വിശപ്പ്
കവിത
ഷബീറ വള്ളിക്കാപ്പറ്റ
പാത്രത്തിൽ നിന്നകന്ന
വറ്റും തേടിയിറങ്ങി,
ആ വറ്റിൽ മറ്റാരോ
കണ്ണുവച്ചതറിയാതെ.
സ്വന്തം നിരാശയുടെ പരപ്പ്
ഇരുട്ടിലും നിഴലിച്ചുകണ്ടു.
മരിക്കുംമുമ്പ് അൽപം
രുചിയറിയണമെന്നുണ്ട്.
സമാധാനക്കേടിന്റെ
വാൾത്തലപ്പുകൾ
ആത്മഹത്യക്കു പ്രേരിപ്പിക്കാൻ
തുടങ്ങിയിരിക്കുന്നു.
വിയർപ്പുമണികൾ
കുടഞ്ഞിട്ടും ദേഹത്ത്
പറ്റിപ്പിടിച്ചു.
വിശപ്പ് മൂത്തതിൽ വയറ്
അടുപ്പ് പണിതതുകൊണ്ടാവാം
വയറിനുള്ളിൽനിന്ന്
തീ കത്തിയതും കരിഞ്ഞതും.
വെളിച്ചത്തിന്റെ
തുള്ളിപോലുമേൽക്കാത്ത
ഇരുട്ടിന്റെ നിശബ്ദതയിൽ
പൂട്ടിക്കിടക്കുന്നു, വിശപ്പിന്റെ
കൺപോളകൾ.
ആ വറ്റുമിന്ന് അന്യാധീനപ്പെട്ടു.
വയറു പുകഞ്ഞതിൽ
കാതുകളവസാനശ്വാസത്തിന്റെ
നിശബ്ദമായ ഞെരക്കം കേട്ടു.
ഹൃദയം വയറിന്റെ
പുകഞ്ഞ മണത്തിൽ
ശ്വാസംമുട്ടി മരിച്ചു.
വയറിലെ തീ അമിതമായതിൽ
വയറും തീക്കിരയായി
അന്ത്യശ്വാസം വലിച്ചു.
അന്നേരമാ വറ്റ്
മറ്റാരുടെയോ പാത്രത്തിൽ
കയറിപ്പറ്റി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."