മണിയുടെ ഭാഷ
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
രാഷ്ട്രീയക്കാരൻ സംസാരിക്കണം. സംസാരിക്കേണ്ടത് ജനങ്ങളോട്. ജനാധിപത്യത്തിൽ ജനപ്രതിനിധികൾക്കാണു സ്ഥാനം. രാഷ്ട്രീയപ്രവർത്തകരാണ് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, ജനപ്രതിനിധികൾ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോട് സംസാരിക്കാൻ കടപ്പെട്ടിരിക്കുന്നവരാണ്. ജനാധിപത്യം നിലനിൽക്കുന്ന ലോകരാജ്യങ്ങളിലൊക്കെയും ജനങ്ങളോടു നിരന്തരം സംസാരിക്കുന്ന ജനനേതാക്കളെ കാണാം. അമേരിക്കൻ പ്രസിഡൻ്റുമാരുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെയും റഷ്യൻ പ്രസിഡൻ്റുമാരുടെയും ജർമ്മൻ ചാൻസലർമാരുടെയുമൊക്കെ ചിത്രങ്ങളോ വിഡിയോകളോ ശ്രദ്ധിച്ചാൽ ഇതു മനസ്സിലാവും. നേതാക്കൾ മൈക്കിനു മുന്നിൽ നിന്നു പ്രസംഗിക്കുന്ന രൂപമാവും ചിത്രങ്ങളിൽ. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പഴയ ചിത്രങ്ങൾ ഓർക്കുക. നെഹ്‌റുവിന്റെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ മൈക്കിനു മുന്നിൽ നിന്നു പ്രസംഗിക്കുന്നവയാവും. അതുപോലെ ബറാക്ക് ഒബാമ, മാർഗരറ്റ് താച്ചർ, ഇന്ദിരാഗാന്ധി എന്നിങ്ങനെ ചരിത്രത്തിൽ ജനനേതാക്കളായി സ്ഥാനം പിടിച്ചവർ എത്രയെത്ര. അവയിൽ നല്ല ചിത്രങ്ങൾ വാ തുറന്നു സംസാരിക്കുന്നവയാവും.
സി. കേശവൻ, പട്ടം താണുപിള്ള, ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ ഗോപാലൻ, എം.വി രാഘവൻ, ഇ.കെ നായനാർ, കെ. കരുണാകരൻ, വി.എസ് അച്യുതാനന്ദൻ, സി.എച്ച് മുഹമ്മദ് കോയ എന്നിങ്ങനെ എത്രയെത്ര നേതാക്കളെ കേരളം കണ്ടു. ഇവരൊക്കെ ജനങ്ങളോടു സംസാരിച്ചുകൊണ്ടേയിരുന്നു. ഒരു കാലത്ത് നേതാക്കളുടെ കവല പ്രസംഗങ്ങൾ സംസ്ഥാനത്തെങ്ങും പതിവായിരുന്നു. ഇ.എം.എസും കെ. കരുണാകരനും ഇ.കെ നായനാരുമൊക്കെ ഇങ്ങനെ കേരളമങ്ങോളമിങ്ങോളം ഓടി നടന്നു ജനക്കൂട്ടങ്ങളോടു സംസാരിച്ചവരാണ്. പ്രസംഗങ്ങളിലൂടെ ഇവർ ജനമനസ്സിൽ സ്ഥാനം പിടിക്കുകയായിരുന്നു. ജനങ്ങളുടെ അംഗീകാരം ഏറ്റുവാങ്ങി അവർ ജനനേതാക്കളായി വളർന്നു.
കേരള നിയമസഭയിൽ മുൻ വിദ്യുഛക്തി മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നേതാക്കൾ ജനങ്ങളോടു സംസാരിക്കുന്നതിനെപ്പറ്റി ഇത്രയും കുറിച്ചത്. കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും നിയമസഭാംഗവുമായ കെ.കെ രമ വിധവയായത് അവരുടെ വിധിയാണെന്നായിരുന്നു എം.എം മണിയുടെ പ്രസ്താവന. മണി ഈ വാചകം പൂർത്തിയാക്കിയപ്പോഴേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിഷേധവുമായി എഴുന്നേറ്റു. ഇതു സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്നും എം.എം മണി പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നുമാണ് സതീശൻ ആവശ്യപ്പെട്ടത്. എം.എം മണിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയനും ഭരണപക്ഷവും പിന്താങ്ങുകയായിരുന്നു. അത് മണിക്കു പിന്നെയും ഉത്സാഹം നൽകി. പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നും പറഞ്ഞതിൽ ഒരു ഖേദവുമില്ലെന്നുമായിരുന്നു മണിയുടെ നിലപാട്. ഒപ്പം സി.പി.ഐ നേതാവ് ആനി രാജയ്‌ക്കെതിരേ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി സ്വന്തം വിവാദത്തിന് വീര്യം കൂട്ടുകയും ചെയ്തു മണി.
എം.എം മണി ഗ്രാമീണനല്ലേ, തികച്ചും ഗ്രാമീണമായ ഭാഷയല്ലേ സംസാരിച്ചുള്ളൂ എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ സംരക്ഷിച്ചുനിർത്താൻ നിയമസഭയിലും പുറത്തും സി.പി.എം ശ്രമിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിനു മുന്നിൽ അത്തരം വാക്കുകൾക്കും പ്രയോഗങ്ങൾക്കും വേണ്ടത്ര സാധൂകരണം കിട്ടിയിട്ടില്ല. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ പോലും മണിയുടെ വാക്കുകളെ അപലപിച്ചു.
