തിരിച്ചുവരവിൻ്റെ പാതയൊരുക്കാൻ ചിന്തൻ ശിബിരം
കെ. സുധാകരൻ എം.പി
ഒരു നൂറ്റാണ്ട് മുൻപ് 1885ൽ നിലവിൽ വന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഇന്ത്യയുടെ ചരിത്രവും വർത്തമാനവും രൂപീകരിക്കുന്നതിൽ പ്രഥമവും സുപ്രധാനവുമായ പങ്കുവഹിച്ച ഐതിഹാസികമായ രാഷ്ട്രീയ പ്രസ്ഥാനമാണെന്നതിൽ രണ്ടു പക്ഷമുണ്ടാവില്ല. ഇന്ത്യയുടെ ഭാഗധേയം നിർണയിച്ച നിരവധി പ്രമേയങ്ങളും ചർച്ചകളും തീരുമാനങ്ങളും ഉരുത്തിരിഞ്ഞ സമ്മേളനങ്ങൾകൊണ്ട് സമ്പന്നമാണ് കോൺഗ്രസ്സിന്റെ ചരിത്രം.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളിൽ നിന്ന് ഇന്ത്യയെക്കുറിച്ച് കോൺഗ്രസ് പഠിച്ച പാഠങ്ങളാണ് ഇന്ത്യയുടെ ഭരണഘടനയുടെ സത്ത. ഈ രാജ്യം നൂറ്റാണ്ടുകളോളം ജനാധിപത്യക്രമത്തിൽ നിലനിൽക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ തീവ്രമായ ആഗ്രഹമാണ് ഭരണഘടനയുടെ അടിത്തറ. അയൽ രാജ്യമായ ശ്രീലങ്കയിൽ സംഭവിച്ചത് പോലെയുള്ള രാഷ്ട്രീയ, സാമ്പത്തിക ദുരന്തം കഴിഞ്ഞ 75 വർഷക്കാലവും നമ്മുടെ രാഷ്ട്രഭൂമികയിൽ ഇല്ലാതിരുന്നതിൽ കോൺഗ്രസ്സിന്റെ പങ്ക് രാഷ്ട്രതന്ത്രജ്ഞർ ചൂണ്ടികാണിക്കുന്നുണ്ട്.
1947ൽ ബ്രിട്ടീഷുകാർ ചവച്ചു തുപ്പി ഇന്ത്യക്കാർക്ക് കൈമാറിയ ഇന്ത്യയുടെ ഭൂപടം ചരിത്ര വിദ്യാർഥികൾ മാത്രമല്ല ഓരോ ഇന്ത്യക്കാരനും പഠിക്കേണ്ടതുണ്ട്. കശ്മിരും കേരളവും ഉൾപ്പെടെ ഇന്ന് നമ്മോടൊപ്പമുള്ള മിക്ക പ്രദേശങ്ങളും അന്ന് ആ ഭൂപടത്തിലില്ലായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യക്ക് സ്വാതന്ത്ര്യമേ കിട്ടിയിട്ടില്ലെന്ന് പറഞ്ഞ, ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തിൽ സർദാർ വല്ലഭായ് പട്ടേൽ ആർ.എസ്.എസിനെ നിരോധിച്ച ആ കാലത്താണ് ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് 1950 ഓടെ ഇന്ത്യയുടെ ഭൂപടം ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത്. വിഭജനത്തിന്റെ മുറിപ്പാടുകളും അഭയാർഥി പ്രവാഹത്തിന്റെ ആകുലതകളും രാഷ്ട്രപിതാവിന്റെ വധവും ഉൾപ്പെടെ അഭിശപ്തമായ ആ കാലത്തുനിന്ന് പതുക്കെ പതുക്കെ വികസനത്തിന്റെ വെളിച്ചം ഇന്ത്യൻ ഗ്രാമങ്ങളിലേക്കെത്തിച്ചതും കോൺഗ്രസ്സാണ്.
നിരവധി മതങ്ങൾ പിറന്നു വീണ മണ്ണാണ് നമ്മുടേത്. ഇവിടേക്ക് കടന്നുവന്ന മതങ്ങളും നിരവധിയാണ്. പതിനായിരത്തിലേറെ പ്രാദേശിക ഭാഷകളുണ്ട് നമുക്ക്. ഈ വൈവിധ്യങ്ങൾക്കിടയിലും കന്യാകുമാരി മുതൽ കശ്മിർ വരെയുള്ള ഇന്ത്യാക്കാരെ ഒരു മാലയിൽ കോർത്ത പുഷ്പം പോലെ ഒന്നിച്ച് ഒറ്റമനസ്സോടെ സ്വപ്നം കാണാൻ പഠിപ്പിച്ചത് കോൺഗ്രസാണ്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയുടെ അടിസ്ഥാന മതേതര ജനാധിപത്യ സ്വത്വം പോലും കാറ്റിൽ പറത്തി ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും ഛായയുള്ള ഭരണക്രമം അരങ്ങുവാഴുന്നതാണ് നാം കാണുന്നത്. ദലിതരുടേയും അവശരുടേയും നേർക്ക് നടക്കുന്ന ക്രൂരതകൾക്ക് കയ്യും കണക്കുമില്ലാതായി. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂപയുടെ മൂല്യവും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികൾ ഏറ്റുവാങ്ങുകയാണ്. നമ്മുടെ വീട്ടിലെ അവശ്യവസ്തുവായ പാചകഗ്യാസിന്റെ വില 1100 രൂപ കടന്നിരിക്കുന്നു. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയമാകാത്ത ഏതെങ്കിലും നേതാവ് കൂറുമാറി ബി.ജെ.പിയിൽ ചേർന്നിട്ടുണ്ടോ എന്ന് അവർ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണം. ഈ.ഡി കുരുക്കിൽ പെടുത്തിയാൽ തോൽപ്പിച്ചു തീർക്കാനാവാത്ത കരുത്തു കോൺഗ്രസിനുണ്ടെന്നു ബി.ജെ.പിക്കാർക്ക് വരും നാളുകളിൽ മനസ്സിലാവും.
