തനിച്ചുവരുന്നു വിറ്റാറ ‘ഗ്രാൻഡ്’ ആയി
വീൽ
വിനീഷ്
കുട്ടികൾ സ്വന്തം കാലിൽ നിൽക്കാറായാൽ പിന്നെ അവരെ അവരുടെ വഴിക്ക് വിട്ടേക്കുക... ഈ വാചകം വെറുതെ ഒന്ന് ഓർമിച്ചുപോയത് കഴിഞ്ഞ ദിവസം മാരുതി ഇന്ത്യയിലെ അവരുടെ ആദ്യത്തെ സ്ട്രോങ് ഹൈബ്രിഡ് എസ്.യു.വി ആയ ഗ്രാൻഡ് വിറ്റാറ പുറത്തിറക്കിയപ്പോഴായിരുന്നു. കാരണം ഇതുവരെ ഒന്നിച്ചുണ്ടായിരുന്ന വിറ്റാറ ബ്രെസ എന്ന പേര് ഇനി വ്യത്യസ്ത മോഡലുകളായാണ് ഇന്ത്യൻ നിരത്തുകളിൽ കാണുക. നേരത്തെ പുതിയ മോഡൽ ബ്രെസ പുറത്തിറക്കിയപ്പോൾ ഒപ്പമുണ്ടായിരുന്ന വിറ്റാറ എന്ന ഏച്ചുകെട്ട് മാരുതി എടുത്തുകളഞ്ഞിരുന്നു. അതിനൊരു കാരണവുമുണ്ട്. 2016ൽ ആദ്യമായി കോംപാക്റ്റ് എസ്.യു.വി മേഖലയിലേക്ക് ബ്രെസയുമായി കാലെടുത്തുവച്ച മാരുതി, ഒരു ധൈര്യത്തിന് ആഗോള വിപണിയിൽ ഏറെ പ്രശസ്തമായ സുസുകിയുടെ വിറ്റാറ എന്ന എസ്.യു.വിയുടെ പേര് ഒപ്പം ചേർക്കുകയായിരുന്നു. അതായത് ബ്രാൻഡ് ബിൽഡിങ്. ഇന്ന് ബ്രെസ എന്ന ബ്രാൻഡ് ഏറെ ജനപ്രീതി നേടിയതോടെ കൂടെയുണ്ടായിരുന്ന വിറ്റാറ എന്ന താങ്ങുകാൽ മാരുതി പതുക്കെ പിൻവലിച്ചു എന്ന് മാത്രം.
അഞ്ചാം തലമുറയിൽപ്പെട്ട പുതിയ മാരുതി സുസുകി ഗ്രാൻഡ് വിറ്റാറ ആഴ്ചകൾക്കുള്ളിൽ ഇന്ത്യൻ നിരത്തുകളിൽ എത്തും. ടെയോട്ടയുമായി സഹകരിച്ചാണ് മാരുതി പുതിയ മോഡൽ പുറത്തിറക്കുന്നത്. കർണാടകയിലെ ടെയോട്ടയുടെ പ്ലാന്റിലാണ് നിർമാണവും. അതായത് ടെയോട്ടയുടെ ഹൈറൈഡറും സുസുകി ഗ്രാൻഡ് വിറ്റാറയും ഒരേ പ്ലാന്റിൽ നിന്നാണെന്ന് സാരം. സുസുകി വിറ്റാറ എന്ന എസ്.യു.വി 80 കളുടെ അവസാനം മുതൽ ആഗോള വിപണിയിലെ സാന്നിധ്യമാണ്. രണ്ടും മൂന്നും തലമുറയിൽപ്പെട്ടവ ഗ്രാൻഡ് വിറ്റാറ എന്ന പേരിൽ വർഷങ്ങൾക്ക് മുമ്പ് മാരുതി ഇന്ത്യയിൽ വിറ്റിരുന്നു. എന്നാൽ അതെല്ലാം മുഴുവനായി ഇറക്കുമതി ചെയ്തതായിരുന്നു. ഇപ്പോഴെത്തുന്ന അഞ്ചാം തലമുറ വിറ്റാറ സുസുകിയുടെ ഗ്ലോബൽ സി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
സ്ട്രോങ് ഹൈബ്രിഡ് എന്ന് പുതിയ ഗ്രാൻഡ് വിറ്റാറയെ വിളിക്കാൻ കാരണം പെട്രോൾ - ഇലക്ട്രിക് കോംബിനേഷനിലാണ് ഈ വാഹനം ഓടുന്നതെന്നതാണ്. 92 എച്ച്.പി കരുത്തുള്ള ടൊയോട്ട എൻജിനൊപ്പം 79 എച്ച്.പിയുടെ ഇലക്ട്രിക് മോട്ടോറും ഇതിലുണ്ട്. ഓട്ടോമാറ്റിക് ഗിയർബോക്സുമായി എത്തുന്ന ഈ പെട്രോൾ - ഇലക്ട്രിക് ഹൈബ്രിഡ് എൻജിന്റെ ടോട്ടൽ പവർ ഔട്ട്പുട്ട് 114 എച്ച്.പിയാണ്. കൂടാതെ കൊതിപ്പിക്കുന്ന 27.97 കി.മീ മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ട്.
മാരുതിയുടെ തന്നെ 103 എച്ച്.പി കരുത്തുള്ള കെ-15 സി എൻജിനുമായി മറ്റൊരു മോഡലും എത്തുന്നുണ്ട്. ഈ മോഡൽ വിറ്റാറയിൽ സുസുകിയുടെ ഓൾ വീൽ ഡ്രൈവ് മോഡായ ഓൾ ഗ്രിപ്പുമുണ്ട്. 21.11 കി.മീ മാന്വലിനും 20.58 കി.മീ ഓട്ടോമാറ്റിക്കിനും 19.38 കി.മീ ഓൾ വീൽ ഡ്രൈവിനും മൈലേജും മാരുതി പറയുന്നുണ്ട്. രണ്ട് മോഡലുകൾക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും വില പുറത്തുവിട്ടിട്ടില്ല. ഒരുപക്ഷേ, ടെയോട്ട ഹൈറൈഡറിന്റെ വില അറിയാൻ വേണ്ടി മാരുതി കാത്തിരിക്കുന്നതാകാം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."