രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: സമഗ്രാധിപത്യത്തിന്റെ ആഘോഷം
പ്രൊഫ. റോണി കെ. ബേബി
'ഈ സർക്കാർ വിമർശിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിമർശനം ജനാധിപത്യത്തെ ശക്തിപ്പെടുത്തും'. രണ്ടാമതും അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. എന്നാൽ, ജനാധിപത്യത്തിന്റെ അന്തസത്തയായ സംവാദങ്ങളോടും വിമർശനങ്ങളോടും മോദിയും അദ്ദേഹത്തിന്റെ ഭരണകൂടവും തികഞ്ഞ അസഹിഷ്‌ണുത പുലർത്തുന്ന നിരവധി സംഭവങ്ങൾ ചൂണ്ടിക്കാണിക്കാനാവും. ഇന്ത്യയുടെ ആത്മാവും ഹൃദയവുമായ പാർലമെന്ററി ജനാധിപത്യത്തെ പടിപടിയായി കൊല്ലുകയാണ് മോദി ഭരണകൂടം ചെയ്യുന്നത്.
അട്ടിമറിക്കപ്പെടുന്ന
പാർലമെന്ററി ജനാധിപത്യം
പാർലമെന്റിൽ ചർച്ചകൾ കൂടാതെ ബില്ലുകൾ പാസാക്കുന്നതും അംഗങ്ങൾ ആവശ്യപ്പെട്ടാലും ബില്ലുകളിന്മേൽ വോട്ടെടുപ്പിന് തയാറാകാത്തതുമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാർലമെന്ററി ജനാധിപത്യത്തിന്റെ തകർച്ചയെ സൂചിപ്പിക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 370 അസ്ഥിരപ്പെടുത്തി കാശ്മിരിന്റെ സ്വയംഭരണം അട്ടിമറിച്ച ഒറ്റ ഉദാഹരണം മാത്രം മതി. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഹാജരാകുന്നത് വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ്. പാർലമെന്റ് സമ്മേളിക്കുമ്പോൾ പോലും അതിനെ നോക്കുകുത്തിയാക്കി നോട്ട് പിൻവലിക്കൽ പോലെയുള്ള പ്രഖ്യാപനങ്ങൾ പുറത്തുനടത്തി ജനാധിപത്യത്തെ അവഹേളിച്ചയാളാണ് സമൂഹമാധ്യമം വഴി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്. പാർലമെന്ററി ജനാധിപത്യത്തിൽ സംവാദങ്ങളുടെ മഹത്വത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായതിനു തൊട്ടുപിന്നാലെയാണ് കാർഷികനിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് പാർലമെന്റിൽ ചർച്ചകൂടാതെ പാസാക്കിയത്.
ചർച്ചകളല്ല അച്ചടക്കമാണ് പ്രധാനം
'ഈ സർക്കാർ വിർമശിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്നു പറയുന്ന പ്രധാനമന്ത്രിയുടെ കീഴിലാണ് വിമർശനവും പ്രതിഷേധവും ഉയർത്തുന്ന പാർലമെന്റ് അംഗങ്ങൾക്കെതിരേ വിവേചനപരമായ നടപടികൾ ഉണ്ടാകുന്നത്. സർക്കാരിനെ ജനാധിപത്യപരമായി വിമർശിക്കാനും തിരുത്താനുമുള്ള വേദിയാണ് പാർലമെന്റ്. ഇതിന് പ്രതിപക്ഷത്തെ അനുവദിക്കാത്തത് പാർലമെന്ററി ജനാധിപത്യ സംവിധാനത്തോടുള്ള അവഹേളനമാണ്. വിലക്കയറ്റം, ജി.എസ്.ടി ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ ഉയർത്തി പ്രതികരിച്ച ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നീ കോൺഗ്രസ് എം.പിമാരെ ലോക്‌സഭയിൽ നിന്നും പുറത്താക്കിയത് കഴിഞ്ഞ ദിവസമാണ്. വിലക്ക് മറികടന്ന് വിലക്കയറ്റത്തിനെതിരേ പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് നാല് എം.പിമാരെ ലോക്‌സഭയില്‍ നിന്ന് സ്പീക്കര്‍ ഓം ബിര്‍ല പുറത്താക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പാര്‍ലമെന്റിലെത്തി വിലക്കയറ്റത്തെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുറത്താക്കൽ ഉണ്ടായത്. പ്രതിപക്ഷ പ്രതിഷേധങ്ങളോടും ജനകീയ വിഷയങ്ങളോടും ഭരണപക്ഷം പുലർത്തുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ പുറത്താക്കൽ. ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ സംഭവിക്കുന്നത് എന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു. ജനകീയവിഷയങ്ങളിൽ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ പ്രതിഷേധത്തിലൂടെ പാർലമെന്റ് അംഗങ്ങൾക്ക് അവകാശം ഇല്ലെങ്കിൽ ഇവർ മറ്റ് എവിടെപ്പോയി പ്രതിഷേധിക്കും പരാതി പറയും. ഇവർ ആരും പാർലമെന്റിന്റെ ഓടുകൾ പൊളിച്ച് സഭയിൽ ഇറങ്ങി വന്നവരല്ല. ജനകീയകോടതികളിലെ ജനവിധി നേടി തെരഞ്ഞെടുക്കപ്പെട്ടുവന്നവരാണ്.
