ചിന്തൻ ശിബിര ചിന്തകൾ
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
2019 ഏപ്രിൽ ഒമ്പതാം തീയതിയായിരുന്നു കെ.എം മാണിയുടെ നിര്യാണം. കുറേക്കാലം ചികിത്സയിലായിരുന്നതിനു ശേഷമായിരുന്നു അന്ത്യം. മരണത്തിന് നാലു ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ മാണിയെ സന്ദർശിച്ചു. അദ്ദേഹം ചികിത്സയിലായിരുന്ന എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു സന്ദർശനം. വളരെ ക്ഷീണിതനും ദുർബലനുമായിരുന്നു കെ.എം മാണി. പുറത്തിറങ്ങിയ മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ലാത്ത ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി. മാണിക്കുശേഷം യു.ഡി.എഫ് നേതൃത്വം കേരളാ കോൺഗ്രസ് നേതൃത്വത്തിൽ ഇടപെടാൻ സാധ്യതയേറെയാണെന്നു പിണറായി സുഹൃത്തിനു സൂചന നൽകി. പ്രശ്‌നം ഗുരുതരമായാൽ സഹായത്തിനും സംരക്ഷണത്തിനും തങ്ങളുടെ വാതിൽ തുറന്നിട്ടിരിക്കുമെന്നൊരു സൂചനയും മുഖ്യമന്ത്രി നൽകി. സുഹൃത്ത് ആ സന്ദേശം മാണിയുടെ മകൻ ജോസ് കെ. മാണിക്കു കൈമാറി.
2017ൽ കേരള കോൺഗ്രസ് മാണി വിഭാഗം പത്തനംതിട്ട ജില്ലയിലെ ചരൽക്കുന്നിൽ സംഘടിപ്പിച്ച നേതൃയോഗം പാർട്ടി മുന്നണി വിടണമെന്ന തീരുമാനത്തിലാണെത്തിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാണിയോടു കാണിച്ച അനീതിക്കെതിരായ തീരുമാനം. മാണിക്കെതിരേ ബാർ കോഴക്കേസ് കത്തിപ്പുകയുന്ന സമയമായിരുന്നു അത്. ഒക്കെയും രമേശ് ചെന്നിത്തല ഉണ്ടാക്കിയതാണെന്നായിരുന്നു മാണി വിഭാഗം നേതാക്കൾ കണക്കാക്കിയത്. ഉമ്മൻ ചാണ്ടി, എം.എം ഹസൻ, സി.പി ജോൺ എന്നിങ്ങനെയുള്ള നേതാക്കൾ പാലായിലെത്തി മാണിയെ കണ്ടു സംസാരിച്ചതിനെത്തുടർന്നാണ് സംഘർഷം അയഞ്ഞത്. മാണി വിഭാഗം തിരികെ യു.ഡി.എഫിൽ ചേരാനും തീരുമാനമായി. ആ സമയത്ത് പ്രൊഫ. പി.ജെ കുര്യൻ ഒഴിഞ്ഞ രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്കു കൊടുത്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മറ്റൊരു കളിയും കളിച്ചു.
കെ.എം മാണിയുടെ കേരളാ കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്നേ കണ്ണുവച്ചിരുന്നു? 2016ൽ ഇടതുപക്ഷ മുന്നണിയുടെ നേതാവായ പിണറായി വിജയൻ മുഖ്യമന്ത്രി പദമേൽക്കുമ്പോൾത്തന്നെ അഞ്ചുവർഷം കഴിയുമ്പോൾ ഒരു ഭരണത്തുടർച്ചയും അദ്ദേഹം കണക്കാക്കിവച്ചിരുന്നുവോ? നിലവിലുള്ള മുന്നണി ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനുമുള്ള വഴികൾ അദ്ദേഹം തേടിയിരുന്നുവോ? സ്വന്തം പാർട്ടിയിൽ വർഷങ്ങളായി നിലനിന്നിരുന്ന വിഭാഗീയ ചിന്ത തരിപോലുമില്ലാതെ പൂർണമായി തീർത്ത പിണറായി വിജയൻ ഭരണത്തോടൊപ്പം സമർഥമായ രാഷ്ട്രീയ നീക്കങ്ങൾക്കും സമയം കണ്ടിരുന്നുവോ?
ശത്രുപക്ഷത്ത് ഇങ്ങനെയൊരു നീക്കം നടക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കളാരും അറിഞ്ഞിരുന്നേയില്ല! അല്ലെങ്കിലും കേരളാ കോൺഗ്രസിനെ ആർക്കുവേണം എന്ന ചിന്തയായിരുന്നു കോൺഗ്രസ് നേതാക്കൾക്കൊക്കെയും. ബാർ കോഴയുടെ പേരിൽ കെ.എം മാണിയെ ഇടതു നേതാക്കൾ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന കാലവും. ഇടതു മുന്നണിക്ക് വേണ്ടാത്തവരല്ലേ അവർ എന്ന കണക്കു കൂട്ടൽ വേറെയും.
