ദക്ഷിണേന്ത്യയുടെ അലിഗഡിന് 75
ഡോ: അസീസ് തരുവണ
ദക്ഷിണേന്ത്യയിലെ അലിഗർ യൂനിവേഴ്സിറ്റി എന്നറിയപ്പെടുന്ന ഫാറൂഖ് കോളജ്, എഴുപത്തഞ്ചിന്റെ നിറവിൽ. 1948 ൽ ഫസ്റ്റ് ഗ്രേഡ് കോളജായി ആരംഭിച്ച ഫാറൂഖ് കോളജ് സേവന വീഥിയിൽ ഏഴരപ്പതിറ്റാണ്ടിനിടെ ആർജ്ജിച്ച അത്യുന്നതി വിസ്മയാവഹമാണ്. സാമൂഹിക- സാമ്പത്തിക- വിദ്യാഭ്യാസ മേഖലകളിലൊക്കെയും ഏറെ പിന്നാക്കത്തിലായിരുന്ന ഒരു ദേശത്തിന്റേയും ജനതയുടേയും വികസനത്തിന്റേയും മുന്നേറ്റത്തിന്റേയും ചരിത്രം കൂടിയാണ് ഫാറൂഖ് കോളജിന്റേത്.
1949 ൽ ഫാറൂഖ് കോളജ് സന്ദർശിച്ച സേലം കോളജ് പ്രിൻസിപ്പൽ പ്രൊഫ. രാമസ്വാമി ഗൗണ്ടർ, ഫാറൂഖ് കോളജ് സ്ഥാപകരിൽ പ്രമുഖനായ കെ.എം.സീതി സാഹിബിനോട് പറഞ്ഞ ഒരു വാചകം തന്റെ ഓർമക്കുറിപ്പിൽ ഇങ്ങനെ അനുസ്മരിക്കുന്നുണ്ട്: ‘ഭാവിയിൽ തെക്കേ ഇന്ത്യയിലെ അലിഗഡ് യൂനിവേഴ്സിറ്റിയായി ഫാറൂഖ് കോളജ് മാറും...’
പിന്നിട്ട എഴുപത്തഞ്ച് വർഷത്തിനിടയിൽ ഈ കലാലയം കൈവരിച്ച ഉജ്ജ്വല നേട്ടങ്ങൾ, പ്രൊഫ: രാമസ്വാമി ഗൗണ്ടറുടെ ഈയൊരു വാക്കിന്റെ പ്രവചന തുല്യമായ ആശ്ചര്യത്തെ സാധൂകരിക്കുന്നതാണ്.
നേട്ടങ്ങളിൽ ചിലത് ഇങ്ങനെ സംഗ്രഹിക്കാം: ദേശീയ അക്രഡിറ്റേഷൻ സ്ഥാപനമായ എൻ എ എ സി ആദ്യഘട്ടത്തിൽ തന്നെ ഫാറൂഖ് കോളജിന് ഫൈവ് സ്റ്റാർ പദവി നൽകി. തുടർന്നുള്ള ഘട്ടങ്ങളിലും ഏറ്റവും ഉയർന്ന ഗ്രേഡുകൾ കോളജിനു ലഭിച്ചു കൊണ്ടേയിരുന്നു. ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന കോളജുകളെ ലോകോത്തരമികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാൻ 2019-ൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ പതിനഞ്ചു സ്വയംഭരണ കോളജുകളിൽ ഫാറൂഖ് കോളജും ഇടം പിടിക്കുകയുണ്ടായി. 2004-ൽ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ, കോളജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ് (സി.പി.ഇ) ആയി ഫാറൂഖ് കോളജിനെ തെരഞ്ഞെടുത്തു. NIRF (National Institutional Ranking Framework) ന്റെ റാങ്കിംഗിൽ തുടർച്ചയായി ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളജുകളിൽ ഒന്നായി ഫാറൂഖ് കോളജിന് സ്ഥാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ഫാറൂഖ് കോളജ് നടത്തിയ സേവനങ്ങൾ മാനിച്ച് ഡൽഹിയിലെ മൗലാനാ ആസാദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മൗലാനാ ആസാദ് ലിറ്ററസി അവാർഡ് ലഭിച്ച ഏക കോളജെന്ന ബഹുമതിയും ഫാറൂഖ് കോളജിനുണ്ട്. എം.എച്ച്.ആർ.ഡിയുടെ കീഴിൽ നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേർണിംഗ് (NPTEL)ന്റെ ട്രിപ്പിൾ എ ഗ്രേഡ് ലഭിച്ച രാജ്യത്തെ പത്തു കോളജുകളിൽ ഒന്ന് ഫാറുഖ് കോളജാണ്. ലോകത്തിലാദ്യമായി ഒരു ആർട്സ് ആൻഡ് സയൻസ് കോളജ് കേന്ദ്രമായി പെയിൻ ആൻഡ് പാലിയേറ്റീവ് യൂനിറ്റ് ആരംഭിച്ചത് ഫാറൂഖ് കോളജിലാണ് (2006). ഇതിന്റെ തുടർച്ചയായി 2020 ജനുവരിയിൽ ഫാറൂഖ് കോളജിന്റെ പരിസരവാസികളായ വൃക്കരോഗികൾക്ക് സഹായകമെന്ന നിലയിൽ കോളജ് സ്ഥാപിച്ച ഡയാലിസിസ് സെർ ഈ മേഖലയിലെ പുതു കാൽവെപ്പായി വേണം കാണാൻ. രോഗികൾക്ക് സഹായകം എന്നതിനോടൊപ്പം വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സാമൂഹിക പ്രവർത്തനങ്ങൾക്കു പരിശീലനം എന്നൊരു ലക്ഷ്യം കൂടി ഈ പുതു വഴി യാത്രയിലുണ്ടായി.