മോദി ഭരണകൂടം പാർലമെന്റിനുള്ളിൽ സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എം.പിമാരുടെ പുറത്താക്കൽ. ഇതുപോലെ നിരവധി സംഭവങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചർച്ചവേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ എം.പിമാരെ സഭയിൽ കൈയേറ്റം ചെയ്യുക മാത്രമല്ല ഏഴ് കോൺഗ്രസ് എം.പിമാരെ ഏകപക്ഷീയമായി സസ്‌പെൻഡ് ചെയ്ത സംഭവം ഉണ്ടായത് 2020 മാർച്ചിലാണ്. ലോകത്തിനു മുൻപിൽ ഇന്ത്യയെ നാണം കെടുത്തിയ ഡൽഹി കലാപത്തെക്കുറിച്ച് ചർച്ചചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കൈയൂക്കിന്റെയും സ്പീക്കറുടെയും പിന്തുണയോടെ നിശബ്ദമാക്കാനാണ് മോദി ഭരണകൂടം ശ്രമിച്ചത്. ലോകം മുഴുവൻ ഡൽഹി കലാപം ചർച്ച ചെയ്യുമ്പോൾ പാർലമെന്റിലെ ചർച്ച ഹോളി കഴിഞ്ഞിട്ടാവാം എന്ന നിലപാട് സ്വീകരിക്കുന്ന സർക്കാർ പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമിച്ചത്.
കലാപത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്രസർക്കാർ പ്രതിപക്ഷ എം.പിമാരെ വേട്ടയാടിയത്.പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിനിടയിൽ സഭാനടപടികൾ തടസപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് 12 പ്രതിപക്ഷ അംഗങ്ങളെ രാജ്യസഭയിൽനിന്ന് പുറത്താക്കിയിരുന്നു. ദലിത്-ന്യൂനപക്ഷ വിഷയങ്ങള്‍, പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ച ആറ് കോണ്‍ഗ്രസ് ലോക്‌സഭാംഗങ്ങളെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ 2017 ജൂലൈ മാസത്തിൽ സഭയിൽനിന്ന് പുറത്താക്കിയിരുന്നു. പാർലമെന്റിലെ ഈ സംഭവങ്ങൾ എല്ലാം സൂചിപ്പിക്കുന്നത് മോദി ഭരണകൂടത്തിന് പ്രധാനം പാർലമെന്റിലെ അച്ചടക്കമാണ് അല്ലാതെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സംവാദങ്ങളുടെയും വിമർശനങ്ങളുടെയും സൗന്ദര്യമായ ജനാധിപത്യമല്ല.
