മോഷ്ടിച്ചെന്ന സംശയത്തില്‍ ദലിത് യുവാക്കളെ കൈകാലുകള്‍ കൂട്ടികെട്ടി തൂക്കിയിട്ടു, ദേഹത്തേക്ക് മൂത്രമൊഴിച്ചു, തുപ്പിയ ഷൂ നക്കിച്ചു; 'ദ ഗ്രേറ്റ് ഇന്ത്യന്‍ സ്റ്റോറി'
മോഷ്ടിച്ചെന്ന സംശയത്തില്‍ ദലിത് യുവാക്കളെ കൈകാലുകള്‍ കൂട്ടികെട്ടി തൂക്കിയിട്ടു, ദേഹത്തേക്ക് മൂത്രമൊഴിച്ചു, തുപ്പി ഷൂ നക്കിച്ചു; 'ദ ഗ്രേറ്റ് ഇന്ത്യന്‍ സ്റ്റോറി'
മുംബൈ: മോഷ്ടിച്ചെന്ന സംശത്തില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി ദലിത് യുവാക്കളെ തൂക്കിയിട്ടു. ഇതിന് പുറമേ അവര്‍ നേരിട്ടത് അതിക്രൂരമായ പീഡനവും. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ശ്രീറാംപൂര്‍ താലൂക്കിലെ ഹരെഗാവ് ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന സംശയത്തിന്റെ പേരില്‍ 20കാരായ ദലിത് യുവാക്കളെ വീട്ടില്‍നിന്ന് അക്രമികള്‍ ബലമായി പിടിച്ച് കൊണ്ടുപോകുകയായിരുന്നു.
അതിക്രൂരമായ പീഡനമാണ് യുവാക്കള്‍ നേരിട്ടത്. അക്രമികള്‍ തങ്ങളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചെന്നും ഷൂ നക്കാന്‍ ആവശ്യപ്പെട്ടതായും അക്രമത്തിനിരയായ യുവാക്കളിലൊരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'എന്റെ കാലില്‍ കയര്‍ കെട്ടി മരത്തില്‍ തലകീഴായി തൂക്കിയിട്ടു. അവര്‍ അയല്‍ക്കാരാണ്. ഞങ്ങള്‍ താഴ്ന്ന ജാതിയില്‍ നിന്നുള്ളവരാണ്. അവര്‍ ഞങ്ങളുടെ ദേഹത്ത് മൂത്രമൊഴിച്ചു. അവര്‍ തുപ്പിയ ഷൂസ് നക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു' അക്രമത്തിനിരയായ ശുഭം മഗാഡെ പറഞ്ഞു.
അക്രമികളിലൊരാള്‍ തന്നെ ക്രൂര അക്രമത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ യുവരാജ് ഗലാന്‍ഡെ, മനോജ് ബോഡാകെ, പപ്പു പര്‍ഖെ, ദീപക് ഗെയിക്വാദ്, ദുര്‍ഗേഷ് വൈദ്യ, രാജു ബൊറാഗെ എന്നിങ്ങനെ ആറുപേരാണ് പ്രതികള്‍. പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായി. അഞ്ചു പ്രതികള്‍ ഒളിവിലാണ്.
രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി വിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങളെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. ദലിതുകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് മഹേഷ് തപസെ ആരോപിച്ചു.
4 Dalits Hung Upside Down, Beaten Over Theft Claim
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."