ഇന്ത്യൻ ജനായത്തവും പുനരാനയിക്കപ്പെടുന്ന പരശുരാമനും
ഡോ : അജയ് ശേഖര്‍
കേരളഗാനത്തിലൂടെ പരശുരാമ സ്മൃതിയും സ്തുതിയും സമകാലിക കേരളത്തിലൂടെ തന്നെ പുനരാനയിക്കപ്പെടുകയാണ്. ദേശീയതലത്തിൽ ദേശീയവാദകക്ഷിയാകട്ടെ ഇന്ത്യൻ റിപ്പബ്ലിക്കിനാധാരമായ രാഷ്ട്രത്തിൻ്റെ ഔദ്യോഗിക അടയാളമായ അശോകസ്തംഭത്തെ ഹിംസാത്മകമായി വക്രീകരിക്കുകയും റിപ്പബ്ലിക്കിൻ്റെയും ഭരണഘടനയുടെയും അടിസ്ഥാന ആശയമൂല്യങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു. ഭരണഘടനയെ ഹനിക്കൽ കേരളത്തിലും നാട്ടുനടപ്പാകുന്നു.
നിരവധി മനുഷ്യരെ മാത്രമല്ല സ്വന്തം മാതാവിനെ പോലും കോടാലികൊണ്ട് കഴുത്തറുത്തു കൊന്ന ഏറ്റവും ഹിംസാത്മകമായ ഭീകരബിംബമാണ് പരശുരാമൻ. ബ്രാഹ്മണിക ആണത്ത ഐക്കൺ. കേരളത്തെ തന്നെ ബ്രാഹ്മണിസത്തിനു ദാനം കൊടുത്ത ക്ഷത്രിയഹിംസകനും നരമേധ നായകനുമാണ് കോടാലി രാമൻ. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനനും രാക്ഷസീകരിച്ച അപരൻ്റെ വയറുകീറി കൂടൽമാലയും ചോരയും കുടിക്കുന്ന നരസിംഹവുമടങ്ങുന്ന വൈഷ്ണവാവതാരങ്ങളുടെ നിരയിൽ തീർത്തും തികഞ്ഞ ദൈവബിംബം. വൈഷ്ണവ ബ്രാഹ്മണിസത്തിൻ്റെ ഹിംസയുടെ തികഞ്ഞ രൂപകം തന്നെ കോടാലി രാമൻ.
ശാങ്കര സ്മൃതിയും പരശുരാമ സ്മൃതിയും മനുസ്മൃതിയും കേരളോൽപ്പത്തിയും കേരളമാഹാത്മ്യവും കൂടിയാണ് തുടർന്ന് അക്ഷര നിഷേധത്തിലൂടെ ചാതുർവർണ്യവും ജാതി ഉച്ചനീചത്തവും തൊട്ടുകൂടായ്മയും സ്ഥാപിച്ച് കേരളത്തെ ഇരുട്ടിലാക്കിയത്. സ്മൃതി-ശ്രുതി പുരാണേതിഹാസ പാഠങ്ങളാൽ കോട്ടകെട്ടി വാഴുന്ന കുപ്രസിദ്ധമായ നമ്പൂതിരിയുഗം അങ്ങനെ മധ്യകാലത്തോടെ കേരളത്തിൽ നാട്ടുനടപ്പാക്കി. ആധുനികതയുടെ ഇടപെടുലുണ്ടായ പത്തൊമ്പതാം നൂറ്റാണ്ടോടെയാണ് അതിളകിയത്. ഗുരുവും അയ്യങ്കാളിയും പൊയ്കയിലപ്പച്ചനും വൈകുണ്ഠസാമിയും സഹോദരനയ്യപ്പനുമെല്ലാം നടത്തിയ വമ്പിച്ച സാമൂഹ്യ, സാംസ്‌കാരിക വിപ്ലവങ്ങളിലൂടെയാണ് കേരള നവോത്ഥാന ആധുനികത ഈ വൈദിക സനാതന ജാതിവ്യവസ്ഥയെ ഭേദിച്ചത്. ഇതൊന്നും കണ്ടില്ലെന്നു നടിച്ചാണ് 1938ലെ ബോധേശ്വരൻ്റെ തികച്ചും പ്രതിവിപ്ലവകരമായ ജന-ചരിത്ര വിരുദ്ധമായ പരശുരാമ സ്തുതിയെ കേരള ഔദ്യോഗിക ഗാനമായി കേരളത്തിലെ ജനകീയ ഇടതുപക്ഷ ഭരണകൂടത്തെകൊണ്ട് തികഞ്ഞ ബ്രാഹ്മണിക സവർണ ശക്തികൾ സ്ഥാപിച്ചെടുക്കുന്നത്. മതേതര, മാനവിക, നൈതിക, ചരിത്ര വിമർശ ബോധത്തിനെല്ലാം കടകവിരുദ്ധമാണിത്. അതിനാൽ ഭരണഘടനാവിരുദ്ധവുമാണ്.