കെ.കെ രമ നിയമസഭയിൽ നടത്തുന്ന പ്രസ്താവനകളും സ്വീകരിക്കുന്ന നിലപാടുകളും പലപ്പോഴും ഭരണപക്ഷത്തെ ചൊടിപ്പിക്കുന്നുണ്ട്. ആർ.എം.പി നേതാവായ രമ പ്രകടമായി യു.ഡി.എഫിനെ ഭാഗമായിരുന്നില്ല. പക്ഷേ തുടക്കത്തിൽ കാണിച്ച ഈ അകൽച്ചയ്ക്ക് രമ മാറ്റം വരുത്തിയിരിക്കുന്നു. ഒറ്റയ്ക്കു നിന്നാൽ സഭയിൽ പ്രസംഗിക്കാൻ കിട്ടുക ഒന്നോ രണ്ടോ മിനിട്ട് മാത്രമാണ്.എന്നാൽ പല വിഷയങ്ങളിലും രമയ്ക്കു പ്രസംഗിക്കാൻ പ്രതിപക്ഷത്തിന്റെ സമയം നൽകുകയാണ് ഇപ്പോഴത്തെ പതിവ്. മുമ്പ് എം.വി രാഘവനെയും കെ.ആർ ഗൗരിയമ്മയെയും ഉപയോഗിച്ച് യു.ഡി.എഫ് നിയമസഭയിൽ ഇടതുപക്ഷത്തെ ആക്രമിച്ചതിന്റെ മാതൃകയിൽ ഇപ്പോൾ രമയെ ഉപയോഗിക്കുകയാണെന്ന് സി.പി.എം കരുതുന്നു. എസ്.എഫ്.ഐയിലൂടെ വളർന്ന രമയ്ക്ക് സി.പി.എമ്മിനെ എതിർക്കാൻ സ്വന്തം രീതികളുമുണ്ട്. ഇതും സി.പി.എം നിരകളെ അസ്വസ്ഥമാക്കുന്നുണ്ട്. പക്ഷേ ഇതൊന്നും എം.എം മണി രമയ്‌ക്കെതിരേ നടത്തിയ പദപ്രയോഗങ്ങളെ ന്യായീകരിക്കാൻ പോരുന്നവയല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കണം. താൻ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നു വന്നവനാണെന്നും തന്റെ ഭാഷ ഗ്രാമീണരുടേതാണെന്നുമാണ് എപ്പോഴും മണിയുടെ നിലപാട്.
എം.എം മണി സാധാരണ ഉപയോഗിക്കുന്ന സംസാരഭാഷയിൽ ഇടയ്ക്കിടയ്ക്ക് അശ്ലീല വാക്കുകളുടെ അതിപ്രസരം പതിവാണ്. ഇതാണ് തന്റെ പതിവു ഭാഷയെന്ന നിലയിൽത്തന്നെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഒരിക്കലും ഇതിൽ ഖേദം പ്രകടിപ്പിക്കാനോ പശ്ചാത്തപിക്കാനോ അദ്ദേഹം തയാറായിട്ടുമില്ല. ഈ ശൈലിയിൽത്തന്നെയാണ് മണി നിയമസഭയിൽ കെ.കെ രമയ്‌ക്കെതിരായ പരാമർശം നടത്തിയത്. പിറ്റേന്ന് ആനി രാജയുടെ പ്രസ്താവനയെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ എം.എം മണി നൽകിയ മറുപടിയും വിവാദമാവുകയായിരുന്നു. തികച്ചും സ്വാഭാവികമായ മറുപടിയെന്ന നിലയ്ക്കു തന്നെയാണ് മണി പ്രതികരിച്ചത്. അതിൽ മണിയുടെ തനതു രീതിയിൽത്തന്നെ വികലമായ ചില പദപ്രയോഗങ്ങളും കടന്നുകൂടുകയായിരുന്നു.
രാഷ്ട്രീയ നേതാക്കൾ ജനങ്ങളോടു സംസാരിക്കുമ്പോൾ ഭാഷ ശുദ്ധമായിരിക്കണം. ഗൗരവുമുള്ളതായിരിക്കണം. രാഷ്ട്രീയമായി മറുപക്ഷത്തു നിൽക്കുന്നവരോടു സംസാരിക്കുമ്പോൾ പോലും രാഷ്ട്രീയക്കാർ സംസാരത്തിലും ഭാഷയിലും മിതത്വവും മര്യാദയും കാണിക്കണം. എം.എം മണിയുടെ ഭാഷ ഗ്രാമീണരുടെ ഭാഷയാണെന്ന വാദത്തിൽ ഒരർഥവുമില്ല തന്നെ. സാക്ഷരതയുടെ കാര്യത്തിലായാലും വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിലായാലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉന്നത നിലയിൽത്തന്നെയാണ് കേരളീയർ. കേരളം മൊത്തമായെടുത്താൽ ഒരു വലിയ പട്ടണം കണക്കെയാണെന്നു പറയുന്നതിൽ തെറ്റില്ല. മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും സാംസ്‌കാരികമായും കേരളീയർ വളരെ മുന്നിലാണ്. കേരളത്തിൽ ജനപ്രതിനിധികൾക്കും ഈ ഉയർന്ന സംസ്‌കാരം ആവശ്യമാണ്. അവരുടെ സംസാരരീതിക്കും ഭാഷയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."