റഷ്യൻ വ്യവസായ പ്രമുഖനായിരുന്നു ബോറിസ് ബ്രഡോവ്‌സ്‌കി. ആദ്യകാലത്ത് മാധ്യമ കാംപയിനുകളാൽ പുടിനെ പിന്തുണച്ചെങ്കിലും പുടിനുമായുള്ള സ്വരച്ചേർച്ചയില്ലായ്മയുടെ ഫലമായി യു.കെയിൽ അഭയം പ്രാപിക്കേണ്ടിവന്നു. പുടിന്റെ നയങ്ങളെ എതിർക്കുന്ന അദ്ദേഹത്തെ 2013ൽ യു.കെയിലെ വീട്ടിലെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി.
അന്ന പൊളിറ്റിക്കോവ്‌സ്‌ക ലോകമറിയുന്ന റഷ്യൻ പത്രപ്രവർത്തകയായിരുന്നു. പുടിന്റെ ചെച്‌നിയൻ നയങ്ങളെ തുറന്നു കാണിക്കുന്നതിലൂടെ അവർ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. തന്റെ 'പാട്രീന്റെ റഷ്യ' എന്ന പുസ്തകത്തിലൂടെ റഷ്യ എങ്ങനെയാണ് പൊലിസ് രാഷ്ട്രമായി മാറുന്നത് എന്ന് അവർ വരച്ചുകാട്ടി. 2006ൽ അവരും പോയിന്റ് ബ്ലാങ്കിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.
വധിച്ചവരെ അറസ്റ്റ് ചെയ്‌തെങ്കിലും അവരെ നിയോഗിച്ചവരെ കണ്ടെത്തിയില്ല. മുൻ കെ.ജി.ബി ഏജന്റായിരുന്ന അലക്‌സാണ്ടർ ലിത്‌വിനെങ്കോ ലണ്ടനിലെ ഹോട്ടലിൽ 2006ൽ വധിക്കപ്പെടുന്നത് ചായയിൽ പോളോണിയം 210 മാരകവിഷം കലർത്തി നൽകിയാണ്. കുറ്റക്കാരെന്ന് ബ്രിട്ടൺ കണ്ടെത്തിയ രണ്ട് റഷ്യൻ ചാരന്മാരെ വിചാരണക്കായി വിട്ടുകൊടുത്തില്ല. മാത്രമല്ല, മെഡലുകൾ നൽകി പുടിൻ ആദരിച്ചു. ചെച്‌നിയയിൽ റഷ്യൻ സൈനികർ നടത്തിയ ക്രൂരതകൾക്കെതിരേ നിയമം കൊണ്ട് പോരാടിയ സ്റ്റാൻലിസ്ലാവ് മർക്കമോവ് ഇങ്ങനെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, അഭിഭാഷകർ, മനുഷ്യാവകാശ പ്രവർത്തകർ ... ഇവരുടെ എണ്ണം പുടിന്റെ ഭരണകാലത്ത് മാത്രം നൂറിലധികം വരും.
ഭക്ഷണത്തിൽ മാരകവിഷം കലർത്തി, ജനവാതിലുകളിൽനിന്ന് വീണ്, അജ്ഞാതരുടെ വെടിയേറ്റ്... ഇങ്ങനെ പുടിൻ വിമർശകർ ഓരോരുത്തരും കൊല്ലപ്പെടുന്നു. ഈ വിഷയങ്ങളിലെല്ലാം റഷ്യൻ ഭരണകൂടം തങ്ങളുടെ പങ്ക് നിഷേധിക്കുന്നുണ്ട്. ഇതെല്ലാം പാശ്ചാത്യ മാധ്യമങ്ങളുടെ ഗൂഢാലോചനയും വെറും നുണകളും മാത്രമാണെന്നാണ് റഷ്യൻ ഭാഷ്യം.
ഘടനാപരമായി ബഹുപാർട്ടി സംവിധാനവും തെരഞ്ഞെടുപ്പുമെല്ലാം ഉണ്ടെങ്കിലും പുടിൻ തന്നെയാണ് റഷ്യയിലെ അവസാന വാക്ക്. സോവിയറ്റ് യൂനിയന്റെ പതനത്തിനു ശേഷം സാമ്പത്തികമായി തകർന്ന രാജ്യത്തെ വളർച്ചയിലേക്ക് നയിച്ചു, അമേരിക്കയെയും നാറ്റോ സഖ്യരാജ്യങ്ങളെയും വെല്ലുവിളിക്കാൻ തക്കവണ്ണം ലോകനേതാവായി ഉയർന്നു എന്നെല്ലാം വിശേഷിപ്പിക്കാമെങ്കിലും പുടിൻ ഒരു ഏകാധിപതിയാണ് എന്നത് വിസ്മരിച്ചുകൂടാ. ശീതയുദ്ധത്തിന്റെ കാലത്ത് പ്രതിയോഗികളെ ഇല്ലാതാക്കാൻ ഉപയോഗിച്ചിരുന്ന ചാര വിഷക്കൂട്ടുകൾ കൈവശം വച്ച് സ്വന്തം രാജ്യത്തെ പ്രതിശബ്ദങ്ങളെ ഇല്ലാതാക്കുന്ന അഭിനവ റഷ്യൻ ചക്രവർത്തി.
(കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം
മേധാവിയാണ് ലേഖകൻ )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."