ഫണ്ടില്ല; ഉച്ചഭക്ഷണ പദ്ധതി നിലയ്ക്കുന്നു കയ്യിൽ നിന്ന് ചെലവാക്കാൻ കഴിയില്ലെന്ന് അധ്യാപകർ
പ്രത്യേക ലേഖകൻ
പാലക്കാട് • സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണം നിലയ്ക്കുന്നു. പദ്ധതിക്കാവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്‌കൂൾ തുറന്ന് രണ്ടു മാസം പൂർത്തിയാകാറായിട്ടും ഇതുവരെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല.
പദ്ധതിക്കായി അരിയല്ലാതെ മറ്റൊന്നും സർക്കാർ ഇതേവരെ നൽകിയിട്ടില്ല. ഇതോടെ പദ്ധതിക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ട വിദ്യാലയങ്ങൾ വലിയ പ്രതിസന്ധിയിലായി. പ്രധാനാധ്യാപകർ സ്വന്തം കൈയ്യിൽ നിന്നും ചെലവഴിച്ചാണ് കഴിഞ്ഞ ഒന്നര മാസം തള്ളിനീക്കിയത്. ഇത് തുടരാൻ കഴിയില്ലെന്നാണ് അധ്യാപകർ പറയുന്നത്. എന്നാൽ ഡി.പി.ഐയിലെ ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് പ്രതികരിക്കാൻ പോലും തയ്യാറല്ല. വിദ്യാഭ്യാസ മന്ത്രിയോട് ചോദിക്കണമെന്ന നിലപാടാണ് അവർക്ക്. ആഴ്ചയിൽ രണ്ടു ദിവസം 100 മില്ലി ലിറ്റർ പാലും ഒരു ദിവസം കോഴിമുട്ടയും ഉച്ചയ്ക്ക് എല്ലാ ദിവസവും രണ്ട് കറിയും ചോറും നൽകണമെന്നാണ് വ്യവസ്ഥ. പരമാവധി ഒരു കുട്ടിക്ക് എട്ടു രൂപയാണ് അനുവദിക്കുന്നത്. 2016 ജീവിതനിലവാര സൂചിക പ്രകാരമാണ് തുക കണക്കാക്കിയിരുന്നത്. 2022ലും ഇതേ തുകയാണ് നൽകുന്നത്. വിറക് അടുപ്പ് ഉപയോഗിക്കുന്നത് നിരോധിക്കുകയും പാചകവാതകത്തിലേക്ക് മാറാൻ ഉത്തരവിറക്കുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പ് ഗ്യാസിന് വില കുതിച്ചുയർന്നിട്ടും തുക വർധിപ്പിക്കാൻ തയ്യാറായിട്ടില്ല. അനുബന്ധ ചെലവുകളെല്ലാം പ്രധാനാധ്യാപകർ തന്നെ വഹിക്കണം.
ശരാശരി 1000 കുട്ടികളുള്ള സ്‌കൂളിൽ പ്രതിമാസം 1.75 ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത്. ജൂൺ മാസം ചെലവാക്കിയ തുക ഇനിയും അനുവദിച്ചിട്ടില്ല. ജൂണിലെ ശമ്പളം ലഭിക്കാത്ത പാചകത്തൊഴിലാളികളും പ്രതിഷേധത്തിലാണ്. പ്രാദേശിക വിപണന കേന്ദ്രങ്ങളിൽ നിന്ന് സ്‌കൂളിലേക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ പല സ്കൂളുകളും വൻതുക കൊടുക്കാനുണ്ട്.
ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവ് തൂക്കവും കൃത്യമാണോയെന്നറിയാൻ എൻ.എം.ഒ, എ.ഇ.ഒ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിഭാഗം, ഡി.ഇ.ഒ, ഡി.ഡി ഓഫീസുകളിൽ നിന്നുള്ള ഫീൽഡ് പരിശോധനകൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും എങ്ങനെ പദ്ധതി നിലയ്ക്കാതെ കൊണ്ടുപോകുമെന്ന് കൂടി വ്യക്തമാക്കണമെന്നും പ്രധാനാധ്യാപകർ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."