പിന്നിട്ട ഏഴു പതിറ്റാണ്ടിനിടയിൽ കേരളീയ സമൂഹത്തിൽ ഫാറൂഖ് കോളജ് സാധിച്ച വിപ്ലവം തുല്യതയില്ലാത്തതാണ്. പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിൽ അതിന്റെ അനുരണനങ്ങൾ പല രൂപത്തിൽ പ്രകടമാണ്. ഫാറൂഖ് കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആയിരങ്ങൾ രാജ്യത്തിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നതായി കാണാം. സാഹിത്യ, കലാരംഗങ്ങളിൽ പിൽക്കാലത്ത് പ്രശോഭിച്ച നിരവധി പ്രതിഭകൾ ഈ കലാലയത്തിൽ പഠിച്ചവരായിട്ടുണ്ട്. ശാസ്ത്ര, സാങ്കേതിക, കലാരംഗം, പത്രപ്രവർത്തനം, അധ്യാപനം, വ്യവസായം തുടങ്ങി നിരവധി മേഖലകളിൽ പ്രതിഭ തെളിയിച്ച ഫാറൂഖിയന്മാർ അസംഖ്യമാണ്.
കാനഡ, യൂറോപ്പ്, അമേരിക്ക, യു .കെ അടക്കം പതിനാല് വിദേശരാജ്യങ്ങളിൽ, പൂർവ വിദ്യാർത്ഥി സംഘടനയായ ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷ (FOSA) ന് ചാപ്റ്ററുകളുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും ‘ഫോസ’യുടെ ചാപ്റ്റുകൾ സജീവമാണ്. അവരെന്നും ഫാറൂഖ് കോളജുമായുള്ള ബന്ധം നിലനിർത്തുകയും സ്ഥാപനത്തിന്റെ അഭ്യുന്നതിക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു.
ചരിത്രം
1948 ലാണ് ഫാറൂഖ് കോളജ് സ്ഥാപിതമായതെങ്കിലും പതിറ്റാണ്ടുകൾ നീണ്ട ആലോചനകളും നിരവധി മഹാമനീഷികളുടെ അധ്വാനവും പിന്നിലുണ്ടായിരുന്നു. മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള കേരളത്തിലെ ആദ്യ കലാലയമായ ഫാറൂഖ് കോളജ് സ്ഥാപിതമാകുന്നതിനു ദശകങ്ങൾക്കു മുമ്പ് തന്നെ ഒരു ആർട്സ് ആ സയൻസ് കോളജ് സ്ഥാപിക്കുക എന്ന സ്വപ്നം പലർക്കുമുണ്ടായിരുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ.സർ എ. ലക്ഷ്മണസ്വാമി മുതലിയാർ സ്വകാര്യ മേഖലയിൽ കോളജുകൾ സ്ഥാപിക്കുവാൻ പ്രോത്സാഹിപ്പിച്ച ക്രാന്തദർശിയായിരുന്നു. അങ്ങനെ ഒട്ടേറെ കോളജുകൾ പലേടത്തും സ്ഥാപിതമായി. ഫാറൂഖ് കോളജ് സ്ഥാപിക്കുവാൻ സഹായകമായത് മുതലിയാരുടെ ഈ നയമായിരുന്നു; കേര ളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ നേതാക്കളുടെ ദീർഘനാളത്തെ പ്രയത്നവും സ്വപ്നവും അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു.
