അംബേദ്കറുടെ ആമുഖം ഭരണഘടനയുടെ രഹസ്യചരിത്രം
അപരം
ദാമോദർ പ്രസാദ്
സ്വാ തന്ത്ര്യത്തിനുശേഷം എഴുപത്തിയഞ്ച് വർഷം കഴിഞ്ഞിട്ടും അപരിഹാര്യമായി തുടരുന്ന സാമൂഹ്യവൈരുധ്യങ്ങളും സമ്പന്നവർഗത്തിന്റെ അധീശത്വപ്രവണതകളും രാഷ്ട്ര സംവിധാനങ്ങളിലുള്ള ജനതയുടെ വിശ്വാസത്തെ ഉലയ്ക്കുമ്പോഴും ഇന്ത്യൻ ജനത പരമാധികാര രാഷ്ട്രമായി സ്വയം സംഘടിച്ചിരിക്കുന്നതിനു നിദാനമായിരിക്കുന്ന ഭരണഘടനയാണ് ഇപ്പോഴും പ്രത്യാശ നൽകി രാജ്യത്തെ ഒരുമിപ്പിച്ചുനിർത്തുന്നത്. ജനതയുടെ സ്വാതന്ത്ര്യബോധത്തിന്റെയും അവകാശങ്ങളുടെയും അതു കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തിന്റെയും പ്രതിപാദ്യമാകുന്നു ഭരണഘടന. ജനതയെ ഏകീകരിച്ചു നിർത്തുന്നതിൽ പ്രത്യേക കടമ നിർവഹിക്കുന്നുണ്ട് രാഷ്ട്ര സംവിധാനത്തെക്കുറിച്ചുള്ള ഈ അടിസ്ഥാന രേഖ. സമീപകാലങ്ങളിൽ നടന്ന പൗരത്വ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭ സന്ദർഭത്തിൽ പൊതുവിടങ്ങളിൽ പരമാധികാര റിപ്പബ്ലിക്കിന്റെ സാരാംശത്തിന്റെ സാന്ദ്രീകൃത പാഠമെന്ന നിലയിൽ ഭരണഘടനയുടെ ആമുഖം കൂട്ടായി വായിക്കപ്പെട്ടു. ഈ ആമുഖം ജനതയുടെ നിലനിൽപ്പിന്റെ പ്രതിരോധ കവചമായി. ‘നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ’ എന്ന് തുടങ്ങുന്ന ആമുഖം ഒരു വിശ്വാസസംഹിതയോ ദൈവകൽപിതമായ വിശുദ്ധ വചനങ്ങളോ അല്ല. ഇതൊരു ജനതയുടെ സ്വത്വാഭിലാഷത്തിന്റെ അധികാരപത്രമാണ്. ഇന്നത്തേക്കാൾ രൂക്ഷമായി സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ വൈരുധ്യങ്ങൾ നിലനിന്നിരുന്ന സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടുപിമ്പത്തെ വർഷങ്ങളിൽ കൂട്ടായ ചർച്ചകളിലൂടെ ഉരുവംകൊണ്ട ഭരണഘടനയുടെ കരടു തയാറാക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ അധ്യക്ഷൻ എല്ലാവർക്കും അറിയുന്നതുപോലെ ഡോ. അംബേദ്കറായിരുന്നു. രാജേന്ദ്ര പ്രസാദ് അധ്യക്ഷനായ ഭരണഘടനാ സഭയിൽ നടന്ന ചർച്ചയിലൂടെയാണ് ഭരണഘടനയ്ക്ക് അന്തിമ രൂപം നൽകപ്പെട്ടത്. സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ പ്രകമ്പനങ്ങൾ മാറ്റൊലികൊള്ളുന്ന ചർച്ചയാണ് ഭരണഘടന അസംബ്ലിയിൽ നടന്നത്. ഭരണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് പുതിയൊരു സ്വാതന്ത്ര്യ ബോധമായിരുന്നു.
