ഓൺലൈൻ വലയിൽ കുട്ടികളെ കാക്കും കരുതൽ'ക്കൂട്ട്'
തിരുവനന്തപുരം •വർധിച്ചു വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ചും കുട്ടികൾകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവത്ക്കരിക്കുന്നതിനായി നടപ്പാക്കുന്ന ' കൂട്ട്' പദ്ധതിക്ക് നാളെ തുടക്കമാകും.
കേരള പൊലിസും പൊലിസ് സൈബർ ഡോമും സി.സി.എസ്.ഇ, ദേശീയ എൻ.ജി ഒ സംഘടനയായ ബച്ച്പൻ ബച്ചാവോ ആന്ദോളൻ, ചൈൽഡ്‌ലൈൻ, മെറ്റാ (ഫെയ്‌സ്ബുക്ക്), ഇൻകെർ റോബോട്ടിക്‌സ്, മക്‌ലാബ്‌സ്, ഐ.എം.എ, ബോധിനി എന്നീ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം നാളെ രാവിലെ കോട്ടൺഹിൽ സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.കൊവിഡിനെ തുടർന്ന് ഓൺലൈൻ അതിപ്രസരത്തിൽ കുട്ടികൾക്കു നേരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. അപക്വമായ ഇത്തരം ഇന്റെർനെറ്റ് ഉപയോഗത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളാണ്. സ്‌കൂൾ തലത്തിൽ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചെടുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ സെമിനാർ, വർക്ക്‌ഷോപ്പുകൾ, ഹാൻഡ്‌ഹെൽഡ് ട്രെയിനിംഗ് മുതലായവ ഉൾപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."