ഫാറൂഖ് കൊളജ് മാനേജിങ് കമ്മിറ്റി പ്രഥമ സെക്രട്ടറിയുമായിരുന്ന കെ.എം സീതി സാഹിബ് ഇങ്ങനെ ഓർക്കുന്നു: ‘1947 സെപ്റ്റംബറിലാണെന്ന് വിചാരിക്കുന്നു. മുസ്ലിം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്കു വേണ്ടി പൊതുവിദ്യാഭ്യാസ ഡയരക്ടറെ കാണാൻ ചെന്നു. ഡോ. സവൂർ ആയിരുന്നു അന്ന് ഡയരക്ടർ. അദ്ദേഹത്തിന്റെ ഓഫിസിൽ എത്തിയപ്പോഴാണ് സവൂർ ഓഫിസിലില്ലെന്നറിഞ്ഞത്. തിരിച്ചു വരുമ്പോൾ െഡപ്യൂട്ടി ഡയരക്ടർമാരിൽ ഒരാളായ ഡോ. അബ്ദുൽ ഹഖിനെ സന്ദർശിച്ചു. സംസാരമധ്യേ, മലബാറിൽ യൂനിവേഴ്സിറ്റി നിയമങ്ങൾക്ക് അനുസൃതമായി ഒരു കോളജ് സ്ഥാപിച്ചാലുണ്ടാക്കാവുന്ന വിദ്യാഭ്യാസ നേട്ടങ്ങളെകുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ സൂചിപ്പിച്ചു. കുർണൂലിൽ തുടങ്ങിയ ഉസ്മാനിയ കോളജ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഒപ്പം മലബാറിൽ കോളജ് സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുവാൻ അദ്ദേഹം എന്നോടാവശ്യപ്പെട്ടു...’
ഇതാണ് ഫാറൂഖ് കോളജ് സംസ്ഥാപനത്തിലേക്കു പെട്ടെന്നു നയിച്ച പ്രധാന ഘടകം. അതേ സമയം, ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കി കേരളത്തിലേക്ക് തിരിച്ചെത്തിയ അബൂ സബാഹ് മൗലവിയുടെയും മറ്റും നേതൃത്വത്തിൽ ഫറൂഖിൽ റൗളത്തുൽ ഉലൂം അറബിക് കോളജ് സ്ഥാപിതമാവുകയും ഒരു ആർട്സ് ആൻഡ് സയൻസ് കോളജിനെക്കുറിച്ചുള്ള ആലോചനകൾ ആരംഭിക്കുകയും ചെയ്തിരുന്നു.
മറ്റൊരർഥത്തിൽ, സീതി സാഹിബിന്റെയും അബുസ്വബാഹ് മൗലവിയുടെയും സ്വപ്നങ്ങൾ ഒന്നായി മാറുകയായിരുന്നു. ഈ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി അക്കാലത്തെ മുസ്ലിം സമുദായ നേതാക്കളായ മുഹമ്മദ് ഇസ്മാഈൽ സാഹിബ്, ബി.പോക്കർ സാഹിബ്, ഹൈദ്രോസ് വക്കീൽ, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ തുടങ്ങി നിരവധി നേതാക്കൾ കഠിന പരിശ്രമങ്ങൾ നടത്തുകയുണ്ടായി.
1947 ഓക്ടോബറിൽ അന്നു മദ്രാസിലുണ്ടായിരുന്ന മാപ്പിളകാരണവന്മാരുടെ ഒരു യോഗം എം.വി. ഉമർ സാഹിബിന്റെ കച്ചവട സ്ഥാപനത്തിൽ നടന്നു. മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ മുഹമ്മദ് ഇസ്മാഈൽ സാഹിബ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോളജിന് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനു മുഹമ്മദ് ഇസ്മാഈൽ സാഹിബ് പ്രസിഡന്റായി കമ്മിറ്റി രൂപീകരിക്കപ്പെട്ടു. കോളജിനു വേണ്ടി സാധ്യമായ എല്ലാ സഹായങ്ങളും നൽകുവാൻ എല്ലാ വിഭാഗം ജനങ്ങളോടും പ്രത്യേകിച്ച് മുസ്ലിം സമുദായത്തോട് ഇസ്മാഈൽ സാഹിബ് അഭ്യർത്ഥിച്ചു. കോളജ് സ്ഥാപിക്കുവാനാവശ്യമായ ഭീമമായ പണം എങ്ങനെ സ്വരൂപിക്കും എന്നതായിരുന്നു അടുത്ത പ്രശ്നം. പല വഴികളിലൂടെയാണ് അതിനുള്ള പ്രതിവിധി കണ്ടെത്തിയത്.