ഈ പ്രഖ്യാതമായ ആമുഖത്തിന്റെ രചയിതാവ് ആരാണെന്ന അന്വേഷണത്തിനുള്ള ഉത്തരം ഭരണഘടനയുടെ കരടു നിർമിക്കാൻ രൂപീകരിച്ചവരുടെ സംയുക്ത സൃഷ്ടി എന്നായിരിക്കും. കൂട്ടായ ആലോചനയുടെ ഫലമാണെന്ന് നിരീക്ഷിക്കുമ്പോഴും ഈ ആമുഖത്തിൽ അംബേദ്കറുടെ താത്വികാന്വേഷണത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞു കിടക്കുന്നുണ്ട് എന്നാണ് ആകാശ് സിങ് റാത്തോർ ‘അംബേദ്കറിന്റെ ആമുഖം: ഇന്ത്യൻ ഭരണഘടനയുടെ രഹസ്യ ചരിത്രം’ (Ambedkar's Preamble: A Secret History of Constitution of India) എന്ന പുസ്തകത്തിൽ ഭരണഘടനയുടെ ആമുഖത്തിലെ ഓരോ സങ്കൽപനവും വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കുന്നത്.
ആകാശ് സിങ് റാത്തോർ പറയുന്നത് ആമുഖത്തിന്റെ രചയിതാവ് ആരാണെന്നുള്ള കാര്യം അജ്ഞാതമാണെന്നാണ്. കാരണം ഇതിനെ സംബന്ധിച്ചുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗങ്ങളുടെ മീറ്റിങ്ങിന്റെ സംഭാഷണ രേഖകളൊന്നുമില്ല. ആമുഖ രചനയെക്കുറിച്ച് നാല് വ്യത്യസ്ത ആഖ്യാനങ്ങളാണ് പ്രധാനമായുമുള്ളത്.
ജവഹർലാൽ നെഹ്റു ഭരണഘടനയുടെ കരടു നിർമാണവുമായി ബന്ധപ്പെട്ടു തയാറാക്കിയ ‘ഒബ്ജക്റ്റിവ് റെസൊല്യൂഷനാണ് ’ ആമുഖമായി പരിവർത്തനം ചെയ്തത് എന്ന വാദമുണ്ട്. ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ വ്യക്തമാക്കുന്നതായിരുന്നു നെഹ്റു അവതരിപ്പിച്ച ഈ രേഖ. ഇതിന്റെ പ്രതിഫലനം തീർച്ചയായും ആമുഖത്തിൽ കാണാം. എങ്കിലും ഇതിനേക്കാൾ മൂർത്തവും ആശയവ്യക്തതയുമുള്ളതാണ് അസംബ്ലി അംഗീകരിച്ച ഭരണഘടനയുടെ ആമുഖം എന്നുള്ള കാര്യം ആമുഖത്തിന്റെ തന്നെ വിവിധ പരിണാമ ഘട്ടങ്ങളിലെ പാഠങ്ങളിൽ നിന്ന് വ്യക്തമാകുന്നതാണ്. നെഹ്റു അവതരിപ്പിച്ച ഈ രേഖയുടെ കരട് എന്ന് പറയാവുന്നത് ജൂലൈ 22- 1946ൽ കോൺഗ്രസ് പ്രവർത്തക കമ്മിറ്റി നിയോഗിച്ച വിദഗ്ധ കമ്മിറ്റി തയാറാക്കിയ രേഖയാണ്. എന്നാൽ നെഹ്റു പ്രസ്തുത രേഖയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ആകാശ് സിങ് റാത്തോർ പുസ്തകത്തിൽ നൽകിയിട്ടുണ്ട്. നെഹ്റു അവതരിപ്പിച്ച ഈ രേഖക്കെതിരേ വിമർശനങ്ങളുണ്ടായി, ഒപ്പംതന്നെ ഭേദഗതികളും നിർദേശിക്കപ്പെട്ടു. ഡോ. അംബേദ്കറാണ് ഏറ്റവും പ്രധാനമായ വിമർശനങ്ങൾ ഉന്നയിച്ചത്. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവർത്തനം ഉറപ്പുവരുത്തണമെന്നുള്ളത് ഭരണഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ വേണമെന്നുള്ള വാദമാണ് അംബേദ്കർ ഉന്നയിച്ചത്. ഈ വിമർശനം ഉന്നയിച്ചെങ്കിലും നെഹ്റു അവതരിപ്പിച്ച രേഖയ്ക്ക് ഭരണഘടന അസംബ്ലിയുടെ പ്രാഥമിക അംഗീകാരം നൽകുന്നതിന് അംബേദ്കർ തടസ്സം നിന്നില്ല.