കോൺഗ്രസ് നേതാക്കൾക്ക് സി.പി എമ്മിലെ എം.വി രാഘവന്റെ അവസാന കാലഘട്ടം നന്നെ ഓർമയുണ്ട്. അതെ. ബദൽരേഖയുടെ കാലം. കേരളത്തിൽ ഇടതുപക്ഷത്തിന് ഇനി വളരണമെങ്കിൽ കേരളാ കോൺഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികളുടെ പിന്തുണ ആർജിക്കണമെന്നതായിരുന്നു എം.വി.ആറിന്റെയും കൂട്ടരുടെയും ആവശ്യം. അതേസമയം, ശരീഅത്തിനെതിരേ ശക്തമായ നിലപാടുമായി ഇ.എം.സ് നമ്പൂതിരിപ്പാട് രംഗത്തുവരികയും ചെയ്തിരുന്ന സമയം. അന്ന് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ് ഇ.എം.എസ്. സംസ്ഥാന നേതൃത്വമാവട്ടെ, എം.വി.ആറിന്റെ നിയന്ത്രണത്തിലും. ഐക്യമുന്നണിയുടെ അടവുകളെപ്പറ്റിയും തന്ത്രങ്ങളെപ്പറ്റിയും പാർട്ടിക്കുള്ളിൽ ചർച്ച നടത്തണമെന്നായിരുന്നു എം.വി.ആർ ഉന്നയിച്ച ആവശ്യം. ഇ.എം.എസ് ആ നീക്കത്തെ നഖശിഖാന്തം എതിർത്തു. ബദൽ രേഖയിൽ പറയുന്ന ഒരു ഭാഗം ഇങ്ങനെ: '1965ൽ മുസ്‌ലിം ലീഗുമായി പരിമിതമായ ധാരണയിലെത്തിയതും 1967ൽ 'പൊതുപരിപാടി'യുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു മുന്നണി ഉണ്ടാക്കിയതും 1974ൽ അഖിലേന്ത്യാ മുസ്‌ലിംലീഗിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പങ്കാളിയാക്കിയതും 1970ൽ കേരളാ കോൺഗ്രസുമായി ഹ്രസ്വകാല ധാരണയുണ്ടാക്കിയതും എല്ലാം ശരിയായിരുന്നു. ഇതെല്ലാം തന്നെ കോൺഗ്രസ് സ്വേച്ഛാധിപത്യത്തിനെതിരായ നമ്മുടെ സമരത്തെ സഹായിക്കുന്നവയുമായിരുന്നു'- ('ഒരു ജന്മം': എം.വി രാഘവന്റെ ആത്മകഥ).
1985 നവംബർ 20 മുതൽ 24 വരെ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ വിയോജനക്കുറിപ്പ് അവതരിപ്പിക്കാൻ എം.വി.ആറും പുത്തലത്ത് നാരായണനും ഇ.കെ നായനാരും അടങ്ങുന്ന സംഘത്തിന് ഇ.എം.എസ് അംഗീകാരം നൽകി. പിന്നെ പാർട്ടിയിൽ എം.വി.ആറിനും കൂട്ടർക്കുമെതിരേ പടയൊരുക്കം. സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ. 1986 ജൂൺ 23ന് എം.വി.ആർ സി.പി. എമ്മിൽ നിന്നു പുറത്തായി. 1987ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ. അതും കേരളാ കോൺഗ്രസും അഖിലേന്ത്യാ ലീഗും ഒന്നും മുന്നണിയിലില്ലാതെ. 1991ൽ വീണ്ടും കെ. കരുണാകരൻ മന്ത്രിസഭ. എം.വി രാഘവൻ മന്ത്രി. പിന്നെ കാലമെത്ര കടന്നുപോയി. കേരളാ കോൺഗ്രസ് പല കഷ്ണങ്ങളായി വിഘടിച്ചു. ചിലതൊക്കെ ചില കാലങ്ങളിൽ ഇടതു മുന്നണിയിലേക്കും ചേക്കേറി. 1996ലെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ജനാധിപത്യ കേരളാ കോൺഗ്രസ് ജന്മമെടുത്ത് ഇടതു മുന്നണിയിലെത്തി. യു.ഡി.എഫിൽ കേരളാ കോൺഗ്രസ് മാണി-ജേക്കബ് വിഭാഗങ്ങൾ ഏറ്റുമുട്ടിക്കൊണ്ടേയിരുന്നു. അവസാനം ബെന്നി ബെഹനാന്റെ ഒരു പത്രസമ്മേളനത്തിലൂടെ മാണി വിഭാഗവും പുറത്തായി. പുറത്തായ കേരളാ കോൺഗ്രസ് മാണി വിഭാഗവും ജോസ് കെ. മാണി, എൻ. ജയരാജൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവരുൾപ്പെട്ട നേതൃത്വവും ഇടത്തേക്കു തിരിയാനാണു തീരുമാനിച്ചത്. ഇടതു നേതൃത്വം ചുവന്ന പരവതാനി വിരിച്ചുതന്നെ അവരെ ആനയിച്ചു.