ഭരണഘടനയുടെ കാതലും ആധാരവുമായ സാമൂഹ്യ നീതിക്കെതിരായ പ്രതിവിപ്ലവ ശക്തികളുടെ ജനായത്ത വിരുദ്ധ അട്ടിമറിയായിതിനെ വിമർശകർ കാണുന്നു. അത്തരം ഔദ്യോഗിക ഗാനം വേണമെങ്കിൽ ഈ ജാതിയുടെ കൊല്ലുന്ന ഇരുട്ടിൽ നിന്ന് കേരളത്തെ രക്ഷിച്ച ഗുരുവോ സഹോദരനോ അപ്പച്ചനോ പണ്ഡിറ്റ് കറുപ്പനോ മൂലൂരോ കേരള ആധുനികതയെ രൂപീകരിച്ചെഴുതിയ നിരവധി ബഹുജന ഗാനങ്ങളും പദ്യങ്ങളും നമുക്കുണ്ട്. കേരള ആധുനികതയുടെയും പ്രാചീനതയുടെയും ചരിത്രം പഠിപ്പിക്കാത്തും ഈ സവർണ സേവകർക്കു വഴിമരുന്നിടുന്നു.
യഥാർഥത്തിൽ ചരിത്രത്തിൽ കേരളം കടന്നുവരുന്നത് ബി.സി മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച മഹാനായ മൗര്യ ചക്രവർത്തി അശോകരുടെ ധമ്മ(ധർമ എന്ന വാക്കിൻ്റെ പാലി ഭാഷയിലെ മൂലപദം)ശാസനങ്ങളിലൂടെയാണ്. കേര പുത്തോ എന്നാണദ്ദേഹം അശോകൻ ബ്രാഹ്മി എന്നു വിളിക്കുന്ന ധമ്മലിപിയിലുള്ള രണ്ടും പതിമൂന്നും ലിഖിതങ്ങളിൽ കേരളത്തിലെ പ്രബുദ്ധരായ മക്കളെ വിളിക്കുന്നത്. പാണ്ഡ്യരെയും ചോളരെയും ആന്ധ്രരെയുമടക്കം തൻ്റെ സാമ്രാജ്യത്തിനതിർത്തികളിലുള്ള ജനതകൾക്കായി ഔഷധത്തോപ്പുകളും മൃഗങ്ങൾക്കു പോലും ആതുരാലയങ്ങളും സ്ഥാപിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നു. അശോകൻ സംഘാരാമങ്ങളെ നട്ടുനനച്ചു പാലിച്ചത് പുത്ത പോതിനിമാരായ (ബുദ്ധ ബോധിനി എന്നു സംസ്‌കൃതം) ഭിക്കുനിമാരാണ്. മഠത്തിലമ്മയെന്നും കന്യാസ്ത്രീയെന്നും പിൽക്കാലത്ത് ക്രൈസ്തവ ശൈലിയിൽ പറയുന്ന കന്യകാവുകളാണ് കേരളത്തിലെ കാവുകളുടെ അമ്മമാർ. മഹാമായ എന്ന പുത്തരുടെ അമ്മയായിരുന്നു കാവുകളുടെ പൊതുവായ അമ്മ. മധ്യകാലത്തോടെ ഇതെല്ലാം ഹിംസാത്മകമായ ബലികളിലൂടെ കാളിയുടേതാക്കി, ക്രമേണ ഹൈന്ദവീകരണവും പൂർത്തിയാക്കി.
