മീ റ്റു
കഥ
പി. ഖാലിദ്
സുധീന്ദ്രൻ പട്ടണത്തിലെ ആർട്സ് കോളജിൽനിന്ന് റിട്ടയർ ചെയ്തിട്ട് മൂന്ന് മാസമായി. അന്നു മുതൽ ഇന്നലെ വരെ അയാൾക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെയായിരുന്നില്ലേല്ലാ മൂന്നു മാസം മുമ്പുള്ള സുധീന്ദ്രൻ. കോളജിൽനിന്ന് പിരിയുന്നതു വരെ അയാൾക്ക് ചെറുപ്പമായിരുന്നു. അധ്യാപന ജീവിതത്തിനൊരു അവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാത്ത വിധമായിരുന്നു ജീവിതം. കാംപസിലെ മരച്ചുവടുകളിലും ലൈബ്രറിയിലും കുട്ടികൾക്കൊപ്പം കളിതമാശകൾ പറഞ്ഞു കൂട്ടംകൂടി. ചിലപ്പോൾ അവരുമായി കലഹിച്ചു. തർക്കങ്ങളിൽ ഏർപ്പെട്ടു. സഹപ്രവർത്തകരേക്കാൾ കുട്ടികളുമായിട്ടായിരുന്നു സഹവാസം ഏറെയും. ഉത്തരാധുനിക സാഹിത്യത്തിനു ശേഷം ഇപ്പോഴത്തെ സത്യാനന്തര കാലത്തെ അടയാളപ്പെടുത്തുന്ന സൃഷ്ടികൾ എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ല. ഇത്തരം ചോദ്യങ്ങളായിരുന്നു കുട്ടികളും അയാളും തമ്മിൽ കലഹിക്കാൻ പലപ്പോഴും കാരണങ്ങളായിരുന്നത്.
ഷേക്സ്പിയർ നാടകങ്ങളെക്കുറിച്ചും വേഡ്സ് വർത്ത് കവിതകളെക്കുറിച്ചും അയാൾ ക്ലാസെടുക്കുകയായിരുന്നില്ല, നിറഞ്ഞാടുകയായിരുന്നു. കുട്ടികളും അതിൽ അലിഞ്ഞൊഴുകി. ഒ. ഹെൻറിയുടെ ചെറുകഥകളെക്കുറിച്ച് പഠിപ്പിക്കുമ്പോൾ വികാര വിവശനായി. കഥാന്ത്യം അപ്രതീക്ഷിത പര്യവസനാത്തിൽ എത്തുന്നത് ഒരേസമയം അയാളെ ആശ്ചര്യപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്തതിനാലായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നത്. ക്ലാസ് കഴിഞ്ഞാൽ കുട്ടികൾ ഓരോ സംശയവുമായി പൊതിയുമായിരുന്നു. അതിൽ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കുന്ന ഗ്രേസി അൽപം അമിതസ്വാതന്ത്ര്യം എടുക്കുന്നില്ലേ എന്നയാൾക്ക് തോന്നിയിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത സംശയങ്ങളുമായിട്ടായിരുന്നു ആ കുട്ടി പലപ്പോഴും തേടിച്ചെന്നത്. എന്തോ സുധീന്ദ്രൻ അതത്ര കാര്യമാക്കിയില്ല. അവളുടെ ബാലിശങ്ങളായ ചോദ്യങ്ങളെ അവഗണിച്ചുകൊണ്ടിരുന്നു.
കോളജിലെ കലാ സാഹിത്യ പരിപാടികളുടെ മുഖ്യസംഘാടകനായി അയാൾ മുൻനിരയിൽ തന്നെയുണ്ടാകും. കോളജ് ഡേയിൽ കുട്ടികളുടെ നാടകങ്ങളുടെ സംവിധായകനായും അണിയറയിൽ മേക്കപ്പ്മാനായും നിറയും. മാഗസിനുകളുടെ സ്റ്റാഫ് എഡിറ്റർ സ്ഥാനത്ത് അയാളുടെ പേരാണ് ഉണ്ടായിരുന്നത്.
പിരിയുന്നതിന്റെ ഒരു മാസം മുമ്പ് കോളജ് ഓഫിസിൽനിന്ന് വിരമിക്കുന്നത് സംബന്ധിച്ച അറിയിപ്പ് കിട്ടിയപ്പോൾ ശരിക്കും സ്തബ്ധനായി. ദൈവമേ തനിക്ക് പ്രായമായെന്നോ. വിശ്വസിക്കാനായില്ല. സഹപ്രവർത്തകർ ഓരോ വർഷവും പിരിഞ്ഞുപോകുമ്പോൾ അതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മനോഭാവമായിരുന്നേല്ലാ അയാൾക്കുണ്ടായിരുന്നത്.