അവരെ ഇടതുമുന്നണി എടുത്തോ എന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അത്ഭുതം കൂറി. ഒരു കാരണവശാലും സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ കേരളാ കോൺഗ്രസിനെ ഉൾക്കൊള്ളില്ലെന്നാണ് മുല്ലപ്പളി കരുതിയിരുന്നത്. പക്ഷേ കാനം ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. സി.പി ജോൺ മാത്രം മുന്നണിയിൽ നിർവികാരനായി നിന്നു. മാണി വിഭാഗത്തെ പുറത്താക്കിക്കൊണ്ടു നടന്ന പത്രസമ്മേളനം കണ്ടയുടനെ സി.പി ജോൺ ബെന്നി ബെഹന്നാന്റെ മുമ്പിൽ ഓടിയെത്തി. കാര്യങ്ങളുടെ ഗൗരവം ജോൺ ബെന്നി ബെഹനാനെ ധരിപ്പിച്ചു. നാലു മണിക്കൂർ തന്നാൽ താൻ കോട്ടയത്തെത്തി സംസാരിച്ച് പരിഹാരം കാണാമെന്ന് ജോൺ ഉറപ്പുകൊടുത്തു. ഉച്ച സമയം, ബെന്നി ബെഹന്നാൻ അപ്പോൾ എറണാകുളത്തേക്ക് ഒരു അത്യാവശ്യ യാത്രക്ക് തയാറെടുക്കുകയായിരുന്നു. ജോൺ ഉടനെ രമേശ് ചെന്നിത്തലയെ കണ്ടു. താൻ കണക്കു കൂട്ടിയ രീതിയിൽ കാര്യങ്ങൾ നീങ്ങുന്നില്ലെന്നു കണ്ട സി.പി ജോൺ പിൻമാറി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയായിരുന്നു അന്ന് മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആയിരുന്നു അപ്പോൾ പ്രസിഡന്റ്. ആ സ്ഥാനം തങ്ങൾക്കു വേണമെന്ന നിസാരമായൊരാവശ്യമേ ജോസഫ് ഗ്രൂപ്പ് ഉന്നയിച്ചിരുന്നുള്ളൂ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വ്യക്തിപരമായി കണ്ട് രാജിവയ്പ്പിച്ചു പ്രശ്‌നത്തിനു പരിഹാരം കാണുക എന്നതായിരുന്നു സി.പി ജോണിന്റെ തന്ത്രം. ജോൺ കോട്ടയത്തേക്കു തിരിച്ചില്ല.
ഇപ്പോഴിതാ വിട്ടുപോയ കക്ഷികളെയും വ്യക്തികളെയും ക്ഷണിച്ച് കോഴിക്കോട്ടു ചേർന്ന ചിന്തൻ ശിബിരം യു.ഡി.എഫിന്റെ വാതിലുകൾ മലർക്കെ തുറന്നിരിക്കുന്നു. 1960ൽ കോൺഗ്രസ് മുൻകൈയെടുത്താണ് പി.എസ്.പിയെയും മുസ്‌ലിം ലീഗിനെയും കൂടെ കൂട്ടി മുന്നണിയുണ്ടാക്കിയത്. പി.എസ്.പി നേതാവ് പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയുമാക്കി. 1967ൽ ഇ.എം.എസ് നമ്പൂതിരിപ്പാടും എം.എൻ ഗോവിന്ദൻ നായരുമെല്ലാം ഒത്തൊരുമിച്ച് മുസ്‌ലിം ലീഗ് ഉൾപ്പെടെ ഏഴു കക്ഷികളെ കൂട്ടി ഭരണം തിരികെപിടിച്ചു. ആ വർഷം ഒമ്പത് അംഗങ്ങളായി ചുരുങ്ങിയ കോൺഗ്രസ് നിയമസഭാകക്ഷിയുടെ നേതാവായി കെ. കരുണാകരൻ കേരള രാഷ്ട്രീയത്തിൽ ഉയർന്നു. സി.പി.ഐയെയും മുസ്‌ലിം ലീഗിനെയുമെല്ലാം കൂട്ടുപിടിച്ച് ഇ.എം.എസ്. സർക്കാരിനെ താഴെയിട്ടു കരുണാകരൻ. പിന്നെ ഒന്നിടവിട്ട ഇടവേളകളിൽ ഭരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാത്രം ഭരണം നഷ്ടപ്പെട്ട യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ ചിന്തൻ ശിബിരം വലിയ പ്രതീക്ഷയോടെ ആലോചിച്ചുറപ്പിക്കുകയാണ്. ഇടതു മുന്നണി വലതുപക്ഷ വ്യതിയാനം കാണിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. യഥാർഥ ഇടതുപക്ഷക്കാർ തങ്ങളാണെന്നു പറഞ്ഞുവയ്ക്കുക കൂടിയാണ് ചിന്തൻ ശിബിര ചർച്ചകളും ചിന്തകളും. ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് ഇനി ഏറെ ദൂരം പോകണം. കോൺഗ്രസിനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."