രൂപയുടെ മൂല്യം എങ്ങോട്ട്?
ഡോ. എൻ.പി അബ്ദുൽ അസീസ്
യു.എസ് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതിപ്പോൾ ദൈനംദിന ചർച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ പ്രവചിച്ചതുപോലെ, കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരേ 80 രൂപ മറികടന്നു. ചരിത്രത്തിലെ തന്നെ റെക്കോർഡ് താഴ്ചയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. എന്നാൽ അൽപ്പസമയത്തിനുള്ളിൽ മൂല്യം 79.85 രൂപയായി വീണ്ടെടുക്കുകയും ചെയ്തു. 2014 ഡിസംബർ 30ന് ഡോളറിനെതിരേ രൂപയുടെ മൂല്യം 63.33 രൂപയായിരുന്നു. ഈ കാലയളവിനുള്ളിൽ ഏകദേശം 25 ശതമാനമാണ് ഇടിവുണ്ടായത്. ഇന്ത്യ ഇറക്കുമതി കേന്ദ്രീകൃത രാജ്യമായതിനാൽ അസ്ഥിരമായ രൂപയുടെ മൂല്യം തീർച്ചയായും സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല. രൂപയുടെ മൂല്യത്തകർച്ച പൊതുജനങ്ങൾക്കിടയിൽ ഒരുപാട് ചോദ്യങ്ങളും ആശങ്കകളുമാണ് ഉയർത്തിയിരിക്കുന്നത്.
ഒന്നാമതായി, എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത്? കൊവിഡ് കാലഘട്ടം മുതൽ തന്നെ രൂപയുടെ മൂല്യം അധിവേഗ തകർച്ചയിലാണുള്ളത്. ഉയർന്ന ക്രൂഡ് ഓയിൽ വില, ആഗോള വിപണിയെയും വിതരണ ശൃംഖലയെയും അസ്ഥിരമാക്കിയ റഷ്യ-ഉക്രൈൻ യുദ്ധം, ആഭ്യന്തര വിപണിയിൽനിന്ന് വിദേശ ഫണ്ട് വൻതോതിൽ പുറത്തേക്കുള്ള ഒഴുക്ക്, മോശമായിക്കൊണ്ടിരിക്കുന്ന ആഗോള വ്യാപാര സാഹചര്യങ്ങൾ, പണപ്പെരുപ്പം, എന്നിങ്ങനെ നിരവധി കാരണങ്ങളാണ് രൂപയുടെ മൂല്യം കുറയാൻ ഇടയാക്കിയത്.
ഇന്ത്യൻ കറൻസിയുടെ മൂല്യത്തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്നാണ് വിദേശ പോർട്ട്‌ഫോളിയോ മൂലധനത്തിൻ്റെ (FPI) പുറത്തേക്കുള്ള ഒഴുക്ക്. സാമ്പത്തിക വളർച്ചക്കൊപ്പം ഡോളർ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഈ വർഷം മാർച്ച് മുതലാണ് യു.എസ് ഫെഡറൽ റിസർവ് അതിന്റെ പലിശ നിരക്കുകൾ ഉയർത്തിയത്. യു.എസിൽ ഇന്ത്യയിലേതിനേക്കാൾ ഉയർന്ന ഈ പലിശ നിരക്കുകൾ കാരണം ഉയർന്ന വരുമാനം തേടുന്ന പല വിദേശ നിക്ഷേപകരും ഇന്ത്യൻ വിപണികളിൽനിന്ന് പണം പിൻവലിച്ച് തിരികെ കൊണ്ടുപോകാൻ ഇത് കാരണമായി. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 2022-23ൽ ഇന്ത്യൻ ഇക്വിറ്റി വിപണിയിൽനിന്ന് ഏകദേശം 30 ബില്യൻ ഡോളറിലധികമാണ് പിൻവലിച്ചത്. രൂപയുടെ മൂല്യത്തകർച്ച മന്ദഗതിയിലാക്കുന്നതിനും ഇന്ത്യയിൽ നിന്നുള്ള മൂലധനത്തിന്റെ ദ്രുതഗതിയിലുള്ള ഒഴുക്ക് തടയുന്നതിനും വേണ്ടി സമീപ ആഴ്ചകളിൽ നിരവധി നടപടികളാണ് ആർ.ബി.ഐ കൈക്കൊണ്ടത്.