പിരിഞ്ഞതിന് ശേഷവും വീട്ടിൽ തനിച്ചിരിക്കുമ്പോൾ സദാ സമയവും കോളജ് ദിനങ്ങൾ മൂടി. ഓരോ വർഷവും അവിടെ പുതിയ കുട്ടികൾ വരുമ്പോൾ അവരുടെ ചുറുചുറുക്കിനൊപ്പവും അവരുടെ യൗവ്വനത്തിനൊപ്പവും ചേർത്തുവച്ചതിനാലായിരുന്നു റിട്ടയറായിട്ടും ആ സത്യം ഇപ്പോഴും ഉൾക്കൊള്ളാനാകാതെ വിവശനായത്.
ഇതിനിടയിലാണ് സ്വാസ്ഥ്യം നഷ്ടപ്പെടുത്താനെന്ന വണ്ണം പത്രത്തിൽ ഓരോ ദിവസവും ഓരോരോ പീഡന പരാതികൾ വരാൻ തുടങ്ങിയത്. ആരോപണവിധേയരിൽ പലരും അറിയുന്നവരും കൂട്ടുകാരുമായിരുന്നു. ആദരവോടെ കണ്ടിരുന്ന ഡൽഹിയിലെ പ്രമുഖ മാധ്യമപ്രവർത്തകനായ ഫായിസ് അഹമ്മദ് യുവ മാധ്യമപ്രവർത്തകയുടെ പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ടത് അയാളെ തളർത്തി.
തെരുവുനാടകങ്ങളിലൂടെ പ്രശസ്തനായ സെബാസ്റ്റ്യൻ പോളും ഫിലിം ഫെസ്റ്റിവലുകളിൽ അയാൾക്കൊപ്പം ഉണ്ടാകുമായിരുന്ന കിരൺ ബാബുവും, പിന്നീടയാൾ സംവിധായകനായി കഴിവ് തെളിയിക്കുകയും ചെയ്തിരുന്നു. ഇവരെല്ലാം പീഡന പരാതികളിൽ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് വിശ്വസിക്കാനായില്ല. പുറത്തെ വരാന്തയിൽ വന്നിരിക്കുമ്പോൾ ഭാര്യ പലപ്പോഴും ചോദിച്ചു. ‘എന്താ ഒരു വല്ലായ്ക പോലെ’. ഒന്നുമില്ലെന്ന് പറഞ്ഞു ഭാര്യയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഉറക്കമില്ലാത്ത രാവുകളും പേടിപ്പിക്കുന്ന പകലുകളുമായിരുന്നു കാത്തുവച്ചിരുന്നത്.
എത്ര പെട്ടന്നാണ് മനുഷ്യരുടെ അവസ്ഥ മാറുന്നതെന്ന് അയാൾ അത്ഭുതത്തോടെ ഓർത്തുകൊണ്ടിരുന്നു. ഉറക്കത്തിന് പകരം ഇപ്പോൾ മയക്കമാണ് ഏറെയും. കാളിങ് ബെൽ തുടർച്ചയായി ശബ്ദമുണ്ടാക്കിയത് കേട്ടാണ് മയക്കത്തിൽനിന്ന് ഉണർന്നത്. ഉറക്കച്ചടവോടെ വാതിൽ തുറന്നപ്പോൾ മുമ്പിൽ രണ്ട് പൊലിസുകാർ. ശബ്ദം കേട്ട് ഭാര്യയും പിന്നിൽ വന്നുനിന്നു. പൊലിസുകാർക്ക് അയാളെ അറിയാമായിരുന്നു. പട്ടണത്തിലെ പ്രമുഖ ആർട്സ് കോളജ് അധ്യാപകനും കലാ സാഹിത്യ സാംസ്ക്കാരിക പ്രവർത്തനങ്ങളിലെ സജീവ പ്രവർത്തകനുമായ അയാളെ പലർക്കും അറിയാമായിരുന്നുവേല്ലാ... വന്ന പൊലിസുകാരിൽ ഒരാൾ വിനയപൂർവം പറഞ്ഞു.
‘സാർ, സാറിനെതിരേ ഗ്രേസി എന്നൊരു പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. സാർ സ്റ്റേഷൻ വരെ...’
വീഴാതിരിക്കാൻ അയാൾ വാതിൽപ്പിടിയിൽ മുറുകെ പിടിച്ചു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."