ഫാറൂഖ് കോളജ് എന്ന ആശയം പലവിധത്തിൽ അന്ന് സമുദായ മധ്യത്തിൽ എത്തി. അതൊരു ആവേശമായി സമുദായം ഏറ്റെടുത്തു. കോളജ് നിർമാണ ഫണ്ടിലേക്ക് സംഭാവനകൾ നൽകുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രവാർത്തകൾ അന്ന് ധാരാളം വന്നിരുന്നുവെങ്കിലും സാമ്പത്തികമായ ബാലാരിഷ്ടതകൾ തുടക്കം മുതലേ കോളജിനെ ഞെക്കിഞെരുക്കിക്കൊണ്ടിരുന്നു. അന്നു കോളജിന് പണം നൽകിയും പണപ്പിരിവിൽ പങ്കെടുത്തും സഹായിച്ചവർ ഒട്ടേറെ യാണ്.
‘അക്കാലത്ത് കെ.എം സീതിസാഹിബ് മലബാർ ജില്ലാ മുസ്ലിം ലീഗ് െസക്രട്ടറിയായിരുന്നു. അദ്ദേഹത്തിന്റെയും ഖജാൻജി എ.കെ. ഖാദർകുട്ടി സാഹിബിന്റെയും പരിശ്രമ ഫലമായി ജില്ലാ ലീഗു ഫണ്ടിൽ നിന്ന് 25000 രൂപ ഫാറൂഖ് കോളജ് ഫണ്ടിലേക്ക് നൽകുവാൻ ജില്ലാ ലീഗ് സമ്മതിച്ചു. അന്നത്തെ നിലക്ക് അതൊരു വലിയ സംഭാവനയായിരുന്നു. അതിനുപുറമെ ഒരു കാറും കോളജിനു നൽകി...’
സമുദായം ഇന്നത്തെപ്പോലെ വിദ്യാഭ്യാസപരമായി ഉണർന്നിട്ടില്ലാത്ത ആ കാലഘട്ടത്തിൽ അനുഭവിക്കേണ്ടിവന്ന സാമ്പത്തിക ക്ലേശങ്ങളെക്കുറിച്ച് സീതിസാഹിബ് ദീർഘമായി തന്നെ എഴുതിയിട്ടുണ്ട്. കോളജിന് അപേക്ഷ അയക്കാനുള്ള 750 ഉറുപ്പിക, മദിരാശിയിൽ ഒരു വർത്തകപ്രമാണിയായി രുന്ന എൻ.വി. അബ്ദുല്ലസാഹിബിൽ നിന്നു കടമായി വാങ്ങുകയായിരുന്നു.
കോളജ് സ്ഥാപിക്കുവാൻ ആവശ്യമായ തുക സംഭാവന ചെയ്യുവാനുള്ള ഇസ്മായിൽ സാഹിബിന്റെ ആഹ്വാനത്തിന് മുസ്ലിം സമ്പന്നരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി, കൊടിതൊടി അഹമ്മദ് കുട്ടി ഹാജി, സിദ്ദീഖ് സേട്ട് സാഹിബ്, മണപ്പാട്ട് കുഞ്ഞി മുഹ മ്മദ് ഹാജി, വി.എം.മുഹമ്മദ് ഹാജി, ചാക്കിരി ബിച്ചാത്തുട്ടി തുടങ്ങിയവർ തങ്ങളുടെ ഭൂസ്വത്തിൽ നിന്നുള്ള വിഹിതം കോളജിനു നൽകുകയുണ്ടായി. ഒട്ടേറെ സമ്പന്നർ സംഭാവനയായി പണം നൽകി. ദീർഘവീക്ഷണവും സമുദായത്തിന്റെ ഉന്നതിയും സ്വപ്നം കണ്ട നേതാക്കളോടൊപ്പം ഉദാരശീലരായ ധനാഢ്യർ കൈകോർക്കുകയായിരുന്നു. ഫാറൂഖ് കോളജിന്റെ പ്രഥമ മാനേജിംഗ് കമ്മിറ്റിയിൽ ഈയൊരു ഒത്തൊരുമ പ്രകടമായി തന്നെ കാണാനാവും:
ഖാൻ ബഹാദൂർ വി.കെ ഉണ്ണിക്കമ്മു സാഹിബ് (പ്രസിഡന്റ് ), ഖാൻ ബഹാദൂർ പി.എം ആറ്റക്കോയ തങ്ങൾ (വൈസ് പ്രസിഡന്റ് ), കെ.എം സീതി സാഹിബ് (സെക്രട്ടറി), പി.ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി (ജോയന്റ് സെക്രട്ടറി), കെ.ഇസ്മാഈൽ സാഹിബ് (ട്രഷറർ), എ.കെ.ഖാദർകുട്ടി സാഹിബ്, മൗലവി അബുസ്സബാഹ്, ഡോ: എം. അബ്ദുൽ ഹഖ്, പ്രൊഫ: സി.എം.സയ്യിദ് മുഹിയിദ്ദീൻ ഷാ (അംഗങ്ങൾ) ഇവരായിരുന്നു പ്രഥമ കമ്മിറ്റി ഭാരവാഹികൾ.