ഉക്രൈൻ യുദ്ധമാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് മറ്റൊരു പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരാണ് റഷ്യ. സ്വാഭാവികമായും വിതരണം തടസ്സപ്പെടുകയും വില കുതിച്ചുയരുകയും ചെയ്തു. യു.എസിനും ചൈനയ്ക്കും പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായതിനാൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. അമേരിക്ക കഴിഞ്ഞാൽ നമ്മുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ചൈനയിലെ വിവിധ നഗരങ്ങളിലെ കർശനമായ ലോക്ക്ഡൗൺ അവിടെയുള്ള സാമ്പത്തിക പ്രവർത്തനങ്ങളെ മോശമായി ബാധിച്ചു. ഇന്ത്യ സ്വാഭാവികമായും അതിന്റെ ഭാരം വഹിച്ചുകൊണ്ടിരിക്കുന്നു.
രൂപയുടെ മൂല്യത്തകർച്ച കാരണം ഇറക്കുമതിച്ചെലവ് കൂടുതലായതിനാൽ, ആഭ്യന്തര പണപ്പെരുപ്പത്തിന് കാരണമായേക്കും. ഇത് സമ്പദ്‌വ്യവസ്ഥയിലെ വാങ്ങൽശേഷി കുറയ്ക്കുകയും കറന്റ് അക്കൗണ്ട് കമ്മി (സി.എ.ഡി) വർധിപ്പിക്കുകയും ചെയ്യും. സാധന-സേവനങ്ങളുടെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും മൂല്യം തമ്മിലുള്ള അന്തരം (കറൻ്റ് അക്കൗണ്ട് കമ്മി), ജി.ഡി.പിയുടെ 3.3 ശതമാനമെന്ന ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. ഇന്ത്യയുടെ ഈ കമ്മി 2022 ഏപ്രിൽ-ജൂൺ കാലയളവിൽ 45.18 ബില്യൻ ഡോളറായാണ് വർധിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് വെറും 5.61 ബില്യൻ ഡോളറായിരുന്നു. വർധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മിയും മൂലധന അക്കൗണ്ടിലെ സ്ഥിരമായ മൂലധന ഒഴുക്കും 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ബാലൻസ് ഓഫ് പേയ്‌മെന്റ് കമ്മി വീണ്ടും ഉയരാൻ സാധ്യതയുണ്ട്.
രണ്ടാമതായി, മൂല്യത്തകർച്ച ആരെയാണ് കൂടുതൽ ബാധിക്കുന്നതെന്ന ആശങ്കകളാണ്. രൂപയുടെ മൂല്യത്തകർച്ചയുടെ പ്രാഥമിക ആഘാതം അനുഭവിക്കുന്നത് ഇറക്കുമതിക്കാരായിരിക്കും. ഇന്ത്യ ഒരു ഇറക്കുമതിയധിഷ്‌ഠിത രാജ്യമായതിനാൽ, മൂല്യത്തകർച്ച ഇറക്കുമതി കുറയുന്നതിനും അവശ്യവസ്തുക്കളുടെ വില കൂടുന്നതിനും ഇടയാക്കും. സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം സൃഷ്ടിക്കും. ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന മേഖലകൾ എണ്ണയും വാതകവുമാണ്. ഇന്ത്യ എണ്ണയുടെ 85 ശതമാനവും വാതകത്തിന്റെ പകുതിയിൽ കൂടുതലും ഇറക്കുമതിയാണ് ചെയ്യുന്നത്. ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ, രാസവളങ്ങൾ, മരുന്നുകൾ, ഇരുമ്പയിര് എന്നിവയുടെ വില കൂടും. ക്രൂഡ് ഓയിൽ ഇറക്കുമതിയെ ഇന്ത്യ ആശ്രയിക്കുന്നതിനാൽ രൂപയുടെ മൂല്യം കുറയുന്നത് പെട്രോളിന്റെയും ഡീസലിന്റെയും വിലയെ സ്വാധീനിക്കും. ഇത് സ്വകാര്യ വാഹന ഉടമകൾക്ക് വിലകൂടിയ പെട്രോളും ഡീസലും മാത്രമല്ല, പച്ചക്കറികൾ, ഭക്ഷ്യഎണ്ണ, ഭക്ഷ്യധാന്യങ്ങൾ എന്നിവയുൾപ്പെടെ അവശ്യവസ്തുക്കളുടെ ഗതാഗതത്തിനും കൂടുതൽ ചെലവ് വരും. ഇന്ധനം വാങ്ങുന്നത് ചെലവേറിയതാകുന്നതിനാൽ വിമാനയാത്രയും ചെലവേറിയതാകും. വിദേശ യാത്ര ആഗ്രഹിക്കുന്ന ആളുകൾക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ വളരെ ഉയർന്ന ചെലവ് നൽകേണ്ടിവരും. വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് രൂപയുടെ മൂല്യം ഇടിയുന്നത് ഒരു പ്രശ്നമായേക്കും. കാരണം, ഫീസ് ഇപ്പോൾ കൂടുതൽ ചെലവേറിയതായിരിക്കും.