രാഹുൽ ഗാന്ധിയുടെ അറസ്റ്റും
ഭരണകൂട ഭീകരതയും
ഇനി പാർലമെന്റിന് പുറത്തേക്ക് വന്നാൽ ക്രൂരമായ അടിച്ചമർത്തലാണ് പ്രതിപക്ഷ എം.പിമാർക്കു നേരേ ഉണ്ടാകുന്നത്. ജനപ്രതിനിധികളാണെന്ന യാതൊരുവിധ പരിഗണനകളും ഇല്ലാതെയാണ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ വേട്ടയാടുന്നത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മൗലിക അവകാശമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലാണ് രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷയെ കേന്ദ്ര അന്വേഷണ ഏജൻസികൾ അകാരണമായി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച എം.പിമാരെ ക്രൂരമായി വേട്ടയാടി തുറുങ്കുകളിൽ അടക്കുന്നത്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം രാഹുൽ ഗാന്ധിക്കും മറ്റു എം. പിമാർക്കും ഇല്ലേ ? അറസ്റ്റു ചെയ്യാനും തുറുങ്കിലടക്കാനും രാഹുൽ ഗാന്ധി ചെയ്ത തെറ്റ് എന്താണ് ? കലാപത്തിന് ആഹ്വാനം ചെയ്‌തോ ? പൊതുമുതൽ നശിപ്പിച്ചോ ? കാരണം പോലും പറയാതെയാണ് ഡൽഹി പൊലിസ് രാഹുൽ ഗാന്ധിയേയും കോൺഗ്രസ് എം. പിമാരെയും കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴിലുള്ള ഡൽഹി പൊലിസ് കേന്ദ്ര സർക്കാരിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് തുള്ളുകയാണ്. ക്രൂരമായ രാഷ്ട്രീയ വേട്ടയാണ് രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് എം.പിമാർക്കും എതിരേയും നാഷണൽ ഹെറാൾഡ് കേസിലും നടക്കുന്നത്.
ലക്ഷ്യം പ്രതിപക്ഷമുക്ത ഭാരതം
പ്രതിപക്ഷ മുക്തഭാരതമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. കോൺഗ്രസ് മുക്തഭാരതമാണ് അവരുടെ സ്വപ്നം അടിച്ചമർത്തലുകളിലൂടെയും ക്രൂരമായ വേട്ടകളിലൂടെയും ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെയും പ്രതിപക്ഷത്തെ പൂർണമായും തുടച്ചുനീക്കി സമഗ്രാധിപത്യമാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. 2014നു ശേഷം ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ അഭാവം മുതലെടുത്തുകൊണ്ട് ലോക്പാൽ നിയമനം മോദി സർക്കാർ അഞ്ചു വർഷത്തോളം വൈകിച്ചു. അവസാനം സുപ്രീംകോടതി ഇടപെട്ടപ്പോഴാണ് അന്നത്തെ കോൺഗ്രസ് പാർലമെന്ററി കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് ഈ നിയമനം നടത്തിയത്. പ്രതിപക്ഷവും ലോക്പാലും ഭരണഘടനാ സ്ഥാപനങ്ങളും ഉൾപ്പടെ ഒരു നിയന്ത്രണ സംവിധാനങ്ങളും ബി.ജെ.പി ആഗ്രഹിക്കുന്നില്ല. സമഗ്രാധിപത്യത്തിലൂടെ അധികാരം കൈയടക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.
'രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047 ലും ബി.ജെ.പിയായിരിക്കും അധികാരത്തിൽ' എന്നാണ് ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് അവകാശപ്പെട്ടത്. ഹൈദരാബാദിൽ കഴിഞ്ഞ ദിവസം സമാപിച്ച ബി.ജെ.പി നാഷണൽ എക്സിക്യൂട്ടീവും പറഞ്ഞത് ഇതുതന്നെയാണ്. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചാൽ പിന്നീട് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് അന്ന് ബി.ജെ. പി എം.പി സാക്ഷി മഹാരാജ് പറഞ്ഞത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നെടുംതൂണുകളെയെല്ലാം മോദി ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധമായ നടപടികൾ ദുർബലപ്പെടുത്തുകയാണ്. ജനാധിപത്യമെന്നാൽ തെരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷം മാത്രമല്ല പ്രതിപക്ഷബഹുമാനം കൂടിയാണ് എന്ന യാഥാർഥ്യത്തെ മോദി സർക്കാർ മനഃപൂർവം വിസ്മരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."