അപ്പനും അച്ചനും അമ്മയുമടക്കമുള്ള കേരള ഭാഷയിലെ ഏറ്റവും അടുത്ത മാനുഷിക അടുപ്പത്തെ സൂചിപ്പിക്കുന്ന ബന്ധുത്തമുണർത്തുന്ന വാക്കുകളെല്ലാം ബുദ്ധൻ സുവിശേഷമുണർത്തിയ പാലി ഭാഷയുമായി ബന്ധപ്പെട്ടതാണ്. സ്ഥലനാമങ്ങളും വീട്ടുപേരുകളും ഏറ്റവും ഉപയോഗിക്കുന്ന പള്ളിയും ചേരിയും അതുപോലെ പ്രാചീന പ്രാകൃത ഭാഷയായ പാലിയും പഴന്തമിഴുമായി ബന്ധപ്പെട്ട പദങ്ങളാണ്. ചുരുങ്ങിയത് അശോക കാലം മുതൽ പാലിയുമായുള്ള ബന്ധങ്ങളാണ് കേരളഭാഷയെ വളർത്തിയത്. ഇന്നും മുപ്പതു ശതമാനത്തോളം പദങ്ങൾ പാലി, പ്രാകൃത വഴക്കത്തിലാണ്. കേരളത്തിലെ വട്ടെഴുത്തു വികസിച്ചതും അശോകൻ ബ്രാഹ്മി എന്ന ധമ്മലിപിയിൽ നിന്നാണ്. വട്ടങ്ങളുടെ വാസ്തുശിൽപവും ബൗദ്ധ സ്തൂപങ്ങളിൽനിന്ന് വരുന്നു. തെക്കു കിഴക്കൻ ഏഷ്യയിലെ തന്നെ നിരവധി ലിപികളുടെ മാതാവായിരിക്കുന്നത് ധമ്മലിപിയാണ്. കേരള സംസ്‌കാരത്തിൻ്റെ ഈ പ്രബുദ്ധമായ അശോകൻ ആധാരങ്ങളെ മൂടിവച്ചും മറച്ചും മായിച്ചും വെടക്കാക്കി തനിക്കാക്കിയുമാണ് വംശഹത്യാ കാമന നിറഞ്ഞ കോടാലി രാമ പൈതൃകത്തെ ആത്മഹത്യാപരമായി സ്തുതിക്കുന്നതും സ്ഥാപിക്കുന്നതും നാട്ടുനടപ്പാക്കുന്നതും.
സാംസ്‌കാരിക ഉന്നതിയുടെയും സാക്ഷരതയുടെയും മേനി നടിക്കുന്ന കേരളത്തിലൂടെയാണ് സത്യ, നീതി വിരുദ്ധവും ചരിത്രവിരുദ്ധവുമായ ഭരണഘടനാ അട്ടിമറികൾ നടക്കുന്നത്. 2018ലെ ശബരിമല വിശ്വാസി ലഹളയും തീണ്ടാരി ലഹളയും ശൂദ്രലഹളയും അരങ്ങേറിയത് കേരളത്തിലാണ്. അതിൻ്റെ സമ്മർദ പരിസരത്ത് മുഖ്യമന്ത്രിയെ തന്നെ തെരുവിൽ തൊഴിലുറപ്പ് സ്ത്രീകളെ കൊണ്ട് ജാതിത്തെറി വിളിപ്പിച്ചാണ് അമിത പ്രാതിനിധ്യമുണ്ടായിരുന്ന ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണത്തിലൂടെ പ്രാതിനിധ്യം പരിപൂർണമാക്കുന്ന ഭരണഘടനാ അട്ടിമറി നടപ്പിലാക്കിയത്. ജാതിക്കൊലകളുടെയും പീഡനങ്ങളുടെയും ഇടമായി കേരളം മാറുന്നതിന്റെ പ്രധാനകാരണം നീതിയുടെ കരാറിനെ അട്ടിമറിച്ച് അമിതപ്രാതിനിധ്യവും സമഗ്രാധിപത്യവും മലയാള കുലീനത കൈയാളി എന്നതാണ്.