അസംസ്‌കൃത വസ്തുക്കൾ, യന്ത്രസാമഗ്രികൾ മുതലായവ ഇറക്കുമതി ചെയ്യുന്ന സംരംഭകർക്കും നിർമാതാക്കൾക്കും മൂല്യത്തകർച്ച കാരണം പ്രയാസപ്പെടേണ്ടിവരും. അവരുടെ ഇറക്കുമതിച്ചെലവ് പെട്ടെന്ന് ഉയരും. അവരുടെ ഉൽപാദനച്ചെലവ് വർധിക്കുകയും ലാഭക്ഷമത കുറയുകയും ചെയ്യും. ഉൽപ്പാദനച്ചെലവിലുണ്ടായ വർധന വിലക്കയറ്റത്തിലൂടെ ഉപഭോക്താക്കൾക്ക് കൈമാറുകയും ചെയ്യും. ഉദാഹരണത്തിന്, കാർ നിർമാണത്തിന്റെ മൊത്തം അസംസ്‌കൃത വസ്തുക്കളുടെ 10-20 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ കാറുകൾ വാങ്ങുന്നത് കൂടുതൽ ചെലവേറിയതാവും. മൊബൈൽ ഫോണുകളും മറ്റു വീട്ടുപകരണങ്ങളും ഇലക്‌ട്രോണിക് സാധനങ്ങൾക്കും വില കൂടാൻ സാധ്യതയുണ്ട്. ആത്യന്തികമായി ഈ വർധിച്ചുവരുന്ന ചരക്കുവില ഉപഭോക്താക്കളെന്ന നിലയിൽ സാധാരണക്കാരായിരിക്കും വഹിക്കേണ്ടിവരിക.
വിദേശ കടമാണ് മറ്റൊരു പ്രധാന ആശങ്ക. വിദേശ നാണയത്തിൽ രേഖപ്പെടുത്തിയ കടമാണിത്. അതിനാൽ മൂലധനവും പലിശയും അടയ്‌ക്കേണ്ടത് വിദേശ കറൻസിയിലാണ്. സാധാരണയായി യു.എസ് ഡോളറിലാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞാൽ ഡോളറിൽ വായ്പ തിരിച്ചടയ്ക്കാൻ കൂടുതൽ രൂപ വേണ്ടിവരും. ആർ.ബി.ഐയുടെ കണക്കനുസരിച്ച്, 2022 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഇന്ത്യയുടെ വിദേശ കടം 620.7 ബില്യൻ ഡോളറായിരുന്നു. ഇതൊരു വലിയ സംഖ്യയാണ്. ഒരു വർഷത്തിനുള്ളിൽ ഇത് 42.1 ബില്യൻ ഡോളറാണ് വർധിച്ചത്. ഡോളറിന്റെ വില ഉയരുന്നതോടെ, വിദേശ കടമുള്ള കോർപറേറ്റുകൾക്കും തിരിച്ചടവ് കൂടുതൽ ബുദ്ധിമുട്ടായിമാറും.
