മഹല്ല് സോഫ്റ്റ്‌വെയർ പരസ്യത്തിൽ വഞ്ചിതരാകരുത്: എസ്.എം.എഫ്
ചേളാരി • മഹല്ല് ഡിജിറ്റൽ പ്രൊജക്ട് എന്ന പേരിൽ കഴിഞ്ഞദിവസം 'സുപ്രഭാതം' പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പരസ്യവുമായി സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷനോ അനുബന്ധ സംവിധാനങ്ങൾക്കോ ഒരു ബന്ധവുമില്ലെന്നും സമസ്തയുടെ ശക്തമായ മഹല്ല് സംവിധാനത്തെ കുതന്ത്രങ്ങളിലൂടെ വിഘടിത വിഭാഗത്തിലേക്ക് മാറ്റാനുള്ള വഞ്ചനാപരമായ നീക്കങ്ങൾ മഹല്ല് ജമാഅത്തുകൾ തിരിച്ചറിയണമെന്നും എസ്.എം.എഫ് സംസ്ഥാന സെക്രട്ടറിമാർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.
പ്രതിസന്ധികൾ നിറഞ്ഞ വർത്തമാനകാലത്ത് മഹല്ലുകളുടെ ശാക്തീകരണത്തിനും ജാഗരണത്തിനുമായി നിരവധി പദ്ധതികളും പ്രവർത്തനങ്ങളും എസ്.എം.എഫ് വിഭാവനം ചെയ്തിട്ടുണ്ട്. ഇസ് ലാമിക് പ്രീമാരിറ്റൽ കോഴ്‌സിന്റെ വെബ് ആപ്പ് ലോഞ്ചിങ്ങും സംസ്ഥാന നേതൃസംഗമവും അടക്കമുള്ള പരിപാടികൾ ഇന്നും നാളെയുമായി വയനാട്ടിൽ നടക്കുകയാണ്. അടുത്ത മാർച്ച് 31 വരെയുള്ള കാലത്തേക്കുള്ള വിവിധ കർമപദ്ധതികൾ സംഗമത്തിൽ പ്രഖ്യാപിക്കപ്പെടും. മഹല്ല് ജമാഅത്തുകളുടെ ആസൂത്രിതവും വ്യവസ്ഥാപിതവുമായ പ്രവർത്തനങ്ങൾക്കും സമുദായത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ, ധാർമിക മേഖലകളിലെ സർവതോന്മുഖ പുരോഗതിക്കും ഏറെ സഹായകരമായ എസ്.എം.എഫ് പദ്ധതികൾ മഹല്ലുകളിൽ നടപ്പാക്കാൻ ഭാരവാഹികൾ ശ്രദ്ധിക്കണമെന്നും വളഞ്ഞവഴിയിലൂടെ മഹല്ലുകളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന ഛിദ്ര ശക്തികൾക്കെതിരേ മഹല്ല് ജമാഅത്തുകൾ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ സി.ടി അബ്ദുൽഖാദർ തൃക്കരിപ്പൂർ, ഹംസ ബിൻ ജമാൽ റംലി തൃശൂർ, പി.സി ഇബ്റാഹിം ഹാജി വയനാട്, അഞ്ചൽ ബദ്‌റുദ്ധീൻ കൊല്ലം എന്നിവർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."