തമിഴ്നാട്ടിൽ നിന്നുള്ള ഹാജിമാരുടെ ആദ്യസംഘം എത്തി 14 വിമാനങ്ങളിലായി ഇതുവരെ മടങ്ങിയെത്തിയത് 5266 തീർഥാടകർ
നെടുമ്പാശ്ശേരി • തമിഴ്നാട്ടിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തി.
ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്ര തിരിച്ചിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഹാജിമാരിൽ 365 പേരാണ് ഇന്നലെ വൈകീട്ട് 3.30 ന് എത്തിയ സഊദി എയർലൈൻസ് വിമാനത്തിൽ മടങ്ങിയെത്തിയത്. തമിഴ്നാട് ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി ജിൻജി കെ.എസ് മസ്താൻ, തമിഴ്നാട് ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് സെൽ ഓഫീസർ എസ്. നജീബ്, അസൈൻ, സി.എം അസ്കർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.
തമിഴ്നാട്ടിൽ നിന്ന് 1672 തീർഥാടകരാണ് യാത്രയായിരുന്നത്. ബാക്കിയുള്ളവർ ഇന്നും നാളെയുമായി എത്തിച്ചേരും. കേരളം, തമിഴ്നാട്, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴി യാത്ര തിരിച്ചിരുന്നത്. ഇതിൽ ലക്ഷദ്വീപിൽ നിന്നുള്ള 143 പേരും കഴിഞ്ഞ ദിവസം മടങ്ങിയെത്തിയിരുന്നു.
പുതുച്ചേരിയിൽ നിന്നുള്ള 43 പേരും ആൻഡമാനിൽ നിന്നുള്ള 102 പേരും അടുത്ത ദിവസം എത്തിച്ചേരും. 14 വിമാനങ്ങളിലായി 5266 പേരാണ് ഇതുവരെ മടങ്ങിയെത്തിയത്.
കേരളത്തിൽ നിന്നുള്ള 5766 പേർ ഉൾപ്പെടെ ആകെ 7727 പേരാണ് ഈ വർഷത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കാൻ നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയന്റിൽ നിന്ന് യാത്രയായിരുന്നത്. ഓഗസ്റ്റ് ഒന്നിനാണ് അവസാന സംഘം ഹാജിമാർ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."