രണ്ടാമത്തെ ആഖ്യാനമനുസരിച്ചു ബി.എൻ റാവുവിനാണ് ആമുഖ രചനയുടെ കർത്തൃത്വം നൽകിയിരിക്കുന്നത്. ഭരണഘടനാ രചനയുടെ സൂക്ഷ്മതലങ്ങളായ ചർച്ചകൾ പരിശോധിച്ചാണ് ഇത്തരമൊരു വാദമുന്നയിക്കുന്നതെങ്കിലും ഇതിൽ നിഴലിച്ചിരിക്കുന്നത് ഡോ. അംബേദ്കർക്കെതിരേയുള്ള പക്ഷപാതിത്വമാണെന്നു ആകാശ് സിങ് റാത്തോർ നീരിക്ഷിക്കുന്നു. ബി.എൻ റാവു ഭരണഘടന കരട് നിർമാണ കമ്മിറ്റിയിൽ അംഗമല്ലായിരുന്നു. ഉപദേശകനായാണ് അദ്ദേഹത്തെ നിയോഗിച്ചിരുന്നത്. മൂന്നാമത്തെ ആഖ്യാനമനുസരിച്ചു, ഭരണഘടനയുടെ കരടുരൂപം നിർമിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ കൂട്ടുത്തരവാദിത്വമായാണ് ആമുഖം രചിക്കപ്പെട്ടത്. എന്നാൽ ഇങ്ങനെയൊരു കൂട്ടുത്തരവാദിത്വത്തിന്റെ സൃഷ്ടിയല്ല ഭരണഘടനയുടെ ആമുഖം എന്നുള്ള വസ്തുത ഈ കമ്മിറ്റിയിലെ അംഗമായ ടി.ടി കൃഷ്ണമാചാരിയുടെ വാക്കുകളിൽ വ്യക്തമാകുന്നു. അദ്ദേഹം പറയുന്നത് ആത്യന്തികമായി ഭരണഘടനയുടെ കരടു നിർമാണ ചുമതല പൂർണമായും ഡോ. അംബേദ്കറുടെ ചുമലിലായിരുന്നു എന്നാണ്.
നാലാമത്തെ ആഖ്യാനമനുസരിച്ചു ഡോ. അംബേദ്കറിനാണ് ഭരണഘടനയുടെ ആമുഖത്തിന്റെ കർത്തൃത്വം നൽകപ്പെടുന്നതും. പക്ഷേ ഈ പൊതുധാരണയിലും മുഴച്ചുനിൽക്കുന്നത് പക്ഷപാതിത്വംതന്നെ. ഇതുപ്രകാരം യാദൃച്ഛികമായാണ് (by default) അംബേദ്കറിന് കർത്തൃത്വം ലഭിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ഭരണഘടനയുടെ മുഖ്യരചയിതാവ് എന്നതിന് പകരം ശിൽപി (architect) എന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്നത്. ശിൽപി എന്ന വാക്ക് കൂടുതൽ ഉദാത്ത സ്വഭാവമുള്ളതാണെന്നുള്ള പ്രതീതി സൃഷ്ടിക്കുന്നുവെങ്കിലും ആമുഖത്തിന്റെ രചനയുടെ സൂക്ഷ്മതലങ്ങളിൽ അംബേദ്കറിയൻ തത്വസംഹിതയുടെ സവിശേഷതകൾ തെളിഞ്ഞുനിൽക്കുന്നു എന്ന വസ്തുത തിരിച്ചറിയപ്പെടാതെ പോകാൻ കാരണമാകുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലുള്ള ആറ് പ്രധാന സങ്കൽപനങ്ങളിൽ അംബേദ്കറുടെ ചരിത്രബോധവും സാമൂഹ്യ നീതിയെക്കുറിച്ചുള്ള വിചിന്തനങ്ങളും അന്തർലീനമായിരിക്കുന്നു എന്നാണ് ആറു സങ്കൽപനങ്ങളെക്കുറിച്ചുള്ള അധ്യായങ്ങളിലൂടെ ആകാശ് സിങ് റാത്തോർ വിശദീകരിക്കുന്നത്.