1957ൽ തുടങ്ങിയ ഭരണഘടനയിലെ സാമൂഹ്യനീതിക്കും സാമൂഹ്യപ്രാതിനിധ്യത്തിനും എതിരായ സങ്കുചിത സാമ്പത്തികവാദമാണ്, പിതൃരൂപങ്ങളന്തരിച്ചിട്ടും പരിവാരങ്ങളും മക്കളും കൂടി 2018 ൽ നടപ്പാക്കി ഷായ്ക്കും നമോയിക്കും മാതൃകയും വെല്ലുവിളിയും കൊടുത്തത്. 2019 ജനുവരി മാത്രമാണ് സ്വയം സേവകർ നയിക്കുന്ന ദേശീയവാദ യൂനിയൻ ഭരണകൂടം ഭരണഘടനയ്ക്ക് നിരക്കാത്ത നീതിവിരുദ്ധവും അമിത പ്രാതിനിധ്യ കുത്തക പെരുക്കുന്നതുമായ സാമ്പത്തിക സംവരണം നടപ്പാക്കിയത്. നീതിയുടെ റിപ്പബ്ലിക്കൻ കരാറിനെതിരായ കുടച്ചക്രങ്ങളും കൗടില്യ വ്യവഹാരങ്ങളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കേരളത്തിൽ.
ഈ സാമൂഹ്യ, രാഷ്ട്രീയ അട്ടിമറിക്കു ശേഷം ഒന്നൊന്നായി ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വവും ജനായത്തവും തകർക്കപ്പെട്ടു. സാമൂഹ്യപ്രാതിനിധ്യമില്ലാതെ സാമൂഹ്യ ജനായത്തമില്ല. ജാതിസമൂഹത്തിൽ സാമുദായികമായ പ്രാതിനിധ്യത്തിലൂടെ മാത്രമേ ജനായത്തത്തിനായി ശ്രമിക്കാനാവൂ. വിവേചനം ചരിത്രപരമായി ജാതിപരമാണ് വർഗപരമല്ല ഇന്ത്യൻ സമൂഹത്തിലെന്ന സത്യത്തെയും വാസ്തവത്തേയും കണ്ടില്ലെന്നു നടിച്ച് ഒരു ജനായത്ത സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കാനാവില്ല.
ഭരണഘടനാ വാസ്തുശിൽപിയായ ഡോ. അംബേദ്കർ ആവർത്തിച്ചു വ്യക്തമാക്കിയ പോലെ പാശ്ചാത്യ ആധുനികതയിൽ നിന്നു മാത്രമല്ല തൻ്റെ ഗുരുവായി കണ്ട ബുദ്ധനിലും അദ്ദേഹത്തിൻ്റെ വചനമാർന്ന വിനയപിടകമെന്ന സംഘനിയമാവലിയിൽ നിന്നുമാണ് ജനായത്ത ആശയങ്ങൾ നാം വീണ്ടെടുക്കുന്നത്. ബുദ്ധൻ്റെ ധമ്മം എന്നു വിളിക്കുന്ന സമത, കരുണ, മൈത്രി എന്നീ അടിസ്ഥാന ജനായത്ത ആശയങ്ങളിൽ നിന്നാണ് സ്വാതന്ത്ര്യം, സമത്തം, സാഹോദര്യം എന്നീ ആധുനിക ജനായത്ത മൂല്യങ്ങൾ നമ്മുടെ നിർമാണഘടനയുടെ ആധാര മൂല്യങ്ങളും വിമോചനാശയങ്ങളുമായി ബാബാസാഹേബ് വീണ്ടെടുക്കുന്നത്. ഇത് ലോകത്ത് പ്രാചീന കാലത്ത് ആദ്യം ചെയ്തത് അശോക ചക്രവർത്തിയാണ്. തൻ്റെ നിർമാണ നൈതിക തത്വമായി ബുദ്ധൻ്റെ ധമ്മത്തെ അദ്ദേഹം സ്വീകരിച്ചു പരിപാലിച്ചു, പ്രചരിപ്പിച്ചു. സ്വന്തം മകനായ മഹിന്ദനെയും മകളായ സംഘമിത്തയേയും തമിളകത്തേക്കും ലങ്കയിലേക്കും തെക്കനേഷ്യയിലേക്കുമയച്ച് ബുദ്ധ ബോധകരാക്കി. ശാക്യസിംഹനെന്നും വിളിക്കപ്പെടുന്ന ശാക്യമുനി ഗോതമ ബുദ്ധൻ്റെ (പാലിയിലെ ഗോതമയിൽ നിന്നാണ് കോതമ, കോത എന്നീ പേരുകളും സ്ഥലനാമ പദങ്ങളും കേരളത്തിലുണ്ടായത്, ഗൗതമ സംസ്‌കൃതം) കലാപരമായ പ്രതിനിധാനമാണ് സാരാനാഥിലെ സിംഹങ്ങൾ.