മൂന്നാമതായി, മൂല്യത്തകർച്ചയിൽ നേട്ടമുണ്ടാക്കുന്നത് ആരൊക്കെയാണ്? ദുർബലമായ രൂപയുടെ മൂല്യം ഇന്ത്യയുടെ കയറ്റുമതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. ഇത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വില കുറഞ്ഞതാക്കും. കയറ്റുമതിക്കാർക്ക് ഡോളറിന് പകരമായി കൂടുതൽ രൂപ ലഭിക്കുന്നതിനാൽ, അവർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് വിദേശികളുടെ വാങ്ങൽശേഷി ഉയരുകയും കയറ്റുമതി വർധിക്കുകയും ചെയ്യും. മിക്ക ഇടപാടുകാരും യു.എസ് ഡോളറിൽ ബിൽ നൽകുന്നതിനാൽ ഐ.ടി മേഖലയായിരിക്കും ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്നത്. ഇന്ത്യയിലെ ഉൽപ്പാദനത്തിലും സേവനങ്ങളിലും വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. മാത്രമല്ല, ഈ കാലഘട്ടം ഇന്ത്യയുടെ ടൂറിസം മേഖലയ്ക്ക് ഒരു അനുഗ്രഹമായിരിക്കും. അതുപോലെ യു.എസ്, യു.കെ, യു.എ.ഇ തുടങ്ങിയ വിദേശരാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക് (എൻ.ആർ.ഐ) അനുകൂലമായ വിനിമയനിരക്ക് കാരണം കൂടുതൽ പണം നാട്ടിലേക്കയക്കാൻ സാധിക്കും. പ്രവാസികൾക്ക് വിദേശത്തുനിന്ന് വായ്പ എടുത്ത് ഇന്ത്യയിൽ നിക്ഷേപിക്കാനും കഴിയും.
മൂല്യത്തകർച്ച തടയാൻ എന്താണ് ചെയ്യുന്നത്? സർക്കാരും ആർ.ബി.ഐയും കുറച്ചുകാലമായി രൂപയുടെ മൂല്യം ഉയർത്താനുള്ള സജീവ ശ്രമത്തിലാണുള്ളത്. അതിനായി അവർ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ മുഖേന, യു.എസ് ഡോളർ കരുതൽ ശേഖരം ഉപയോഗിച്ച് വിപണിയിൽനിന്ന് കറൻസികൾ വാങ്ങിക്കൊണ്ട്, രൂപയുടെ ഡിമാൻഡ് വർധിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽനിന്ന് 40 ബില്യൻ ഡോളറിലധികമാണ് ഇതിനുവേണ്ടി വിറ്റഴിച്ചത്. ആർ.ബി.ഐ ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്ക് വർധിപ്പിക്കാം എന്നതാണ് മറ്റൊരു കാര്യം. ഉയർന്ന പലിശ നിരക്കുകൊണ്ടുള്ള വരുമാന വർധനവ് കാരണം കൂടുതൽ നിക്ഷേപകർ സർക്കാർ ബോണ്ടുകളും പലിശ നിരക്കിലുള്ള ഉൽപ്പന്നങ്ങളും വാങ്ങാൻ ശ്രമിക്കും. രൂപയുടെ ആവശ്യക്കാർ കൂടുകയും മൂല്യം വർധിക്കുകയും ചെയ്യും. നേരത്തെ, ഈ മാസത്തിൽ ആർ.ബി.ഐ വിദേശ നാണയത്തിന്റെ ഒഴുക്ക് വർധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ ഉദാരവൽക്കരിച്ചിരുന്നു. സ്വർണത്തിന്റെയും പെട്രോളിയം ഉൽപന്നങ്ങളുടെയും തീരുവ വർധിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും, മൊത്തത്തിൽ രൂപയുടെ മൂല്യത്തകർച്ച ഇപ്പോഴും ആശങ്കാജനകമാണ്. രൂപയുടെ മൂല്യം ഉടൻ തന്നെ ഗണ്യമായി ഉയരുന്നതിനുള്ള സൂചനകളൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."