പുതുചരിത്രം; ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാവിലെ 10.15ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്.
രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ലിമോസിനില്‍ പാര്‍ലമെന്റിലേക്ക് ദ്രൗപദി മുര്‍മു എത്തിയത്. ഉപരാഷ്ട്രപതിയും ലോക്‌സഭാ സ്പീക്കറും സുപ്രിം കോടതി ചീഫ് ജസ്റ്റിസും ചേര്‍ന്ന് ഇരുവരെയും സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചു.
രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ഒരു വനിത ഇന്ത്യയുടെ പ്രഥമ വനിതയാകുന്നത്. സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ പ്രസിഡന്റാകും മുര്‍മുവെന്നതാണ് മറ്റൊരു സവിശേഷത.
1958 ജൂണ്‍ 20ന് സാന്താല്‍ കുടുംബത്തിലാണ് ജനനം.ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയില്‍നിന്നുള്ള ബി.ജെ.പി നേതാവാണ് ദ്രൗപദി മുര്‍മു. ഇന്ത്യയിലെ ഏറ്റവും അവികസിതമായ ഗ്രാമങ്ങളിലൊന്നാണ് മയൂര്‍ബഞ്ച്. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. 1997ല്‍ കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം.
പിന്നീട് റായ് രംഗ്പുര്‍ എന്‍.എ.സിയുടെ വൈസ് ചെയര്‍പേഴ്‌സനായി. ബി.ജെ.പി ടിക്കറ്റില്‍ 2000ത്തിലും 2009ലും രണ്ടുതവണ റായ് രംഗ്പൂര്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പിബി.ജെ.ഡി ഒഡിഷ സര്‍ക്കാരില്‍ ഗതാഗതം, വാണിജ്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2013 മുതല്‍ 2015 വരെ എസ്.ടി മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു.
2015ലാണ് ഝാര്‍ഖണ്ഡിലെ ആദ്യ വനിത ഗവര്‍ണര്‍ ആയി ദ്രൗപതി മുര്‍മു ചുമതലയേറ്റത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിതയുമാണ് മുര്‍മു. ഗവര്‍ണറായിരിക്കെ, റോഡുകളുടെ വികസനത്തിനും മറ്റുമായി അവര്‍ അക്ഷീണം പ്രയത്‌നിച്ചു. ഈ 64കാരിയുടെ പേര് 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉയര്‍ന്നുകേട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."