പ്രതിപക്ഷ ഐക്യത്തിന് എത്രനാൾ?
ജലീൽ അരൂക്കുറ്റി
സ്വതന്ത്ര ഇന്ത്യയുടെ അഭിമാനവും ചരിത്രസംഭവുമായി 15 ാമത് രാഷ്ട്രപതി തെരഞ്ഞടുപ്പ് മാറിയെങ്കിലും ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഭരണമാറ്റത്തിനുള്ള സാധ്യതകളിൽ വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. ദ്രൗപദി മുർമു എന്ന ആദിവാസ ഗ്രോത വിഭാഗത്തിന്റെ പ്രതിനിധി ഏറ്റവും പിന്നോക്ക ഗ്രാമമായ ഒഡിഷയിലെ ഉപർബേഡയിൽ നിന്ന് രാഷ്ടപതി ഭവനിലേക്ക് രാജ്യത്തിന്റെ പ്രഥമ വനിതയായി എത്തുമ്പോൾ അത് അഭിമാനിക്കാവുന്ന ചരിത്രമൂഹൂർത്തം തന്നെയാണ്. രാഷ്ട്രപതി പദവിയിലേക്ക് രണ്ടാമതും വനിത എത്തുമ്പോൾ അത് മറ്റൊരു ചരിത്രവും. എന്നാൽ 2024 ലെ പൊതുതെരഞ്ഞെടുപ്പിനു വേണ്ടി രാഷ്ട്രീയ ഒരുക്കം നടത്തുന്ന പ്രതിപക്ഷ രാഷ്ട്രീയനിരയ്ക്കും കേന്ദ്രഭരണത്തിനെതിരേ രോഷംകൊള്ളുന്ന ജനാധിപത്യവിശ്വാസികൾക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയായിരുന്നു. ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർഥിയുടെ വിജയസാധ്യതയക്ക് അപ്പുറം വ്യത്യസ്ത നിലപാടും സമീപനവും രീതികളുമായി നിലകൊള്ളുന്ന പ്രതിപക്ഷ കക്ഷികളുടെ ഏകോപനമായിരുന്നു വലിയൊരു സ്വപ്നം.
എന്നാൽ കേന്ദ്രസർക്കാരിനും ബി.ജെ.പിക്കുമെതിരേ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ചു മാതൃകയായ കേരളത്തിൽ നിന്ന് പോലും എൻ.ഡി.എ സ്ഥാനാർഥിയിലേക്ക് വോട്ട് ചോർന്നുവെന്നത് ഞെട്ടിച്ചു. പ്രതിപക്ഷചേരി ശക്തിപ്പെടുന്നതിന്റെ സൂചനകളിൽ ഉറ്റുനോക്കുമ്പോഴാണ് വോട്ട് ചോർച്ച ചർച്ചയാകുന്നത്. 49 ശതമാനം വോട്ട് ഉറപ്പിച്ച് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ എൻ.ഡി.എക്ക് പ്രതിപക്ഷ ചേരിയിലെ വോട്ടുകൾ കൂടി അധികമായി നേടാൻ കഴിഞ്ഞത് രാഷ്ട്രീയ വിജയമായി. 64.03 ശതമാനം വോട്ടുകൾ നേടി ദ്രൗപദി മുർമു വിജയിച്ചപ്പോൾ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിക്ക് 35.97 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചിരിക്കുന്നത്.
സ്ഥാനാർഥി നിർണയം മുതൽ അടിതെറ്റി പ്രതിപക്ഷം
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് മുമ്പെ സംയുക്ത സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞെങ്കിലും സ്ഥാനാർഥിയുടെ കാര്യത്തിൽ പൊതുസ്വീകാര്യത നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. മുഖ്യപ്രതിപക്ഷമായി നിലകൊള്ളുന്ന കോൺഗ്രസിന് മുന്നോട്ടുവയ്ക്കാൻ പൊതുസ്വീകാര്യനായ സ്ഥാനാർഥി ഇല്ലാതെ വന്നതും സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടവരെല്ലാം പവർ പൊളിറ്റിക്ക്‌സിൽ നിലകൊള്ളാൻ താൽപര്യപ്പെട്ടു പിൻവാങ്ങിയതുമാണ് മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹയിലേക്ക് സ്ഥാനാർഥിത്വം എത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന യശ്വന്ത് സിൻഹ ജനതാപാർട്ടിയിലൂടെ രാഷ്ട്രീയരംഗത്ത് എത്തി പിന്നീട് ജനതാപാർട്ടി, ജനതാദൾ എന്നിവയിൽ പ്രവർത്തിച്ചശേഷമാണ് ബി.ജെ.പിയിലെത്തിയത്. ചന്ദ്രശേഖർ, വാജ്‌പേയ് മന്ത്രിസഭകളിൽ അംഗമായിരുന്ന സിൻഹ 2018 ലാണ് മോദിയുമായി തെറ്റി ബി.ജെ.പി വിട്ടത്. കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടാതെ വന്നതോടെ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച അദ്ദേഹം ബംഗാൾ മുഖ്യമന്ത്രി മമത ബനാർജിക്കൊപ്പം ചേർന്ന് തൃണമൂൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് എത്തുന്നത്. ബി.ജെ.പി പാരമ്പര്യമുള്ള സ്ഥാനാർഥി എന്നത് പ്രതിപക്ഷനിരയിലെ പലർക്കും സിൻഹയോടുള്ള താൽപര്യം ഇല്ലാതാക്കി.
കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പരിഗണിച്ച ദ്രൗപദി മൂർമുവിനെ ഇത്തവണ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നീക്കത്തിന് വലിയ തിരച്ചടിയായി. മുന്നോക്ക വിഭാഗമായ കായസ്ഥയുടെ പ്രതിനിധിയായ സിൻഹയും ബ്രിട്ടീഷുകാർക്കെതിരേ സായുധപോരാട്ടം നടത്തിയ പാരമ്പര്യത്തിനുടമകളായ സന്താൾ ഗ്രോതവർഗത്തിലെ ദ്രൗപദി മുർമുവും തമ്മിലെ താരതമ്യത്തിൽ മുർമുവിന് മേൽക്കൈ ലഭിച്ചു. അതോടെ ബി.ജെ.പിയുടെ നിലപാടുകളെ എതിർത്തിരുന്ന കക്ഷികൾ പോലും നിലപാട് മാറ്റി. ഒഡിഷയിലെ ബി.ജെ.ഡി, ജെ.ഡി.യു, ജനതാദൾ എസ്, എ.ഐ.ഐ.ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ്, ജെ.എം.എം, ബി.എസ്.പി, ശിവസേനയിലെ ഇരുവിഭാഗവും ഉൾപ്പെടെ മുർമുവിനൊപ്പമായി. ബാലറ്റിലേക്ക് എത്തിയപ്പോൾ സിൻഹയെ പിന്തുണച്ച കോൺഗ്രസ്, എൻ.സി.പി, സമാജ് വാദി പാർട്ടി തുടങ്ങിയ കക്ഷികളിൽനിന്ന് വോട്ടു ചോർന്നു. ഇരു സ്ഥാാർഥികളുടെയും ബി.ജെ.പി പശ്ചാത്തലവും ജനപ്രതിനിധികൾ ചെയ്ത 53 വോട്ടുകൾ അസാധുവായി എന്നതും കൂട്ടിവായിക്കേണ്ടതാണ്
കേരളത്തിലും ക്രോസ് വോട്ട്
ബി.ജെ.പിയെ പിന്തുണക്കുന്ന ഒരാൾ പോലുമില്ലാത്ത കേരള നിയമസഭയിൽനിന്ന് ഒരു വോട്ട് ദ്രൗപദിക്ക് ലഭിച്ചത് ഞെട്ടിച്ചു. ഇത് കേരളത്തിൽ വോട്ട് ചെയ്ത യു.പി എം.എൽ.എയുടെയോ തമിഴ്‌നാട് എം.പിയുടേതോ ആണെന്ന സംശയം തെരഞ്ഞെടുപ്പ് കമ്മിഷൻ കേരള നിയമസഭയിലെ 140 വോട്ടിൽ ഒന്നാണ് മറിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാക്കിയതോടെ മാറി. ഒരു വോട്ടുപോലും അസാധുവാകാത്ത കേരളത്തിൽ ബി.ജെ.പിക്ക് അനൂകൂലമായി ചിന്തിക്കുന്ന ഒരു വോട്ട് എന്തിന്റെ പേരിലായാലും ഉണ്ടെന്നത് വിവാദത്തിനപ്പുറം ആശങ്ക സൃഷ്ടിക്കുന്നതാണ്. ജനതാദൾ എസ് കേന്ദ്രനേതൃത്വം ദ്രൗപദിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ എം.എൽ.എമാർ ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ച് സിൻഹയെയാണ് പിന്തുണക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദ്രൗപദിക്ക് 22 വോട്ട് മറിഞ്ഞ അസമാണ് മുന്നിൽ. മധ്യപ്രദേശ് 20, ഗുജറാത്ത് 10, ഉത്തർപ്രദേശ് 12, ബിഹാറും ഛത്തീസ്ഗഡും ആറ് വീതവും ഗോവയിൽ നാലും വോട്ടുകൾ മറിഞ്ഞതായിട്ടാണ് പ്രാഥമിക കണക്കുകൾ. എന്നാൽ ബംഗാളിൽ സിൻഹയ്ക്ക് ലഭിക്കേണ്ട 216 വോട്ടും ലഭിച്ചത് ശ്രദ്ധേയമായി. ബംഗാളിന് പുറമേ, ഛത്തീസ്ഗഡ്, കേരളം, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളിൽ സിൻഹയ്ക്ക് ദ്രൗപദിയേക്കാൾ മുന്നിലെത്താൻ കഴിഞ്ഞെങ്കിലും ആന്ധ്രാപ്രദേശ്, സിക്കിം. നാഗാലാന്റ് എന്നിവിടങ്ങളിൽ നിന്ന് ഒരു വോട്ട് പോലും നേടാൻ കഴിഞ്ഞില്ല. വിപ്പ് ബാധകമല്ലാത്ത തെരഞ്ഞെടുപ്പ് കൂടിയായതിനാൽ വോട്ടിന്റെ ഈ അടിയൊഴുക്കുകൾ രാഷ്ട്രീയത്തിന് അപ്പുറം മനസ്സാക്ഷിക്കനുസരിച്ചുള്ള വോട്ടുകളായി മാറുകയാണ്.
