ദ്രൗപതി മുര്‍മുവിനെ 'രാഷ്ട്രപത്‌നി'യെന്ന് വിളിച്ച് അധീര്‍ ചൗധരി; ആയുധമാക്കി ബി.ജെ.പി
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്‌നിയെന്ന് അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീര്‍ ചൗധരിക്കെതിരെ ലോകസഭയിലും രാജ്യസഭയിലും വന്‍ പ്രതിഷേധം. ഭരണഘടനാ പദവിയേയും, ദ്രൗപദി മുര്‍മുവിന്റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി.
രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ലോക്സഭ ചേര്‍ന്നപ്പോള്‍ സഭയിലും സ്മൃതി ഇറാനി പ്രശ്‌നം ഉയര്‍ത്തി. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമനും വിഷയം ഉന്നയിച്ചു.
വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പുപറയണമെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. പരാമര്‍ശം തെറ്റായി പോയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.
ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ തന്നെ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണു നടത്തുന്നതെന്നും രാഷ്ട്രപതിയെ അധിക്ഷേപിച്ചതില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
അതേസമയം, നാക്കുപിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. ഞാന്‍ ഒരു തവണ മാത്രമാണ് അപ്രകാരം പറഞ്ഞത്. രാഷ്ട്രപതിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. നാക്കുപിഴയാണെന്ന് അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നതുമാണ്. വിവാദങ്ങളില്‍നിന്ന് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതു ബിജെപിയുടെ രീതിയാണെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."