ശാക്യസിംഹൻ്റെ സിംഹനാദം ലോകത്തിൻ്റെ നാലു ദിശകളിലേക്കു പോകുന്നതിനെ പ്രതിനിധാനം ചെയ്യാനാണ് അശോകൻ ചതുർമുഖ സിംഹമെന്ന ശിൽപബിംബത്തെ ഉപയോഗിച്ചത്. ധമ്മസിംഹങ്ങളും ധമ്മഗജങ്ങളും മറ്റും ജീവജാലങ്ങളും പക്ഷികളുമെല്ലാം അദ്ദേഹത്തിൻ്റെ മൈത്രീപൂർണമായ ശിൽപ-വാസ്തുശിൽപ- ചിഹ്നശാസ്ത്രത്തിൻ്റെ ഭാഗമായിരുന്നു. ഇന്നും കേരളത്തിലെ പ്രാചീന അമ്പലങ്ങളുടെ അടിത്തറകളിലും വട്ടങ്ങളിലും ഈ അശോകൻ ധമ്മ സിംഹ-ഗജ-വ്യാളി രൂപങ്ങൾ മൃഗമാലയായി കാണാം. പല പ്രാചീന നിർമിതികളും അയോധ്യപോലെ അശോകകാലത്തോളം പഴക്കമുള്ള അടിത്തറമേലാണ് ഉയർന്നത്. കേരളവും ഇന്ത്യയും മാത്രമല്ല തെക്കനേഷ്യയിലെ നിരവധി ബൗദ്ധരാജ്യങ്ങളുടേയും നാഗരികതകളുടേയും ആധാരമായ അശോക പ്രബുദ്ധതയെയാണ് ഇന്ന് ഹിന്ദുത്വവാദ ശക്തികൾ ക്രമേണ എടുത്തുയർത്തുന്നു എന്ന വ്യാജേന സ്വാംശികരിച്ചു നശിപ്പിക്കുന്നത്. വെടക്കാക്കി തനിക്കാക്കുന്ന പഴകിയ ബ്രാഹ്മണിക മാതൃകയാണിത്. അധീശമായ സ്വാംശീകരണവും അപഭ്രംശവുമാണിത്.
അശോക സിംഹങ്ങൾ മൈത്രിയും കരുണയും സമാധാനവുമുണർത്തുമ്പോൾ, ദേശീയവാദ കക്ഷി ജനായത്ത കോവിലായ പാർലമെന്റ് എന്ന പരിശുദ്ധമായ ആ ജനങ്ങളുടെ പള്ളിയുടെ മുകളിൽ ക്രൗര്യവും പകയും സൈനികപരതയുമുള്ള ഒരു ഹിംസ്ര മൃഗരൂപത്തെ കെട്ടിയെഴുന്നള്ളിച്ചു കെട്ടുകാഴ്ച്ചയാക്കുന്നു. കൊല്ലുന്നവൻ എത്ര നന്മയുള്ളവനായാലും മൃഗത്തിനു തുല്യനവൻ എന്ന ഗുരുവരുളാണ് ഇവിടെ പ്രസക്തം. കൊല്ലുന്ന ദൈവങ്ങളെയും രാജാക്കന്മാരേയും കുറിച്ചുള്ള ഈ സത്യനീതി പ്രസ്താവം കേരളത്തിനു ബോധോദയം പകരട്ടേ എന്നു പ്രതീക്ഷിക്കാം. ആധുനിക കേരള ബുദ്ധനായി കേരള കവിശിഷ്യരായ മൂലൂരും കറുപ്പനും സഹോദരനും പ്രതിനിധാനം ചെയ്ത ഗുരുവരുളുകളാവട്ടെ കേരളഗാനങ്ങൾ. ആ ആദിമവും ആധുനികവുമായ അശോകൻ പ്രബുദ്ധതയെയും വിമർശ ചരിത്ര-നൈതിക ബോധത്തേയും വീണ്ടെടുത്തു മാത്രമേ ഹിംസയേയും ഹിംസ്ര മൃഗാധീശത്തത്തെയും അമിത പ്രാതിനിധ്യവാദങ്ങളെയും ഇന്ത്യക്കും കേരളത്തിനും ചെറുക്കാനാവൂ. അരുളൻപനുകമ്പ നമ്മുടെ പൊരുളാകട്ടെ.
(കാലടി സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."