യു.എ.ഇ ഫുജൈറയില്‍ കനത്ത മഴ: രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം
ദുബൈ:യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ കനത്തു. ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യു.എ.ഇ സൈന്യം തന്നെ രംഗത്തിറങ്ങി. എമിറേറ്റിലെ പല സ്ഥലങ്ങളിലും റോഡുകളും വാദികളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ജനങ്ങളുടെ താമസ സ്ഥലങ്ങളില്‍ വെള്ളം കയറി.
ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. മറ്റ് എമിറേറ്റുകളിലെ ദുരന്ത നിവാരണ, രക്ഷാ പ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി. താമസ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആളുകളെ സൈനികര്‍ എത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴ കാരണമായി ഉണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, ദേശീയ ദുരന്ത നിവാരണ വിഭാഗം എന്നിവയുമായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."