ഭരണത്തുടർച്ചയിൽ അഹങ്കരിക്കുകയും ആർമാദിക്കുകയും ചെയ്യുന്ന കേരള സർക്കാർ കാട്ടിക്കൂട്ടുന്ന അനീതിയും കൊള്ളരുതായ്മയും നാം ഓരോ ദിനവും അനുഭവിക്കുകയാണ്. നാല് ലക്ഷം കോടി കടന്ന കേരളത്തിന്റെ കടക്കണക്ക് വിരൽ ചൂണ്ടുന്നത് വലിയ വിപത്തിലേക്കാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥൻ കള്ളക്കടത്ത് കേസിൽ പത്ത് മാസത്തോളം ജയിലിൽ കിടന്നത് നമ്മുടെ മുൻപിലെ യാഥാർഥ്യമാണ്. ആ ഒരൊറ്റ കാര്യം മതി മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരാതിരിക്കാൻ എന്നാണ് എന്റെ വിശ്വാസം. മാത്രമല്ല കുറ്റവാളിയായി ജയിലിൽ കിടന്ന ഉദ്യോഗസ്ഥനെ യാതൊരു മടിയുമില്ലാതെ വീണ്ടും തന്ത്രപ്രധാന സ്ഥാനത്ത് നിയമിച്ചിരിക്കുകയുമാണ്.
കേരളത്തിന്റെ സമസ്ത മേഖലകളിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ താൽപ്പര്യങ്ങളും അജൻഡകളുമാണ് നടപ്പിലാവുന്നത്. ശക്തനായ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ 41 പേരടങ്ങുന്ന പ്രതിപക്ഷ മെമ്പർമാർ ഇതിനൊക്കെയെതിരേ പ്രതിഷേധങ്ങൾ നിയമസഭയിലുയർത്തുന്നുണ്ട്. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് കേരളത്തിന്റെ തെരുവുകളിൽ ഇതുവരെ ദർശിക്കാത്ത രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയുമാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ്സിന്റെ രാഷ്ട്രീയ വീക്ഷണവും വികസന സങ്കൽപ്പവും സംഘടനാ പദ്ധതികളും തുറന്ന ചർച്ചക്ക് വേദിയാക്കാനും നൂതന ആശയങ്ങൾ സ്വാംശീകരിക്കാനും വേണ്ടി കോഴിക്കോടിന്റെ മണ്ണിൽ ചിന്തൻ ശിബിരം സംഘടിപ്പിക്കുന്നത്.
കോൺഗ്രസ് ഇന്ന് ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. യഥാർഥത്തിൽ അത് കോൺഗ്രസ്സിന്റെ മാത്രം പ്രതിസന്ധിയല്ല. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ഒപ്പം ഒരു രാജ്യത്തിലെ ജനതയും നിലനിൽപ്പിനായി പൊരുതുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഉദയ്പൂറിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ചിന്തൻ ശിബിരിന്റെ തുടർച്ചയാണ് ചരിത്രപ്രസിദ്ധമായ കോഴിക്കോട് നടക്കുന്നത്. വിവിധ സംഘടനാ നവീകരണ പദ്ധതികൾ, പൊളിറ്റിക്കൽ സ്‌കൂൾ, സഹകരണ- സാംസ്‌കാരിക മേഖല, സാമ്പത്തിക സമാഹരണം, പോഷക സംഘടനകളുടെ ശാക്തീകരണം, പ്രവാസരംഗം തുടങ്ങിയ മേഖലകളിൽ വിശദമായ ചർച്ചകൾ നടക്കും.
കോൺഗ്രസ്സിന്റെ ഉയിർത്തെഴുന്നേൽപ്പ് സ്വപ്നം കാണുന്ന ഒരു ജനതയുടെ അഭിലാഷങ്ങൾക്കനുസൃതമായി ചിന്തകളിലും പ്രവർത്തനങ്ങളിലും നവീകരണങ്ങൾ വരുത്തുകയാണ് ചിന്തൻ ശിബിരത്തിന്റെ കാതൽ. സംഘടനയെ അടിമുടി പ്രവർത്തനക്ഷമമാക്കി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പുത്തൻ ദിശാബോധവും നവോന്മേഷവും നൽകി വലിയ തിരിച്ചുവരവിന് ചിന്തൻ ശിബിരം വേദിയാകും എന്നുറപ്പിക്കാം.
(കെ.പി.സി.സി പ്രസിഡൻ്റാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."