അംബേദ്കറൈറ്റ് ഭരണഘടന എന്ന് അനുമാനിക്കാവുന്നതിനു മറ്റൊരു പ്രധാന വാദവും ഈ പുസ്തകത്തിൽ പ്രതിപാദ്യമാകുന്നുണ്ട്. ഇത് ഗാന്ധി-അംബേദ്കർ ദർശനങ്ങളുടെ വൈരുധ്യത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ഭരണഘടനയുടെ ആമുഖത്തിലെ ‘ഇന്ത്യയിലെ ജനങ്ങളായ നമ്മൾ.’ എന്ന പ്രസ്താവ്യത്തിനു മുമ്പായി പ്രാർഥന (invocation ) സ്വഭാവമുള്ള വരികൾ വേണമെന്നുള്ള വാദം ഗാന്ധിവാദികൾ കോൺസ്റ്റിറ്റ്വുന്റ് അസംബ്ലിയിൽ ഉന്നയിച്ചിരുന്നു എന്ന് ആകാശ് സിങ് റാത്തോർ പറയുന്നു. ഷിബൻ ലാൽ സക്സേനയാണ് ഗാന്ധിനാമത്തിൽ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള നിർദേശം മുന്നോട്ട് വച്ചത്. മദൻ മോഹൻ മാളവ്യ ആവശ്യപ്പെട്ടത് ദൈവനാമത്തിലെ പ്രാർഥനയോടെ ഭരണഘടന ആരംഭിക്കണമെന്ന നിർദേശമാണ്. ഈ രണ്ടു നിർദേശങ്ങളും ഈ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്, എന്നാൽ അസംബ്ലി ഈ രണ്ടു നിർദേശങ്ങളെയും തിരസ്കരിക്കുകയായിരുന്നു. പ്രസ്താവ്യത്തിൽ തുടങ്ങി വിശദീകരണ സ്വഭാവമുള്ള വാചകങ്ങളോടെയുള്ള ആമുഖമാണ് ഭരണഘടനയ്ക്ക് ഉചിതമാവുക എന്ന തീരുമാനത്തിലേക്ക് സഭയെത്തുകയായിരുന്നു. പ്രസ്തുത വിശദീകരണഭാഗത്തിലെ ആറ് സങ്കൽപങ്ങളായ നീതി (justice), സ്വാതന്ത്ര്യം (liberty), സമത്വം (equality), സാഹോദര്യം (fraternity), അന്തസ്സ് (dignity), രാഷ്ട്രം (nation) എന്നിവയ്ക്ക് അംബേദ്കർ കൽപിച്ച അർഥതലങ്ങളെപ്പറ്റിയാണ് ഈ പുസ്തകത്തിൽ പരിചിന്തനം നടത്തുന്നത്. എന്തുകൊണ്ട് ഈ ആറു സങ്കൽപ്പങ്ങൾ? ആകാശ് സിങ് റാത്തോർ ഇതിനെക്കുറിച്ച് പറയുന്നത് ഇതാണ്: ‘ഇതിൽനിന്ന് ഭരണഘടനയുടെ ജനിതകം വേർതിരിച്ചെടുക്കാം. ഈ ആറു വാക്കുകളിലൂടെ അംബേദ്കറുടെ ആമുഖത്തിന്റെ ഡി.എൻ.എയിലേക്ക് കടക്കാം. ഇതിലൂടെ ഭരണഘടനയുടെ രചനയുടെ രഹസ്യത്തിലേക്കുള്ള വഴി തുറന്നുകിട്ടുന്നു’.
ആകാശ് സിങ് റാത്തോർ ഈ വാക്കുകളിൽ, സങ്കൽപങ്ങളിൽ ഉള്ളടങ്ങിയിട്ടുള്ള അംബേദ്കറിന്റെ നീതി സങ്കൽപത്തെ അനാവരണം ചെയ്യുന്നതോടൊപ്പം തന്നെ പ്രസ്തുത വാക്കുകൾ സങ്കൽപനങ്ങളായി പരിവർത്തിക്കപ്പെടുന്ന ഘട്ടത്തിലൂടെ കടന്നുപോകെ സങ്കൽപ രൂപീകരണത്തിന് പ്രേരകമയി ഭവിച്ച വ്യത്യസ്ത ആശയധാരകളെയും പരിചയപ്പെടുത്തുന്നു. അംബേദ്കർ-ഗാന്ധി സംവാദത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ട് ഇവർ പ്രതിനിധാനം ചെയ്ത ആശയധാരകളുടെ വീക്ഷണങ്ങൾ ഭരണഘടനയുടെ കരട് നിർമാണ വേളയിൽ ഏതൊക്കെ തലങ്ങളിൽ ചർച്ചയായെന്നും അംബേദ്കർ താൻ മുന്നോട്ടുവച്ച ആധുനിക സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ ഉറച്ചുനിന്നുകൊണ്ടു എങ്ങനെ ഗാന്ധിയൻ പ്രമാണവാദങ്ങളെ മറികടന്നതെന്നും വിശദീകരിക്കുന്നു.