കമ്മിറ്റി അംഗങ്ങളും മറ്റും ചേർന്ന് ഫാറൂഖ് കോളജ് എന്ന മഹത്തായ സ്വപ്നസാക്ഷാത്കാരത്തിനായി നിതാന്ത പരിശ്രമങ്ങൾ നടത്തി.
ഏറെ വൈകാതെ യൂനിവേഴ്സിറ്റി നിയോഗിച്ച കമ്മീഷൻ കോളജ് സന്ദർശിക്കുകയും അഫിലിയേഷന് വേണ്ടിയുള്ള അപേക്ഷ പഠിക്കുകയും അനുകൂ ലമായ റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് 1948 ൽ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് കോളജിന് താൽക്കാലികമായി അഫിലിയേഷൻ നൽകി. പ്രിൻസിപ്പൽ സെയ്ദ് മൊഹിദ്ദീൻ ഷായുടെ നേതൃത്വത്തിൽ കോളജ് ക്ലാസുകൾ ഫറോക്കിൽ ഒരു സ്വകാര്യ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു. 1948 ഡിസംബർ 15ന് കോളജിന്റെ പ്രവർത്തനം ഇരുമൂളി പ്പറമ്പിൽ (ഇന്നു ഫാറൂഖ് കോളജ് നിലകൊള്ളുന്ന സ്ഥലത്തിന്റെ പഴയ പേര്) ഉയർന്നു വന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
വർത്തമാനം
1948 ൽ ഫാറൂഖ് കോളജ് ആരംഭിക്കുമ്പോൾ ആൺകുട്ടികൾ മാത്രമാണ് അഡ്മിഷൻ എടുത്തിരുന്നത്. പത്തു വർഷം വേണ്ടി വന്നു ആദ്യമായി ഒരു പെൺകുട്ടി അഡ്മിഷൻ എടുക്കുവാൻ. ഇന്നാകട്ടെ, വിദ്യാർഥികളിൽ 74 ശതമാനവും പെൺകുട്ടികളാണ്. നാലായിരത്തിലേറെ വിദ്യാർഥികളും 150ലേറെ അധ്യാപകരുമിന്ന് ഫറൂഖ് കോളജിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കാമ്പസ് എന്ന ബഹുമതി കൂടിയുണ്ട് ഫാറൂഖ് കോളജിന്. എട്ടോളം ഹോസ്റ്റലുകൾ അടങ്ങുന്നതാണ് കാമ്പസ്.
അക്കാദമിക് മികവിന്റെ കേന്ദ്രം എന്ന നിലയിലാണ് എക്കാലത്തും ഫാറൂഖ് കോളജ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. 2015ൽ അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിൽ യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ ഫാറൂഖ് കോളേജിന് സ്വയം ഭരണ പദവി നൽകുകയുണ്ടായി.
മാനവിക -ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്ന ഇരുപത്തിയൊൻപത് ഡിപ്പാർട്ടുമെന്റുകളാണ് ഫാറൂഖ് കോളജിലുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഗവേഷണ ഡിപ്പാർട്ടുമെന്റുകളുള്ള കാമ്പസാണ് ഫാറൂഖ് കോളജ് എന്ന ബഹുമതിയും ഈ കാമ്പസിനുണ്ട്. (പതിനൊന്ന് റിസർച്ച് ഡിപ്പാർട്ടുമെന്റുകൾ )
വിദ്യാഭ്യാസ മേഖല അതിവേഗം കച്ചവടവത്കരിക്കപ്പെടുകയും ലക്ഷങ്ങൾ കോഴ വാങ്ങി നിയമനങ്ങൾ നടത്തുകയും ചെയ്യുന്ന വർത്തമാനകാലത്ത്, ഫാറൂഖ് കോളജ്, ഒരുപക്ഷെ, ഏറ്റവും വ്യതിരിക്തമാകുന്നത്, വിദ്യാർഥികളുടെ അഡ്മിഷനോ അധ്യാപക നിയമനത്തിനോ മികവല്ലാതെ മറ്റു മാനദണ്ഡങ്ങൾ ഒന്നും സ്വീകരിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."