പീഡന കേസില്‍ സിവിക് ചന്ദ്രന് ഒളിവില്‍ തന്നെ; അറസ്റ്റ് വൈകുന്നതിനെതിരേ പ്രതിഷേധം, 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരനായ സിവിക് ചന്ദ്രനെ ഈ മാസം 30-ാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ജസ്റ്റിസ് എസ് കൃഷ്ണ കുമാറാണ് 30-ാം തീയതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലിസിന് നിര്‍ദേശം നല്‍കിയത്.
അതേ സമയം സിവിക് ചന്ദ്രന്റെ അറസ്റ്റ് വൈകുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. എഴുത്തുകാരി സി.എസ്. ചന്ദ്രിക. അറസ്റ്റ് വൈകുന്നതിനെതിരേ രംഗത്തെത്തി. പരാതി നല്കിയ അതിജീവിത ദലിത് കുടുംബത്തില്‍ നിന്നുള്ള സ്ത്രീയാണ്. ഒട്ടേറെ കഷ്ടപ്പാടുകള്‍ക്കുള്ളില്‍ നിന്ന് സ്വന്തം പരിശ്രമം കൊണ്ട് പഠിച്ചുയര്‍ന്ന് വന്നിട്ടുള്ള വ്യക്തിയാണ്. അതിജീവിതയെ സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ബോധപൂര്‍വ്വമായ നീക്കം നടക്കുന്നതായും സി.എസ്. ചന്ദ്രിക പറഞ്ഞു.
സിവിക് ചന്ദ്രനെതിരെ പരാതിപ്പെട്ട അതിജീവിതയുടെ വാക്കുകള്‍ വിശ്വസിക്കില്ലെന്നും സി.പി.എം വിരുദ്ധനായതുകൊണ്ട് ഈ കേസ് സി.പി.എം ഗൂഡാലോചനയാണെന്ന് സംശയിക്കുന്നു എന്നും കേസ് തെളിയുന്നതുവരെ സിവിക് ചന്ദ്രനെ തള്ളിപ്പറയില്ല എന്നും ചരിത്രകാരിയായ ജെ. ദേവിക പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലിസ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ കേസെടുത്തത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ സിവിക് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സിവിക് ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും വെസ്റ്റ് ഹില്ലിലെ വീട്ടില്‍ അദ്ദേഹമില്ലെന്നും അന്വേഷണസംഘം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."