ബി.ജെ.പിയുടെ അജൻഡ
തിരിച്ചറിയാനാവുന്നില്ല
വരേണ്യവർഗ രാഷ്ട്രീയത്തിന്റെ അടിത്തറയിൽ വളർന്നുവന്ന ബി.ജെ.പിക്ക് അധികാരം നിലനിർത്തണമെങ്കിൽ തങ്ങളുടെ ദലിത്-ആദിവാദി- ന്യൂനപക്ഷ വിരുദ്ധ മുഖം മറച്ചുവയ്ക്കണമെന്ന് ബോധ്യമുണ്ട്. യു.പിയിലെ യോഗി സർക്കാരിൽ നിന്ന് ദലിതനായതിനാൽ മാറ്റിനിർത്തുന്നുവെന്ന് പരാതിപ്പെട്ട് മന്ത്രിയായ ദിനേശ് ഖതിക് രാജിവച്ച് പാർട്ടിയിൽ സമ്മർദം ചെലുത്തിയത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസമായിരുന്നു. ദലിത് കൂട്ടക്കൊലകളിലും പിന്നേക്ക വിഭാഗങ്ങളെ വേട്ടയാടുന്നതിലും മുന്നിൽ നിൽക്കുന്ന രാഷ്ട്രീയകക്ഷിക്ക് തങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാണെന്ന് വരുത്തേണ്ടത് ആവശ്യമാകുന്നത് തെരഞ്ഞെടുപ്പ് വരുമ്പോഴാണ്. എൻ.ഡി.എ മുന്നോട്ടുവച്ച രാഷ്ട്രപതിമാരുടെ പേരുകളിൽ ആ നീക്കം പ്രകടമായിരുന്നു. എ.പി.ജെ അബ്ദുൽകലാം, രാംനാഥ് കോവിന്ദ്, ദ്രൗപദി മുർമു ഇവരെല്ലാം പ്രതിനിധാനം ചെയ്യുന്നത് ബി.ജെ.പിയോട് അകന്നുനിൽക്കുന്ന വിഭാഗങ്ങളിൽ നിന്നാണ്.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ഗ്രോതവർഗ പങ്കാളിത്വം ബി.ജെ.പി മുന്നിൽ കാണുകയാണ്. 32 ശതമാനം ഗ്രോതവർഗമുള്ള ഛത്തീസ്ഗഡ്, 21 ശതമാനമുള്ള മധ്യപ്രദേശ്, 30ശതമാനമുള്ള രാജസ്ഥാൻ, 15 ശതമാനമുള്ള ഗുജറാത്ത് എന്നിവയാണ് അടുത്ത അങ്കത്തട്ടുകൾ. ഈ നാല് സംസ്ഥാനങ്ങളിലായി 128 ഗ്രോത സംവരണ സീറ്റുകളിൽ കഴിഞ്ഞതവണ 86 സീറ്റും നേടിയത് കോൺഗ്രസായിരുന്നു. ഇവിടേക്കുള്ള കടന്നുകയറ്റത്തിന് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഗ്രോതവർഗ സ്‌നേഹം പ്രയോജനപ്പെടുമോയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ചാക്കുപിടുത്തവും റിസോർട്ട് രാഷ്ട്രീയവും കൊണ്ടു വിവിധ സംസ്ഥാനങ്ങളിൽ ഭരണം അട്ടിമറിച്ചുനേടാൻ കഴിഞ്ഞിട്ടുള്ള ബി.ജെ.പിക്ക് മുന്നിൽ പ്രതിപക്ഷനിരയിലെ ഈ വോട്ട് ചോർച്ച കൂടുതൽ പ്രചോദനം നൽകുന്നതാണ്. 2002ൽ ഡോ. എ.പി.ജെ അബ്ദുൽകലാമിനെ സ്ഥാനാർഥിയാക്കുമ്പോൾ രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കാൻ ക്യാപ്റ്റൻ ലക്ഷ്മി എതിർസ്ഥാനാർഥിയാക്കി 1,07,366 വോട്ടുമൂല്യം നേടാൻ കഴിഞ്ഞ ഇടതുപക്ഷം ഏറെ ദുർബലമായതും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ചേർത്തുവായിക്കേണ്ടതാണ്. യു.പി.എ ഭരണത്തിൽ വ്യത്യസ്ത രാഷ്ട്രീയപാർട്ടികളെ ഒരുമിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. എന്നാൽ മോദിയുടെ ഭരണത്തിൽ പ്രതിപക്ഷ ഐക്യം ഫലപ്രാപ്തിയിലെത്തിക്കാൻ കോൺഗ്രസിന് കഴിയുമോയെന്നത് സ്വപ്‌നമായി നിലകൊള്ളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."