ഭരണഘടനയുടെ ആമുഖത്തിലുള്ള ‘സ്വന്തന്ത്ര്യം’എന്ന വാക്കിന്റെ തത്വചിന്താപരമായ വിലയിരുത്തലിലൂടെ ആകാശ് സിങ് റാത്തോർ ഗാന്ധിയൻ ‘സ്വരാജ് ’ സങ്കൽപത്തിൽ തീർത്തും ഭിന്നമായ ‘സ്വാതന്ത്ര്യ’ സങ്കൽപം ഭരണഘടനയുടെ ഭാഗമായി അംബേദ്കർ എങ്ങനെ വിഭാവനം ചെയ്തു എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതു മാത്രമല്ല ഇന്ത്യൻ ഗ്രാമീണ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സ്വരാജ് സങ്കൽപത്തിന് ഭരണഘടനയിൽ പ്രാമുഖ്യം നൽകാനുള്ള ഗാന്ധിയന്മാരുടെയും കോൺഗ്രസ് സഭാംഗങ്ങളുടെയും ശ്രമങ്ങളെ അംബേദ്കർ പ്രതിരോധിക്കുന്നുമുണ്ട്. ഇന്ത്യൻ ഗ്രാമം ഗാന്ധിയുടെ ഉട്ടോപ്യയായിരുന്നുവെങ്കിൽ ജാതീയ അടിമത്വത്തിന്റെയും സാമൂഹിക നീതി നിഷേധത്തിന്റെയും പ്രതിലോമ ജീവിത വ്യവസ്ഥയുടെ തടങ്കൽ പാളയമായാണ് അംബേദ്കർ ഇന്ത്യൻ ഗ്രാമവ്യവസ്ഥയെ കണ്ടത്. ഗാന്ധിയൻ കാഴ്ചപ്പാടുമായുള്ള ഈ അപരിഹാര വൈരുധ്യത്തെ അംബേദ്കർ മറികടക്കുന്നത് ആധുനികവും പുരോഗമനപരവുമായ ‘സ്വാതന്ത്ര്യം’ എന്ന സങ്കൽപത്തിലൂടെയാണ്. ഇത് സ്വരാജ് എന്ന സങ്കൽപനത്തിൽ നിന്ന് തീർത്തും വേറിട്ടുനിൽക്കുന്നു. സ്വാതന്ത്ര്യ സങ്കൽപം freedom എന്ന പരിമിതമായ അർഥത്തിലല്ല, liberty എന്ന ആധുനിക വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ ആമുഖത്തിൽ അംബേദ്കർ ഉൾപ്പെടുത്തിയത് എന്ന് ആകാശ് സിങ് റാത്തോർ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ‘ലിബർട്ടി’ ഫ്രഞ്ച് വിപ്ലവം മുതലുള്ള പാശ്ചാത്യ പുരോഗമന രാഷ്ട്രീയ തത്വചിന്തയുടെ ഭാഗമായിരുന്നു. എന്നാൽ അംബേദ്കർ പാശ്ചാത്യമായ ആ ആശയം സ്വീകരിക്കവേ തന്നെ ബൗദ്ധ തത്വചിന്തയിൽ ഇതിന്റെ ആദ്യകാല അനുരണനങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു എന്നാണ് ആകാശ് സിങ് പറയുന്നത്.
ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായമായി വായനയിൽ അനുഭവപ്പെട്ടത് ‘സാഹോദര്യ’ത്തെക്കുറിച്ചുള്ള ആധ്യായമാണ്. പ്രസ്തുത അധ്യായത്തിൽ ‘fraterntiy’ എന്ന സങ്കൽപനത്തിനു ഫ്രഞ്ച് വിപ്ലവത്തിനുമപ്പുറമുള്ള ബുദ്ധമത ദർശനവുമായുള്ള ആഴത്തിലുള്ള ആഭിമുഖ്യമാണ് വിശദീകരിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിലുള്ള ആറ് പരമപ്രധാനമായ വാക്കുകളിൽ അന്തർലീനമായിരിക്കുന്ന ബൗദ്ധ സ്വാധീനത ആകാശ് സിങ് റാത്തോറിന്റെ നിർധാരണത്തിൽ തെളിയുന്നു. ഇതൊരു പ്രധാന കണ്ടെത്തലുമാണ്. പുതിയ ഉൾക്കാഴ്ച പ്രധാനം ചെയ്യുന്നതുമാണ്. ആമുഖത്തിന്റെ കർത്താവ് ആര് എന്ന അന്വേഷണത്തിലൂടെ വ്യക്തമാകുന്നത് അംബേദ്കർ എങ്ങനെയാണ് ആധുനിക ഇന്ത്യയുടെ ഭാഗധേയം രൂപപ്പെടുത്തിയതെന്ന തിരിച്ചറിവാണ്. അത്രമേൽ സൂക്ഷ്മമായ അറിവോടെയും തെളിച്ചത്തോടെയുമാണ് ഭരണഘടനയുടെ ആമുഖം ബാബ സാഹേബ് അംബേദ്കർ വളരെ നയചാതുര്യയോട ചർച്ചകളിൽ ഏർപ്പെട്ടുകൊണ്ടു തന്നെ രൂപം നൽകിയത്. ഒരു ഘട്ടത്തിൽ, അദ്ദേഹം പൊടുന്നനെ തന്റെ കൈയിൽ നിന്ന് ആമുഖത്തിന്റെ രേഖ അവതരിപ്പിക്കുകയായിരുന്നു എന്ന ആകാശ് സിങ് റാത്തോർ പറയുന്നു.
എന്നിട്ടും 1953 ആയപ്പോഴേക്കും അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് താൻ ഭരണഘടന കേവലം എഴുതിയെടുത്ത വ്യക്തി മാത്രമായിരുന്നു എന്നാണ് അംബേദ്കർ പറഞ്ഞത്. സ്വന്തം ഇച്ഛയ്ക്ക് വിരുദ്ധമായാണ് ഭരണഘടന എഴുതിയതെന്നും ഭരണഘടന കത്തിച്ചുകളയണമെങ്കിൽ അതിനായി താൽപര്യപ്പെടുന്നുവെന്നും രാജ്യസഭയിൽ നിന്ന് രാജി പ്രഖ്യാപിച്ചുകൊണ്ടു അംബേദ്കർ വ്യക്തമാക്കി. അംബേദ്കർ അവതരിപ്പിച്ച ‘ഹിന്ദു പരിഷ്കരണ ബിൽ’ നിരാകരിക്കപ്പെട്ടതിലുള്ള കടുത്ത നിരാശയായിരിക്കാം ഇതിനുള്ള കാരണമെന്ന് ആകാശ് സിങ് പറയുന്നു. എങ്കിലും പ്രധാനപ്പെട്ട കാര്യം ഭരണഘടനയുടെ ആമുഖം രചിച്ച, ഭരണഘടനയുടെ കരടുരൂപം സഭയുടെ അംഗീകാരത്തിനായി ആദ്യമായി അവതരിപ്പിച്ച അംബേദ്കർ ആധുനിക രാഷ്ട്ര സംവിധാനത്തെ വിഭാവനം ചെയ്തത് ഭരണഘടനയിലെ ഓരോ വാക്കിന്റെയും സവിശേഷ മൂല്യമെന്താണെന്നു മനസ്സിലാക്കിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമർശനങ്ങൾ ഉന്നയിച്ചത്. അങ്ങനെയുള്ള വിമർശനങ്ങൾ ഉന്നയിക്കാനും അതിൽ ഉറച്ചുനിൽക്കാനുമുള്ള ധൈഷണികവും ധാർമികവുമായ കരുത്തു വളരെ പ്രധാനമാണ്. ധൈഷണിക ദരിദ്രമായ വെറും വായാടിത്ത വിമർശനങ്ങൾ ഭരണഘടനയ്ക്കെതിരേ ഇന്ന് പലരും ഉന്നയിക്കുന്നതിലൂടെ വാസ്തവത്തിൽ സഹായിക്കുന്നത് അവകാശങ്ങളെ റദ്ദു ചെയ്യുന്ന ശ്രേണിവത്കൃതമായ പുതിയ പ്രജാസമൂഹത്തെ വിഭാവനം ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയത്തെയാണ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."