പള്ളിയെ ലക്ഷ്യംവച്ച ഐ.എസ് സ്‌ഫോടന ശ്രമം തകര്‍ത്തതായി സഊദി
റിയാദ്: സഊദിയുടെ കിഴക്കന്‍ പ്രദേശമായ ശീഈകള്‍ തിങ്ങി താമസിക്കുന്ന ഖത്വീഫിന് സമീപത്തുള്ള താറൂത്ത് ദ്വീപില്‍ ഐ.എസ് ലക്ഷ്യമിട്ട സ്‌ഫോടന ശ്രമം തകര്‍ത്തതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്‌ഫോടനം ആസൂത്രണം ചെയ്ത സ്വദേശി പൗരനെയും സിറിയന്‍ പൗരനെയും അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി.
രണ്ടാഴ്ച മുന്‍പ് പ്രതികളെ പിടികൂടിയെങ്കിലും കൂടുതല്‍ അന്വേഷണം നടക്കുന്നതിനാലും പ്രതികളെ പിടികൂടേണ്ടതിനാലുമാണ് സംഭവം രഹസ്യമാക്കി വെച്ചതെന്നും വക്താവ് കൂട്ടിചേര്‍ത്തു. ആഗസ്റ്റ് അഞ്ചിന് ദ്വീപിനെ ലക്ഷ്യമിട്ട് കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഇവര്‍ പിടിയിലാവുന്നത്. ഇതിനിടെ ഒരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇവരുടെ ശരീരത്തില്‍ ഘടിപ്പിക്കാനുള്ള 7 കിലോഗ്രാം സ്‌ഫോടക വസ്തുക്കളും പിടകൂടിയിരുന്നു. അന്നേ ദിവസം രാത്രി 11 മണിക്കായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, ഖത്വീഫില്‍ പള്ളിയെ ലഷ്യം വെച്ച ചാവേറാക്രമണവും പൊലിസ് വിഫലമാക്കി. ഖത്വീഫിലെ ഉമ്മുല്‍ ഹമാം പ്രദേശത്തെ അല്‍ മുസ്തഫ ഏരിയയില്‍ ചൊവ്വാഴ്ച വൈകീട്ട് 8 മണിയോടെയാണ് ചാവേറുകളെ കണ്ടെത്തിയതെന്ന് സുരക്ഷാ വകുപ്പ് പറഞ്ഞു.
പ്രദേശത്തെ അല്‍ റസൂല്‍ അല്‍ ആദം പള്ളിയില്‍ ചാവേറാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് രണ്ട് തീവ്രവാദികള്‍ ശരീരത്തില്‍ സ്‌ഫോടന വസ്തുക്കള്‍ വെച്ചു കെട്ടുന്നതിനിടെയാണ് സുരക്ഷാ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
കൊല്ലപ്പെട്ട തീവ്രവാദി പാകിസ്ഥാന്‍ പൗരനാണെന്ന് തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടികൂടിയ രണ്ടാമനും വിദേശിയാണ്. എന്നാല്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. നേരത്തെ ഈ പ്രദേശത്ത് നിരവധി തവണ ശീഈകളെ ലക്ഷ്യം വെച്ച് പള്ളികളില്‍ ചാവേര്‍ ആക്രമണങ്ങള്‍ അരങ്ങേറുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."